യു.പി. സന്തോഷ്
”ജീവിതം ഒരുമാതിരി പച്ചപിടിക്കാന്‍ തുടങ്ങിയ കാലത്ത് എനിക്ക് ഒരു മോഹമുണ്ടായി. എന്നെങ്കിലും നല്ല നിവൃത്തിയുണ്ടായാല്‍ ഒരു ഹോട്ടല്‍ തുടങ്ങണം. ഹോട്ടല്‍ എന്നുവച്ചാല്‍… നക്ഷത്രഹോട്ടലുകളൊന്നുമല്ല. വെറും ഒരു ചോറ്റുകട. ഊണും ടിഫിനും. അത് ഇവിടത്തെ ഏറ്റവും പാവപ്പെട്ട തൊഴിലാളികളും കൂലിക്കാരുമൊക്കെ താമസിക്കുന്ന സ്ഥലത്തായിരിക്കണം. നല്ല വൃത്തിയും രുചിയുമുള്ള… അളവിലോ ഗുണത്തിലോ ഒരു മായവും കാട്ടാത്ത… ഏറ്റവും ചുരുങ്ങിയ റേറ്റില്‍ എല്ലാം കൊടുക്കുന്ന… ഇങ്ങനെയൊരാഗ്രഹം എനിക്കുണ്ടാവാന്‍ കാരണം… മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം വിശപ്പാണെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട്…”
ടി. പത്മനാഭന്റെ ‘ഒരു സ്വപ്നം പോലെ’ എന്ന ചെറുകഥയിലെ കൃഷ്ണന്‍കുട്ടി എന്ന കഥാപാത്രത്തിന്റെ സംഭാഷണമാണിത്. കഥാകൃത്തിനോടാണ് കൃഷ്ണന്‍കുട്ടി ഇതെല്ലാം പറയുന്നത്. ഈ കൃഷ്ണന്‍കുട്ടിയാവട്ടെ വെറുമൊരു കഥാപാത്രമല്ല. യഥാര്‍ത്ഥ ജീവിതത്തില്‍ കുഞ്ഞിക്കണ്ണന് എന്നു പേരായ കഥാകൃത്തിന്റെ ഉറ്റസുഹൃത്താണ്. കഴിഞ്ഞ ഞായറാഴ്ച ജീവിതത്തോട് വിടപറഞ്ഞ എ.പി. കുഞ്ഞിക്കണ്ണന് എന്ന അസാമാന്യനായ മനുഷ്യന്.
ടി. പത്മനാഭന്റെ ഗുല്‍മുഹമ്മദ് എന്ന സമാഹാരത്തിലാണ് ‘ഒരു സ്വപ്നം പോലെ’ എന്ന ഈ കഥയുള്ളത്. മദ്രാസില്‍ പഠിക്കുന്ന കാലം തൊട്ട് അന്ത്യം വരെ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു കുഞ്ഞിക്കണ്ണന്. കുട്ടികൃഷ്ണന് എന്ന കഥാപാത്രത്തിലൂടെ കുഞ്ഞിക്കണ്ണന്റെ ജീവിതം സരളമായി ആവിഷ്കരിക്കുന്നുണ്ട് കഥാകൃത്ത്. പട്ടിണിയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടാനായി പതിനെട്ടാം വയസ്സില്‍ മദ്രാസിലെത്തി. ഹോട്ടല്‍ പണി ഉള്‍പ്പെടെയുള്ള തൊഴിലുകള്‍ ചെയ്ത് മെല്ലെ മെല്ലെ വ്യവസായിയും തോട്ടമുടമയുമെല്ലാമായിത്തീര്‍ന്ന ആളാണ് കുഞ്ഞിക്കണ്ണന്. അതിലുപരി മനുഷ്യനെയും കലയെയും പ്രകൃതിയെയും ഒരുപോലെ സ്നേഹിച്ച വ്യക്തി എന്നതാണ് ആ മനുഷ്യന്റെ പ്രസക്തിയെന്ന് വിളിച്ചോതുന്നതാണ് പത്മനാഭന്റെ കഥ.
മദ്രാസ് കേരള സമാജത്തില്‍ വച്ച് എഴുത്തുകാരനും ചിന്തകനും എം.എന്‍. റോയിയുടെ അനുയായിയും സുഹൃത്തുമായ എം. ഗോവിന്ദനെ പരിചയപ്പെട്ടത് എ.പി. കുഞ്ഞിക്കണ്ണന്റെ ജീവിതത്തിലെ വഴിത്തിരിവായി. മലയാളത്തിലെ ടി. പത്മനാഭനുള്‍പ്പെടെയുള്ള എഴുത്തുകാരുമായി അദ്ദേഹം സൗഹൃദം സ്ഥാപിക്കുന്നത് അങ്ങനെയാണ്. കുഞ്ഞിക്കണ്ണനും ഒരു റോയിയിസ്റ്റായിരുന്നു.
കൃഷ്ണന്‍കുട്ടിയുടെ അതിവിശാലമായ കൃഷിയിടത്തില്‍ നിന്ന് അദ്ദേഹത്തോടൊപ്പം മടങ്ങുന്ന സന്ദര്‍ഭത്തിലാണ് ‘ഒരു സ്വപ്നം പോലെ’ എന്ന കഥ ടി. പത്മനാഭന് തുടങ്ങുന്നത്. ഈ കൃഷിയിടവും അവിടെ പലതരം മാങ്ങകള്‍ വിളയുന്ന മാന്തോപ്പും കൃഷ്ണന്‍കുട്ടിയുടെ സ്വപ്നമായിരുന്നു. ആ സ്വപ്നത്തെയും അതിന്റെ സാക്ഷാത്കാരത്തെയും കുറിച്ച് അദ്ദേഹം കഥാകാരനുമായി സംസാരിക്കുന്നുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ ഒന്നൊന്നായി പങ്കുവ്ച്ചുകൊണ്ട് കഥ വളരുന്നു. ഒടുവില്‍, നാട്ടിലെ പുഴയോരത്ത് ഒരു കലാവിദ്യാലയം പടുത്തുയര്‍ത്തണമെന്ന സ്വപ്നം കൂടി പങ്കുവെക്കുന്നിടത്ത് കഥ അവസാനിക്കുന്നു.
പിന്നീട് (1993ല്‍) മയ്യഴിപ്പുഴയുടെ തീരത്ത് എ.പി. കുഞ്ഞിക്കണ്ണന് മാനേജിംഗ് ട്രസ്റ്റിയായി മലയാള കലാഗ്രാമം ഉയര്‍ന്നു. ഡയറക്ടറായി എം.വി. ദേവനും അഡീഷണല്‍ ഡയറക്ടറായി ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും. ഈ സ്വപ്നസാക്ഷാത്കാരത്തിന് മുമ്പാണോ ശേഷമാണോ ടി. പത്മനാഭന് ഈ കഥയെഴുതിയതെന്നറിയില്ല. എന്തായാലും കഥാകൃത്ത് കൃഷ്ണന്‍കുട്ടിയെന്ന കഥാപാത്രത്തിലൂടെ വരച്ചിട്ട ആ സ്വപ്നം അതുപോലെ തന്നെയാണ് മയ്യഴിപ്പുഴയുടെ തീരത്ത് യാഥാര്‍ത്ഥ്യമായത്.
കഥയില്‍ കുട്ടികൃഷ്ണന്റെ വാക്കുകള്‍ നോക്കുക: ”… ഞാന്‍ വലിയ പഠിപ്പും പാസുമൊന്നുമില്ലാത്ത ആളാണെന്നറിയാമല്ലോ. എന്റെ മനസ്സില്‍ ഇപ്പോഴുള്ളത് ഒരു സ്കൂളാണ്. സാധാരണ മാതിരിയുള്ള സ്കൂളൊന്നുമല്ല. കലാക്ഷേത്രത്തിന്റെയൊക്കെ മാതിരിയുള്ള ഒന്ന്. നാട്ടില്‍ എവിടെയെങ്കിലും ഒരു പുഴയുടെ കരയില്‍. ശാന്തമായ ഒരു സ്ഥലത്ത്… ധാരാളം മരങ്ങളും ചെടികളുമൊക്കെയുള്ള വിശാലമായ… അവിടെ ഭംഗിയുള്ള കുറേ കെട്ടിടങ്ങളുമുണ്ടാകും. അവിടെ പാട്ടും നൃത്തവും ചിത്രം വരയലുമൊക്കെയായി കുട്ടികള്‍ സന്തോഷത്തോടെ, ചിത്രശലഭങ്ങളെ പോലെ… പാവപ്പെട്ട കുട്ടികള്‍ക്കായിരിക്കും മുന്‍ഗണന. അവരെയൊക്കെ പഠിപ്പിക്കാനായി നല്ല കഴിവിനു പുറമെ മനസ്സുമുള്ള… എല്ലാവരും കൂടി വലിയ ഗുരുകുലമായി…”
എം. ഗോവിന്ദന്റെ പവിത്രസംഘം എന്നറിയപ്പെട്ടിരുന്ന മദ്രാസിലെ കൂട്ടായ്മയിലുണ്ടായിരുന്നവരൊക്കെ അക്കാലത്തു തന്നെയോ പിന്നീടോ കലയുടെയോ എഴുത്തിന്റെയോ ചിന്തയുടെയോ ഒക്കെ രംഗത്ത് പ്രശസ്തരും അതിപ്രശസ്തരുമായവരാണ്. ഇക്കൂട്ടത്തില്‍ നിശ്ശബ്ദസാന്നിധ്യമായിരുന്നു എ.പി. കുഞ്ഞിക്കണ്ണന്. ടി. പത്മനാഭന്, എം.വി. ദേവന്, ആനന്ദ്, എ.എന്‍. നമ്പ്യാര്‍ തുടങ്ങി നിരവധി പേരാണ് ആ സംഘത്തിലുണ്ടായിരുന്നത്. പവിത്രസംഘത്തിന്റെ അവിഭാജ്യഘടകമായിരുന്നെങ്കിലും കുഞ്ഞിക്കണ്ണന് എഴുത്തുകാരനോ കലാകാരനോ ആയിരുന്നില്ല. നല്ല വായനക്കാരനും നല്ല ആസ്വാദകനുമായിരുന്നു. പുസ്തകങ്ങളെ മാത്രമല്ല, ചിത്രകലയെയും കഥകളിയെയും മറ്റ് കലാരൂപങ്ങളെയുമെല്ലാം അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തുവച്ചു. സമ്പാദിച്ചതെല്ലാം മറ്റുള്ളവര്‍ക്കായി ഹൃദയപൂര്‍വ്വം സമര്‍പ്പിക്കുമ്പോഴും വെള്ളിവെളിച്ചത്തില്‍ പതിയാതിരിക്കാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചു. ചെന്നൈയില്‍ സ്ഥിരതാമസക്കാരനായ അദ്ദേഹം മലയാള കലാഗ്രാമത്തിലും വല്ലപ്പോഴുമേ എത്താറുള്ളു.
1993 ഡിസംബറില്‍ മലയാള കലാഗ്രാമത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് എ.പി. കുഞ്ഞിക്കണ്ണനെ ആദ്യമായി കാണുന്നത്. ഡോ. ടി.പി. സുകുമാരനൊപ്പമാണ് ഞാന്‍ ആ ചടങ്ങിന് പോയത്. സുകുമാര്‍ അഴീക്കോടായിരുന്നു ഉദ്ഘാടകന്‍. എം.വി. ദേവനും ടി. പത്മനാഭനുള്‍പ്പെടെയുള്ളവരൊക്കെ അന്നവിടെയുണ്ടായിരുന്നു. സുകുമാരന്‍ മാഷാണ് എ.പി. കുഞ്ഞിക്കണ്ണന് എന്ന പ്രതിഭാസത്തെ പറ്റി പറഞ്ഞുതന്നത്. പിന്നീട് ഒരിക്കലേ അദ്ദേഹത്തെ കണ്ടുള്ളു. എന്റെ ഒരു സുഹൃത്തിന്റെ വിവാഹത്തിന്. വധുവിന്റെ കാരണവരുടെ സ്ഥാനത്തായിരുന്നു അന്നവിടെ അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: