പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും കുതിച്ചുയരുന്ന വിലയില്‍ യാതൊരു മാറ്റവുമില്ലാതെ തുടരുന്നതിനിടെ അരിയുടെ വിലയും നിയന്ത്രണമില്ലാതെ വര്‍ധിച്ചിരിക്കുന്നത് ജനജീവിതം അക്ഷരാര്‍ത്ഥത്തില്‍ ദുസ്സഹമാക്കിയിരിക്കുകയാണ്. വിപണിയില്‍ ലഭ്യമായ എല്ലാത്തരം അരിയുടെയും വില ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കാരണങ്ങള്‍ എന്തുതന്നെ പറഞ്ഞാലും ഭരിക്കുന്നവരുടെ പിടിപ്പുകേടാണിത്. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കാണാന്‍ കൂട്ടാക്കാതെ കച്ചവടക്കാരോട് ചേര്‍ന്നുനിന്ന് വലിയ ചൂഷണത്തിന് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ ജനവിരുദ്ധ മനോഭാവം മുതലെടുത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും സംസ്ഥാനത്ത് വ്യാപകമാണ്. ഇക്കാര്യത്തില്‍ യാതൊരു പരിശോധനയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. ഇക്കഴിഞ്ഞ ദിവസമാണ് കടകളില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കണമെന്നും, അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ശക്തമായ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു ഒത്തുകളിയുടെ ഭാഗമാണെന്ന് കരുതേണ്ടിവരുന്ന അവസ്ഥയാണ് പൊതുവിപണിയില്‍. ഓരോ കാരണങ്ങള്‍ പറഞ്ഞ് നിത്യോപയോഗ സാധനങ്ങളുടെ വില തോന്നുന്നപോലെ വര്‍ധിപ്പിച്ച് കൊള്ളലാഭം കൊയ്യുകയാണ് വ്യാപാരികള്‍. തൊണ്ണൂറ്റി ഒന്‍പത് ശതമാനം കടകള്‍ക്കും വിലവിവരപ്പട്ടികയില്ല. ഇതിനുനേരെ സര്‍ക്കാര്‍ ഇതുവരെ ഉറക്കം നടിക്കുകയായിരുന്നു.
അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചാണ് കേരളത്തിലെ ജനങ്ങള്‍ അരിഭക്ഷണം കഴിക്കുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന ഈ അവസ്ഥയില്‍ എന്തെങ്കിലും മാറ്റം വരുത്താനോ ഈ പരാശ്രയത്വം കുറയ്ക്കാനോ ഒരു നടപടിയും കേരളം മാറിമാറി ഭരിച്ചവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആന്ധ്രയും തെലങ്കാനയും കര്‍ണാടകയുമൊക്കെ അരി തന്നില്ലെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ പട്ടിണിയിലാവും. ഇങ്ങനെ കൊണ്ടുവരുന്ന അരി സപ്ലൈകോ വഴിയും മറ്റും ശരിയായി വിതരണം ചെയ്യാന്‍ പോലും കഴിയാത്തതാണ് വിലവര്‍ധനവിന്റെ ഒരു കാരണം. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ വിതരണ സംവിധാനത്തിന്റെ തകരാറുമൂലം യഥാസമയം ജനങ്ങള്‍ക്ക് നല്കാന് കഴിയുന്നില്ല. റേഷന്‍ വിതരണ സംവിധാനം ഇടയ്ക്കിടെ തകരാറിലാവുന്നത് കേരളത്തില്‍ പതിവുരീതിയാണ്. റേഷന്കാര്ഡുവഴി വിവിധ വിഭാഗങ്ങള്‍ക്കുള്ള അരിവിഹിതം വെട്ടിക്കുറച്ചതും പൊതുവിപണിയില്‍ അരിയുടെ ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ തക്കം നോക്കി കച്ചവടക്കാര്‍ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലും മാവേലി സ്റ്റോറുകളിലുമൊക്കെ ആവശ്യക്കാര്‍ ചെല്ലുമ്പോള്‍ സ്റ്റോക്കില്ലെന്ന മറുപടി നല്കി കബളിപ്പിക്കുന്നു. ഇവിടങ്ങളിലെ അരി മറിച്ചുവില്‍ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. പരാതിപ്പെട്ടാല്‍ ചോദിക്കാനും പറയാനും ആരുമില്ല. ഭരണസ്വാധീനം ഉപയോഗിച്ച് തട്ടിപ്പുകാര്‍ ഒരു ശൃംഖലയായി പ്രവര്‍ത്തിക്കുകയാണ്. ആത്മരോഷം പ്രകടിപ്പിക്കുന്ന പരാതിക്കാര്‍ നടത്തിപ്പുകാരില്‍നിന്ന് ശാരീരിക അക്രമങ്ങള്‍ പോലും നേരിടേണ്ടിവരും. എല്ലാം സഹിച്ചു കഴിഞ്ഞുകൂടുകയാണ് ബുദ്ധി.
ഒന്നിനും വില വര്‍ധിക്കില്ല എന്ന പരസ്യ പ്രഖ്യാപനവുമായി അധികാരത്തില്‍ വന്ന സര്‍ക്കാരിനാണ് ഏഴ് വര്‍ഷമായി പിണറായി വിജയന് നേതൃത്വം നല്‍കുന്നത്. സുദീര്‍ഘമായ ഈ കാലയളവില്‍ ഒരു ഘട്ടത്തിലും വിപണിയില്‍ ഇടപെടാനോ വിലക്കയറ്റം പിടിച്ചുനിര്‍ത്താനോ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പല സാധനങ്ങള്‍ക്കും ജനങ്ങളില്‍നിന്ന് തീവില ഈടാക്കുമ്പോഴും അത് എന്തുകൊണ്ടാണെന്ന് പറയാന്‍പോലും കച്ചവടക്കാര്‍ തയ്യാറല്ല. ഏകപക്ഷീയമായി വില വര്‍ധിപ്പിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ഒത്താശ ലഭിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു അതിക്രമം ജനങ്ങള്‍ക്ക് സഹിക്കേണ്ടിവരുന്നത്. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടിയ നിരക്കായിരുന്നു കേരളത്തില്‍. അപ്പോഴും കേന്ദ്രസര്‍ക്കാരിനെ പഴിപറഞ്ഞ് രക്ഷപ്പെടുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. ഇന്ധനവില വര്‍ധനവാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു കാരണമെന്ന് പറഞ്ഞവര്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചപ്പോള്‍ അതിനനുസരിച്ച് കുറവു വരുത്താതെ ജനങ്ങളെ ബുദ്ധിമുട്ടിച്ചു. വിലക്കയറ്റം തടയാന്‍ 2000 കോടി രൂപ നീക്കിവയ്ക്കുകയാണെന്ന് നടപ്പു സാമ്പത്തികവര്‍ഷത്തെ ബജറ്റിലും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചതാണ്. ഇതിനുശേഷം ഒന്നിന്റെയും വില കുറഞ്ഞില്ല എന്നതാണ് ഒരു വിരോധാഭാസം. ഈ ജനവിരുദ്ധ സമീപനമാണ് ഇപ്പോള്‍ അരിവില കുതിച്ചുയരാന്‍ കാരണം. ഇടതുഭരണം അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ അന്നം മുട്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: