ബെംഗളൂരു: ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമായേക്കുമെന്ന് സൂചനയുമായി ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെഡിഎസ്, എന്‍ഡിഎയില്‍ ചേര്‍ന്നേക്കും. ജെഡിഎസ് പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയും ബിജെപി നേതൃത്വവും തമ്മിലുള്ള ചര്‍ച്ചയ്ക്കു ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്ന് ബൊമ്മൈ പറഞ്ഞു.
എച്ച്.ഡി. കുമാരസ്വാമി ചില വിഷയങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഭാവിയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഈ ചര്‍ച്ചകളുടെ ഫലത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ചുള്ള സൂചന ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയും നല്‍കിയിട്ടുണ്ട്. ക്ഷണം ലഭിച്ചിട്ടില്ലെന്നും അത്തരത്തില്‍ അറിയിപ്പ് ലഭിക്കുകയാണെങ്കില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും ദേവഗൗഡ വ്യക്തമാക്കി. ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ എച്ച്.ഡി. കുമാരസ്വാമിയും അറിയിച്ചു. പ്രതിപക്ഷ ഐക്യ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും പ്രതിപക്ഷ കക്ഷിയായി കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ തങ്ങളെ പരിഗണിക്കുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: