ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രമേയം ദേശീയ ജനാധിപത്യ സഖ്യം എന്‍ഡിഎ പാസാക്കി. കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയില്‍ നടന്ന എന്‍ഡിഎ യോഗത്തില്‍ 39 പാര്‍ട്ടികളാണ് പങ്കെടുത്തത്.
ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവെന്ന നിലയില്‍, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അചഞ്ചലമായ വിശ്വാസം നരേന്ദ്രമോദിക്കുണ്ടെന്ന് പ്രമേയത്തില്‍ പറയുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി സേവ, സുശാസന്‍, ഗരീബ് കല്യാണ്‍ എന്ന വീക്ഷണം എന്‍ഡിഎ സര്‍ക്കാര്‍ സാക്ഷാത്കരിച്ചു. സദ്ഭരണത്തിന്റെയും വികസനത്തിന്റെയും ഈ യാത്രയില്‍ എല്ലാ വിഭാഗങ്ങളുടെയും പ്രദേശങ്ങളുടെയും സമുദായങ്ങളുടെയും പങ്കാളിത്തം ഉണ്ടായതായി പ്രമേയം പറയുന്നു.
പ്രതിപക്ഷത്തിന് സ്വത്വമോ പ്രസക്തിയോ ഇല്ലാത്തതിന്റെ പ്രതിസന്ധിയുണ്ട്. അവര്‍ ആശയക്കുഴപ്പത്തിലാണെന്നും ദിശാബോധമില്ലാത്തതിന്റെ പ്രശ്നമുണ്ടെന്നും പ്രമേയം പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ 2014നെ അപേക്ഷിച്ച് 2019ല്‍ എന്‍ഡിഎയ്ക്കുള്ള ജനപിന്തുണ പലമടങ്ങ് വര്‍ദ്ധിച്ചതായി പ്രമേയത്തില്‍ പറയുന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെ നുണകളും കിംവദന്തികളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും വോട്ടര്‍മാര്‍ തള്ളിക്കളയുകയാണ്. രാജ്യം എന്‍ഡിഎ സഖ്യത്തിന്റെ നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്നും പ്രമേയത്തിലുണ്ട്. എന്‍ഡിഎയുടെ ഭാഗമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രധാനമന്ത്രിയുടെ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചു. 2019ല്‍ നേടിയതിനേക്കാള്‍ വലിയ ജനവിധി 2024ല്‍ കൈവരിക്കാന്‍ കഴിയുമെന്ന വിശ്വാസം പ്രകടിപ്പിച്ചു. ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചപ്പോള്‍ എഐഎഡിഎംകെയുടെ കെ. പളനിസ്വാമിയും എജിപിയുടെ അതുല്‍ ബോറയും പിന്തുണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: