കാസര്‍കോട്: വിളിച്ചാല്‍ വി ളിപ്പുറത്ത് ലഭിക്കേണ്ട മൊ ബൈല്‍ ഫോണുകള്‍ പരിധിക്ക് പുറത്ത്. ദുരിതം പേറി ഉപഭോക്താക്കള്‍. ജില്ലയില്‍ വിവിധ മൊബൈല്‍ കമ്പനികളുടെ ടവറുകള്‍ യഥേഷ്ടം ഉണ്ടെങ്കിലും ഫോണ്‍ ഉപയോഗിക്കാന്‍ അത്യാവശ്യ ഘട്ടങ്ങളില്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് കാര്യങ്ങളെന്നാണ് പരാതി.
ബിഎസ് എന്‍എല്‍ കണക്ഷന് ഉപയോഗിക്കുന്നവര്‍ക്ക് ജില്ലയിലെ പ്രധാന നഗരമായ കാഞ്ഞങ്ങാട് എത്തിയാല്‍ കമ്പനിയുടെ സേവനം നിശ്ചലമാകുന്ന അവസ്ഥയാണ് മിക്ക സമയങ്ങളിലും ഉണ്ടാകുന്നതെന്ന് ഉപഭോക്താക്കള്‍ പറയുന്നു.പുല്ലൂര്‍ പെരിയ പഞ്ചായതില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കേന്ദ്രസര്‍വ്വകലാശാല ഉള്‍പ്പെടെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്ന പെരിയ, കുണിയ പ്രദേശങ്ങളിലും ഇതാണ് അവസ്ഥ. ബിഎസ്എന്‍എലിന് പുറമേ എയര്‍ടെല്‍, ജിയോ, വിഐ ഉള്‍പെടെ വിവിധ കമ്പനികളുടെ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ യഥേഷ്ടം ഉണ്ടെങ്കിലും എല്ലാവരും പരിധിക്ക് പുറത്തും, ഫോണ്‍ സ്വിച്ച് ഓഫും ബിസിയുമായാണ് കാണിക്കുന്നത്.
കാഞ്ഞങ്ങാട് നഗരത്തിലെ പ്രധാന കേന്ദ്രമായ കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് ഭാഗത്തെത്തിയാലാണ് ഏറെ പ്രയാസം നേരിടുന്നത്. ഗ്രാമീണ മേഖലയായ പെരിയ ടവറിന് കീഴിലെ ഉപഭോക്താക്കളും കഴിഞ്ഞ നാല് വര്‍ഷത്തോളമായി കടുത്ത പ്രയാസമാണ് അനുഭവിക്കുന്നത്.
സിഗ്നല്‍ പ്രസരണം ചെയ്യുന്ന ഉപകരണങ്ങളില്‍ ഉണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍, കഴിഞ്ഞ നാല് വര്‍ഷമായിട്ടും ഇവര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് വിമര്‍ശനം. നിരവധി തവണ അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും ഇപ്പോഴും പ്രസരണം 2ജിയാണ്.4 ജി, 5 ജി സേവനങ്ങളും അതിവേഗ ഇന്റര്‍നെറ്റും വാഗ്ദാനം ചെയ്ത് മൊബൈല്‍ കമ്പനികള്‍ കണക്ഷന് എടുപ്പിക്കുകയും വിവിധ സ്കീമുകളില്‍ റീചാര്‍ജ് നടത്തി ധനം സമ്പാദിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഫോണ്‍ കോളുകള്‍ പോലും നേരാംവണ്ണം ലഭിക്കുന്നില്ലെന്ന പരാതികളാണ് ജില്ലയില്‍ വ്യാപകമായിട്ടുള്ളത്. വൈദ്യുതി നിലച്ചാല്‍ പാടെ നിശ്ചലമാകുന്ന ചില ടവറുകളും വിവിധ കമ്പനികളുടേതായി ജില്ലയുടെ പല ഭാഗങ്ങളിലും നിലവിലുണ്ട്.
വൈദ്യുതി നിലച്ചാല്‍ പകരം വൈദ്യുതി ലഭിക്കാന്‍ ഏര്‍പ്പെടുത്തിയ ജനറേറ്ററുകളും ബാറ്ററി സംവിധാനങ്ങളും പ്രവര്‍ത്തന രഹിതമായതാണ് ഇതിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.ഉപഭോക്താവ് മാസം തോറും ചിലവഴിക്കുന്ന പണത്തിന്റെ അന്‍പത് ശതമാനം പോലും ഫോണ്‍ ഉപയോഗം ലഭിക്കാത്ത സാഹചര്യങ്ങളും പല ഭാഗങ്ങളിലും ഉണ്ട്. കോള്‍ മുറിഞ്ഞ് പല തവണ മറുതലക്കലുള്ള ആളുമായി സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കൂടുതലായി ആളുകള്‍ക്ക് അനുഭവിക്കേണ്ടി വരുന്നത്.
ഇതിനെതിരെ ട്രായ് ഉള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങള്‍ മൊബൈല്‍ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും വര്‍ഷം ഒന്ന് പിന്നിട്ടെങ്കിലും യാതൊരു നടപടികളും കമ്പനികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: