ന്യൂദല്‍ഹി: ഇന്ത്യയിലെ വിവിധ പ്രദേശങ്ങളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന 105 കടത്തപ്പെട്ട പുരാവസ്തുക്കള്‍ അമേരിക്കയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നു. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന പ്രദേശങ്ങളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്ന 105 പുരാവസ്തുക്കള്‍ കടത്തിക്കൊണ്ടുപോയി, യുഎസില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് നന്ദി പറഞ്ഞു.
വാഷിംഗ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസിയുടെ ട്വീറ്റിന് മറുപടിയായി ആണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇത് ഓരോ ഇന്ത്യക്കാരനെയും സന്തോഷിപ്പിക്കും. ഇതിന് അമേരിക്കയോട് നന്ദിയുണ്ട്. ഈ വിലയേറിയ കലാരൂപങ്ങള്‍ക്ക് സാംസ്കാരികവും മതപരവുമായ പ്രാധാന്യമുണ്ട്. നമ്മുടെ പൈതൃകവും സമ്പന്നമായ ചരിത്രവും സംരക്ഷിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ കലാരൂപങ്ങളുടെ വീണ്ടെടുക്കല്‍ എന്നും അദേഹം ട്വീറ്റ് ചെയ്തു.
ഇന്ത്യയില്‍ നിന്നു മോഷ്ടിച്ചു കടത്തിയ 105 പുരാവസ്തുക്കള്‍ പ്രധാനമന്ത്രി നരേന്ദ മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു പിന്നാലെയാണ് തിരിച്ചു നല്കാന് നടപടി ഉണ്ടായതെന്നു വാഷിംഗ്ടണിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജീത് സിംഗ് സന്ധു പറഞ്ഞു. ഇവ ഞങ്ങള്‍ക്കു കലാവസ്തുക്കള്‍ മാത്രമല്ല, പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും മതത്തിന്റെയും ഭാഗം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കോണ്‍സലേറ്റില്‍ പുരാവസ്തുക്കള്‍ തിരിച്ചു വാങ്ങുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തരണ്‍ജീത് സിംഗ് സന്ധു.
തിങ്കളാഴ്ച തിരിച്ചു കിട്ടിയ പുരാവസ്തുക്കളില്‍ 50 എണ്ണം ഹിന്ദുക്കള്‍ക്കും ജൈനമതക്കാര്‍ക്കും മുസ്ലിംകള്ക്കും പ്രാധാന്യമുള്ളവയാണ്. ബാക്കിയുള്ളവയ്ക്കു സാംസ്കാരിക പ്രാധാന്യവും. ആരാധനാമൂര്‍ത്തികളായിരുന്ന വിഗ്രഹങ്ങളും മറ്റുമാണ് ക്ഷേത്രങ്ങളില്‍ നിന്നു കവര്‍ന്നെടുത്തത്. സുബാഷ് കപൂര്‍ എന്നയാളും സംഘവും ചേര്‍ന്നാണ് ഇതില്‍ പലതും മോഷ്ടിച്ചു കടത്തിയതിന് മന്‍ഹാട്ടന്‍ പ്രോസിക്യൂട്ടറുടെ ഓഫിസിലെ ജോര്ഡന് സ്റ്റോക്ക്ഡെയ്ല്‍ പറഞ്ഞു.
ന്യൂ യോര്‍ക്ക് മാഡിസണ്‍ അവന്യുവിലെ ആര്‍ട്ട് ഓഫ് ദ പാസ്റ്റ് ഗാലറി കേന്ദ്രീകരിച്ചാണ് കപൂര്‍ അന്താരാഷ്ട്ര സംഘം നടത്തിയിരുന്നത്. ക്ഷേത്രങ്ങളില്‍ നിന്നു കവര്‍ച്ച നടത്തിയതിനു കപൂറിനെ കഴിഞ്ഞ നവംബറില്‍ തമിഴ് നാട്ടിലെ കുംഭകോണത്തുള്ള കോടതി 10 വര്‍ഷത്തെ തടവിനു ശിക്ഷിക്കയുണ്ടായി. അയാളെ ജര്‍മനി ഇന്ത്യക്കു കൈമാറി. ന്യൂ യോര്‍ക്കില്‍ പുരാവസ്തു കള്ളക്കടത്തിനു കുറ്റവിചാരണ ചെയ്യാന്‍ അയാളെ യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മന്‍ഹാട്ടന്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് 2021ല്‍ 15 മില്യണ്‍ ഡോളര്‍ വിലവരുന്ന 248 പുരാവസ്തുക്കള്‍ ഇന്ത്യക്കു വീണ്ടെടുത്തു നല്‍കിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ 4 മില്യന്‍ ഡോളറിന്റെ 307 ഇനങ്ങളും. 2011 ലാണ് കപൂറിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചത്. ഇന്ത്യ നല്കിയ വിവരം വച്ചായിരുന്നു അത്. ഇന്ത്യ, അഫ്ഘാനിസ്ഥാന്, കംബോഡിയ, ഇന്തോനേഷ്യ, മയന്മാര്, നേപ്പാള്‍, പാക്കിസ്ഥാന്, ശ്രീലങ്ക, തായ്ലന്ഡ് എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വലിയൊരു കള്ളക്കടത്തു സംഘത്തിന്റെ നേതാവാണു കപൂര്‍. 2014 മുതല്‍ യുഎസ് മ്യുസിയങ്ങള്‍ ഇന്ത്യയില്‍ നിന്നു കടത്തിക്കൊണ്ടു വന്ന പുരാവസ്തുക്കള്‍ തിരിച്ചു കൊടുക്കാന്‍ തുടങ്ങി. ഹോണോലുലു, സാലം, ടോളെഡോ, ബിര്‍മിംഗാം, ഗെയിന്സ്വില് എന്നിവിടങ്ങളിലെ മ്യുസിയങ്ങള്‍ അതില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: