കൊച്ചി: പോലീസ് സംരക്ഷണം നല്‍കണമെന്ന് ഉത്തരവുണ്ടായിട്ടും കോട്ടയം തിരുവാര്‍പ്പ് സ്വദേശിയായ ബസുടമ രാജ്മോഹനു മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസില്‍ കോട്ടയം ജില്ല മോട്ടോര്‍ മെക്കാനിക്ക് വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) നേതാവ് കെ.ആര്. അജയ് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസ് വീണ്ടും പരിഗണിക്കുന്ന ആഗസ്ത് രണ്ടിനു ഹാജരാകണമെന്നാണ് ജസ്റ്റിസ് എന്‍. നഗരേഷ് ഉത്തരവിട്ടത്. നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് കോട്ടയം എസ്പി കാര്‍ത്തിക്, കുമരകം സിഐ ബിന്‍സ് ജോസഫ് എന്നിവരെ ഒഴിവാക്കി.
ബസ് സര്‍വീസുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്നാണ് ഉടമ രാജ്മോഹന്‍ ഒരുമാസത്തേക്ക് സംരക്ഷണം നല്കാന് ജൂണ്‍ 23 നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവു നിലനില്‍ക്കെ പോലീസ് നോക്കി നില്‍ക്കെ രാജ്മോഹനെ അജസ് മര്‍ദ്ദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളെത്തുടര്‍ന്നാണ് ഹൈക്കോടതി കോടതിയലക്ഷ്യത്തിനു നടപടി സ്വീകരിച്ചത്.
രാജ്മോഹനു മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണം ഏറെക്കുറേ പൂര്‍ത്തിയായെന്നും അടുത്ത തിങ്കളാഴ്ച കുറ്റപത്രം നല്‍കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന് വിശദീകരിച്ചു. പോലീസുകാര്‍ക്കു വീഴ്ച പറ്റിയോയെന്നത് അന്വേഷിക്കാന്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ അന്വേഷണം എന്തായെന്ന് ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി ആരാഞ്ഞു. രാജ്മോഹന്റ പത്തുമീറ്റര്‍ അടുത്ത് പോലീസ് ഉണ്ടായിരുന്നെന്നും ആക്രമണം അപ്രതീക്ഷിതമായിരുന്നെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. പത്തു മീറ്റര്‍ എന്നത് നല്ല അകലമാണെന്നും പോലീസ് അപ്രതീക്ഷിതമായത് പ്രതീക്ഷിക്കണ്ടേയെന്നും കോടതി ചോദിച്ചു. ഇതിനുശേഷമാണ് ഹര്‍ജിയില്‍ അജയ്നെ കക്ഷി ചേര്‍ത്ത് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: