തിരൂര്‍ ദിനേശ്
തുഞ്ചത്തെഴുത്തച്ഛന്‍ സംന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചു. കേരളത്തില്‍ അക്കാലത്ത് ശൂദ്രന് സംന്യാസദീക്ഷ ലഭിക്കാവുന്ന സാഹചര്യമുണ്ടായിരുന്നില്ല. തമിഴ്‌നാട്ടില്‍ ചെന്നാല്‍ സംന്യാസം ലഭിക്കുകയും ചെയ്യും. മകള്‍ ചിരുതേവിയെ ശിഷ്യന്‍ സൂര്യനാരായണനെ ഏല്‍പ്പിച്ച് എഴുത്തച്ഛന്‍ തഞ്ചാവൂരിലേക്ക് പോയി. അവിടെ നിന്നും സംന്യാസം സ്വീകരിച്ച് രാമാനന്ദ സ്വാമികള്‍ എന്ന പേരോടെയാണ് എഴുത്തച്ഛന്‍ കേരളത്തിലേക്ക് മടങ്ങിയത്. മടക്കയാത്രയില്‍ അദ്ദേഹം ദുഃഖിതനായിരുന്നു. തുഞ്ചത്തെഴുത്തച്ഛന് സംന്യാസം നല്‍കിയത് ആരാണെന്നോ, ദുഃഖഹേതുവായ തഞ്ചാവൂരിലെ സംഭവം എന്തായിരുന്നുവെന്നോ അറിയാന്‍ ഇന്നോളം കഴിഞ്ഞിട്ടില്ല. ആളിയാര്‍ വഴി രാമാനന്ദ സ്വാമികള്‍ ചിറ്റൂരിലെത്തി. ചിറ്റൂര്‍ പുഴവക്കിലിലെ പാറയില്‍ ഇരുന്ന് അദ്ദേഹം ദീര്‍ഘനേരം ധ്യാന നിരതനായി. ദുഃഖമകറ്റാനാണ് ധ്യാനമിരുന്നതെന്നാണ് പണ്ഡിതര്‍ പറയുന്നത്. എഴുത്തച്ഛന്‍ ധ്യാനമിരുന്ന് ദുഃഖമകറ്റിയ പുഴ ആയതു കൊണ്ട് ചിറ്റൂര്‍ പുഴശോകനാശിനി എന്ന പേരിലും അറിയപ്പെട്ടു.
ചിറ്റൂര്‍ പുഴയും പരിസരവും തുഞ്ചത്തെഴുത്തച്ഛന് ഏറെ ഇഷ്ടപ്പെടുകയും ശേഷിച്ച കാലം അവിടെ ജീവിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്തു. ശിഷ്യന്‍ സൂര്യനാരായണനും ചിറ്റൂരിലെത്തി. എഴുവത്ത് ഗോപാലമേനോന്റെ സഹായത്തോടെ ചമ്പത്ത് മന്നാടിയാരില്‍ നിന്നും കിഴക്ക് പുളിങ്കോല്‍ തോടു മുതല്‍ പടിഞ്ഞാറ് പട്ടഞ്ചീരിപ്പാതവരേയും തെക്ക് ചിറ്റൂര്‍പുഴയുടെ വടക്കെകര തൊട്ട് വടക്ക് കൊല്ലങ്കോട് പടം വരേയുമുള്ള ഭൂമിശിഷ്യന്‍ സൂര്യനാരായണനാണ് തീരുവാങ്ങിയത്. സൂര്യനാരായണന്റെ നേതൃത്വത്തിലാണ് ചിറ്റൂരില്‍ രാമാനന്ദപുരത്തിന്റെ നിര്‍മ്മാണം നടന്നത്. ആദ്യം ശിവക്ഷേത്രവും പിന്നെ ശ്രീരാമ ക്ഷേത്രവും നിര്‍മ്മിച്ചു. ചമ്പത്തില്‍ മന്നാടിയാരുടെ വീട്ടിലും എഴുവത്തു വീട്ടിലും ആയിരം പണം വീതം പലിശയക്ക് നല്‍കിയ എഴുത്തച്ഛന്‍ പലിശ പണമായി നല്‍കേണ്ടതില്ലെന്നും ഓരോ വര്‍ഷവും 90 പറ നെല്ല് മൂന്ന് വീട്ടുകാരും ക്ഷേത്രങ്ങളില്‍ പൂജാദികള്‍ നടത്തേണ്ടതിന് നല്‍കിയാല്‍ മതിയെന്നും നിശ്ചയിച്ചു. തുടര്‍ന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് രാമാനന്ദപുരത്ത് താമസിപ്പിച്ചതും തുഞ്ചത്തെഴുത്തച്ഛന്‍ എന്ന രാമാനന്ദ സ്വാമികകളാണ്. തുഞ്ചത്തുസ്വാമിയാര് എന്ന പേരിലാണ് അറിയപ്പെട്ടത്. നാകസ്യാനൂന സൗഖ്യം എന്ന കലിദിനത്തിലാണ് തുഞ്ചത്തുസ്വാമിയാര്‍ ഈ ഗ്രാമംബ്രാഹ്മണര്‍ക്ക് ദാനം ചെയ്തത്. കൊല്ലവര്‍ഷം 725 തുലാമാസം 13നാണിത്. രാമാനന്ദാഗ്രഹാരം എന്നുകൂടി പറയുന്ന രാമാനന്ദപുരം നിര്‍മ്മിക്കാന്‍ തുഞ്ചത്തുസ്വാമിയാരെ സഹായിച്ചത് നാടുവാഴികളും പ്രദേശത്തെ പ്രമുഖരുമാണ്. തുഞ്ചത്തുസ്വാമിയാരുടെ ശിഷ്യരും ഗുരുവിനോടൊപ്പം അദ്ദേഹത്തെ സഹായിക്കാനുണ്ടായിരുന്നു. ഈ ചരിത്രത്തെ പാടെ മാറ്റിമറിയ്‌ക്കുന്ന ദുരിതമാണ് മലയാളികള്‍ ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. തുഞ്ചത്തെഴുത്തച്ഛന്റെ രക്ഷിതാവായി ഒരു ജലാലുദീന്‍ മൂപ്പന്‍ വന്നതായി ഒരു ദുഷ്പ്രചരണം നടക്കുന്ന കാര്യം നേരത്തെ പറഞ്ഞു. അതിന്റെ തുടര്‍ച്ചയായ നുണച്ചരിത്രം ഇങ്ങനെയാണ്- ‘എഴുത്തച്ഛന്‍ പഠനമൊക്കെ കഴിഞ്ഞ് പല നാട്ടിലും സഞ്ചരിച്ചു. അവിടങ്ങളിലെ പുസ്തകങ്ങള്‍ തര്‍ജ്ജമ ചെയ്തു കിട്ടുന്ന പണം ജലാലുദീന്‍ മൂപ്പന്‍, തിരൂര്‍ എന്ന മേല്‍വിലാസത്തില്‍ ആളുകളുടെ പക്കല്‍ കൊടുത്തയച്ചു. അങ്ങനെയിരിക്കെ തഞ്ചാവൂരില്‍ നിന്നും മടങ്ങിയ എഴുത്തച്ഛന് നാട്ടില്‍ കാലു കുത്താന്‍ വിലക്കുണ്ടായിരുന്നു. അദ്ദേഹം ചിറ്റൂര്‍ പുഴവക്കത്തെപാറയിലിരുന്ന് സങ്കടപ്പെടുമ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ എഴുത്തച്ഛന്റെ മുന്നിലെത്തിയത്. കുഞ്ഞാലി മൂപ്പനാണ് അത്. ജലാലുദ്ദീന്‍ മൂപ്പന്‍ മരിക്കുമ്പോള്‍ ഒരു ഒസ്യത്തുണ്ടായിരുന്നു. പതിനായിരം പൊന്‍പണം തുഞ്ചത്തെഴുത്തച്ഛന് കൊടുക്കണം. അദ്ദേഹം പലപ്പോഴായി അയച്ചു തന്നത് എണ്ണായിരം പൊന്‍പണമാണ്. അത് ഉപയോഗിച്ച് മീന്‍ കച്ചവടം നടത്തി ജലാലുദ്ദീന്‍ മൂപ്പന്‍ രണ്ടായിരം രൂപ ലാഭമുണ്ടാക്കി. അങ്ങനെയാണ് പതിനായിരം പൊന്‍പണമായത്. ആപണവുമായാണ് കുഞ്ഞാലി മൂപ്പന്‍ എത്തിയത്. കുഞ്ഞാലി മൂപ്പന്‍ എത്തിച്ചുകൊടുത്ത പണം കൊണ്ടാണ് എഴുത്തച്ഛന്‍ ചിറ്റൂരില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചതും ഗ്രാമം സ്ഥാപിച്ചതുമെന്നാണ് പുതിയ ചരിത്രം. ഇത് പൂര്‍ണ്ണമായും കളവാണ്. ഈ ചരിത്രം തെറ്റായ ചരിത്രമാണ്. ഈ വകകാര്യങ്ങള്‍ എഴുത്തച്ഛനോ ശിഷ്യരോ എവിടേയും രേഖപ്പെടുത്തിയിട്ടില്ല. പഠനങ്ങളിലും പുസ്തകങ്ങളിലും ഇക്കാര്യം പറയുന്നില്ല.
പൊരുതല്‍ മലച്ചുവടും തുഞ്ചത്ത് സ്വാമിയാരും
ഇതുവരെ ഒരു ചരിത്രകാരന്‍മാരും ഗവേഷകരും എഴുത്തുകാരും രേഖപ്പെടുത്താത്ത, എഴുത്തച്ഛനെക്കുറിച്ചുള്ള ഒരു ചരിത്രം ഈ ലേഖകന്‍ കണ്ടെത്തുകയും അത് ഇവിടെ ആദ്യമായി രേഖപ്പെടുത്തുകയുമാണ്.ചിറ്റൂരിലെ ഗ്രാമത്തിന്റെനിര്‍മ്മാണകാലത്ത്‌സൂര്യനാരായണന്‍ അടക്കമുള്ള ശിഷ്യന്‍മാര്‍ക്കായിരുന്നു അതിന്റെയൊക്കെ ചുമതല. ഇതിനിടയിലാണ് തുഞ്ചത്തുസ്വാമിയാരുടെ തിരോധാനമുണ്ടായത്. എന്നാല്‍ഗുരു എവിടേക്കാണ് പോയതെന്ന് ശിഷ്യന്‍മാര്‍ക്ക് അറിയാമായിരുന്നു. മണ്ണാര്‍ക്കാട് താലൂക്കില്‍ കച്ചേരിപറമ്പ് (ഒന്ന്) വില്ലേജില്‍ ഒരു വലിയ മലയുണ്ട്. പൊരുതല്‍ മല എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഭീമന്‍ ബകാസുരനെ വധിച്ച മലയാണിതെന്നാണ് വിശ്വാസം. ഇവിടെ ഒട്ടേറെ ചരിത്രശേഷിപ്പുകളുണ്ട്. ഈ മലയില്‍ നിന്നും ഏതാണ്ട് ഇരുപത് അടി വീതിയില്‍ ഒരു കരിങ്കല്‍ പാളി പുറമേയ്‌ക്ക് തെറിച്ചു നില്‍ക്കുന്നുണ്ട്. പഞ്ചശിരസുള്ള നാഗസമാനമാണത്. അതിനു താഴെ ശിവലിംഗാകൃതിയില്‍ ഒരു കൂറ്റന്‍ കരിങ്കല്‍ ശിലയുമുണ്ട്. ശിവലിംഗത്തിനു മീതെ അഞ്ച് ശിരസ്സുള്ള നാഗം ഫണം വിടര്‍ത്തി സംരക്ഷിക്കുന്നതായി തോന്നും. ഇപ്പോഴും ഈ അത്ഭുതക്കാഴ്ച അങ്ങനെത്തന്നെയാണുള്ളത്. തുഞ്ചത്തുസ്വാമിയാര് ഇവിടേക്കാണ് ചിററൂരില്‍ നിന്നും വന്നത്. പ്രകൃത്യാ ഉള്ള ഭീമന്‍ ശിവലിംഗത്തിനു ചുവട്ടില്‍ അദ്ദേഹം കഴിഞ്ഞു. മഴയും വെയിലും കൊള്ളാത്ത വിധം കരിങ്കല്‍ പാളികളാല്‍ സംരക്ഷിക്കപ്പെട്ട ഭാഗമാണത്.
കച്ചേരി പറമ്പ് വില്ലേജ് പൂര്‍വ്വിക കാലത്ത് ധാരാളം ബ്രാഹ്മണര്‍ വസിച്ചിരുന്ന പ്രദേശമായിരുന്നു. അവര്‍ ഇവിടെ ധ്യാനമിരിക്കുന്നയാളെ കണ്ടു. താടിയും മുടിയും നീട്ടി വളര്‍ത്തിയ ആള്‍ തുഞ്ചത്തുസ്വാമിയാരാണെന്നും അദ്ദേഹം വേദത്തിലും മറ്റും അഗാധ പണ്ഡിതനാണെന്നും മനസ്സിലാക്കിയ ബ്രാഹ്മണര്‍ തങ്ങളുടെ ഉണ്ണികളെ വേദം പഠിപ്പിക്കണമെന്ന് തുഞ്ചത്തു സ്വാമിയാരോട് അപേക്ഷിച്ചു. അതനുസരിച്ച് അവിടെ ഒരു എഴുത്തുപള്ളിക്കൂടം തുടങ്ങി. തുഞ്ചത്ത് സ്വാമിയാരും കച്ചേരിപറമ്പ് ഗ്രാമത്തിലെ ജനങ്ങളും തമ്മിലുള്ള ബന്ധം രൂഢമൂലമായി. ഇതിനിടയില്‍ ചിറ്റൂരിലെ അഗ്രഹാര നിര്‍മ്മാണം പൂര്‍ത്തി ആയപ്പോള്‍ തുഞ്ചത്തുസ്വാമിയാര്‍ ചിറ്റൂരിലേക്ക് മടങ്ങി. ഇവിടെ നിന്നും ചില ബ്രാഹ്മണ കുടുംബങ്ങളേയും കൊണ്ടാണ് തുഞ്ചത്തുസ്വാമിയാര്‍ പോയതെന്നും ഒരു വിശ്വാസമുണ്ട്. അതേ സമയം തുഞ്ചത്തുസ്വാമിയാര് പൊരുതല്‍ മലയുടെ താഴ്‌വാരത്തു വച്ചു തന്നെ സ്വര്‍ഗ്ഗസ്ഥനായെന്ന മറ്റൊരു വിശ്വാസവും വച്ചു പുലര്‍ത്തുന്നവരെ പ്രദേശത്തുകാണാം. അദ്ദേഹത്തിന്റെ മരണസമയത്ത് പാറ പിളര്‍ന്ന് ഗംഗാജലം പ്രവഹിച്ചുവെന്നുമാണ് അവര്‍ പറയുന്നത്. കരിങ്കല്‍ പാറയുടെ വലിയൊരു വിള്ളലാണ് ഈ സങ്കല്‍പ്പത്തിന് ആധാരമായി അവര്‍ കാണിച്ചു തരുന്നത്. ആദ്യത്തെ സംഭവമാണ് വിശ്വാസ യോഗ്യം. എഴുത്തച്ഛന്റെ അഭാവം ഗ്രാമവാസികളെ വേദനിപ്പിച്ചു. അവര്‍ക്ക് എഴുത്തച്ഛനെ എന്നും കാണണമെന്നായി. അതിന് അവര്‍ കണ്ട പരിഹാരം തുഞ്ചത്തുസ്വാമിയാരുടെ ഒരു പ്രതിമ നിര്‍മ്മിക്കുക എന്നതായിരുന്നു. അങ്ങനെ ഒരു ശില്‍പ്പി കളിമണ്ണില്‍ ആറ് അടിയോളം ഉയരമുള്ള ഒരു വലിയ ശില്‍പ്പം നിര്‍മ്മിച്ച് തുഞ്ചത്തുസ്വാമിയാര് ധ്യാനമിരുന്ന ശിവലിംഗത്തിനു സമീപം വച്ചു. ബാല്യ കാലത്ത് ആ പൂര്‍ണ്ണകായ ശില്‍പ്പം കണ്ടവര്‍ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. ഈ ശില്‍പ്പം എഴുത്തച്ഛന്‍ പുറ്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ആണ്ടിലൊരിക്കല്‍ പൊരുതല്‍ മലകയറുന്നവര്‍ ഇറങ്ങിയെത്തുന്നത് എഴുത്തച്ഛന്‍ പുറ്റിലേക്കാണ്. അവിടെ വിളക്കുതെളിയിച്ച് അവര്‍ മുതലൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിലേക്ക് പോകും. ഈ കളിമണ്‍ ശില്‍പ്പം നിര്‍മ്മിച്ച കാലത്തെ പ്രകൃതിയല്ല ഇപ്പോള്‍ അവിടെയുള്ളത്. വനമേഖലയായി മാറിയിരിക്കുന്നു. ആനകള്‍ വന്ന് ശില്‍പ്പം ചവിട്ടിയുടച്ചു. ഇരിക്കുന്ന ഭാഗം മാത്രമേയുള്ളു. ഒരു ചെറിയ നിലവിളക്കും അവിടെ ഇപ്പോഴുമുണ്ട്.
തുഞ്ചത്തുസ്വാമിയാരുടെ മകളും ശിഷ്യരും
സംന്യാസം സ്വീകരിച്ചതുഞ്ചത്തെഴുത്തച്ഛന്‍ ശിഷ്യര്‍ക്കു സംന്യാസദീക്ഷ നല്‍കുകയും അവരോടൊപ്പം ജീവിത സായാഹ്നം ചെലവഴിക്കുകയും ചെയ്തു. തുഞ്ചത്തെഴുത്തച്ഛന്റെ മകളുടെ പേര് ചിരുതേവി എന്നാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. ലക്ഷ്മീ കടാക്ഷരസവും ശനീശ്വരസ്‌തോത്രവും കിളിപ്പാട്ട് ചിരുതേവി വിരചിച്ചതാണ്. പുസ്തകങ്ങളില്‍ ശ്രീദേവി എന്നാണ് കാണുക. ചിരുതേവി തന്നെയാണ് ശ്രീദേവി. എഴുത്ത് ഗോപാല മേനോന്‍ തുഞ്ചത്തുസ്വാമിയാരുടെ ശിഷ്യനാണ്. ഗുരുവില്‍ നിന്നും സംന്യാസം സ്വീകരിച്ച് അദ്ദേഹം വലിയ കോപ്പ സ്വാമികള്‍ എന്ന പേരില്‍ അറിയപ്പെട്ടു. ചെറിയ കോപ്പ സ്വാമികള്‍ എന്ന ഒരു ശിഷ്യനും അദ്ദേഹത്തിനുണ്ടായിരുന്നു. സൂര്യനാരായണനാണ് തുഞ്ചത്തു സ്വാമിയാരുടെ മറ്റൊരു ശിഷ്യന്‍. സംന്യാസം സ്വീകരിച്ച് സൂര്യനാരായണ സ്വാമികള്‍ എന്ന പേരില്‍ അറിയപ്പെട്ടു. സൂര്യനാരായണന്‍ പ്രഥമ ശിഷ്യനാണെന്നന്നും ഒടുവിലത്തെ ശിഷ്യനാണെന്നും രണ്ടഭിപ്രായമുണ്ട്. ജ്ഞാന ചൂഡാമണി കിളിപ്പാട്ട്, തത്വജ്ഞാനാമൃതം, തത്ത്വജ്ഞാനസുധ എന്നിവയും ഗുരു ഗീതം, കാരുണ്യ പൂര്‍വ്വം, ഹേ യോഗിന്‍, ബോധാനന്ദ ഘനം തുടങ്ങിയ ഒറ്റ ശോകങ്ങളും സൂര്യനാരായണസ്വാമികളുടേതാണ്.
‘സാനന്ദരൂപം സകല പ്രബോധം
ആനന്ദജ്ഞാനാമൃത പാരിജാതം
മനുഷ്യ പത്മേഷു രവിഃ സ്വരൂപം
പ്രണൗമി തുഞ്ചത്തെഴുമാര്യ പാദം’
എന്ന ഗുരു ഗീതം പ്രസിദ്ധമാണ്. കരുണാകരനെഴുത്തച്ഛന്‍ എന്ന പേരുള്ള മറ്റൊരു ശിഷ്യനും തുഞ്ചത്തുസ്വാമിയാര്‍ക്കുണ്ടായിരുന്നു. ശിവരാത്രി മാഹാത്മ്യം കിളിപ്പാട്ട് കരുണാകരനെഴുത്തച്ഛന്റെതാണ്.
തുഞ്ചത്തെഴുത്തച്ഛന്റെ രചനകള്‍
ഹരി നാമകീര്‍ത്തനം, ദേവീ മാഹാത്മ്യം കിളിപ്പാട്ട്, ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ട് മഹാഭാരതം കിളിപ്പാട്ട്, വില്വാദ്രി മാഹാത്മ്യം, ഏകാദശി മഹാത്മ്യം, ചിന്താരത്‌നം കിളിപ്പാട്ട്, കേരള നാടകം, അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എന്നിവയാണ് എഴുത്തച്ഛന്റെ കൃതികള്‍. കേരള നാടകം വിദേശത്തെ ഒരു സര്‍വ്വകലാശാലയില്‍ നിന്നും അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. സനാതന ധര്‍മ്മത്തെ പ്രബോധനം ചെയ്യുന്ന സ്വര്‍ഗ്ഗമാലാ എന്ന കൃതി എഴുത്തച്ഛന്റേതാണെന്ന് കരുതപ്പെടുന്നു. നമുക്കു പരിചിതമല്ലാത്ത നിരവധി രചനകള്‍ എഴുത്തച്ഛന്റേതായി ഉണ്ടായിരുന്നുവെന്നും കരുതേണ്ടതുണ്ട്.
ജീവിത സായാഹ്നവും സമാധിയും
തുഞ്ചത്തുസ്വാമിയാര്‍ ചിറ്റൂരില്‍ തീര്‍ത്ത രാമാനന്ദാഗ്രഹാരത്തില്‍ ഗുരുമഠം തീര്‍ത്ത് അതിലാണ് വസിച്ചു വന്നിരുന്നത്. തുഞ്ചത്താചാര്യന്റെ സംന്യാസത്തെ സംബന്ധിച്ച് അധികമാരും ഇക്കാലത്ത് പറയാറില്ല. കെ.പി.നാരായണ പിഷാരടിയുടെ കൈവശമുണ്ടായിരുന്ന മഹാഭാരതം കിളിപ്പാട്ടിന്റെ താളിയോല ഗ്രന്ഥത്തില്‍ ‘ഇതി ശ്രീമഹാഭാരതം ശാന്തിപര്‍വ്വം കഥാസാരം സംക്ഷേപം കേരള ഭാഷാ ഗാന വിശേഷം തുഞ്ചത്ത് സ്വാമിയാര് ഉണ്ടാക്കിയ മുക്തിസാധനം” എന്നെഴുതിയിട്ടുള്ളതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തിപൂജ, യോഗാഭ്യാസം, പുരാണ പാരായണം, കവിതയെഴുത്ത് എന്നിവയായിരുന്നു തുഞ്ചത്തുസ്വാമിയാരുടെ സംന്യാസ ജീവിതത്തിലെ ദിനചര്യകള്‍.
സംന്യാസിയായിരിക്കെയാണ് എഴുത്തച്ഛന്‍ മഹാഭാരതം കിളിപ്പാട്ടു നിര്‍മ്മിച്ചത്. സംസ്‌കൃതത്തില്‍ വ്യുല്‍പ്പത്തിയുണ്ടായിരുന്ന മകള്‍ ശ്രീദേവിയാണ് മഹാഭാരതത്തിലെ കുന്തീ വാക്യമെന്ന ഭാഗമെഴുതിയത്. അങ്ങനെ ശിഷ്യരോടും മകളോടുമൊപ്പം ഈശ്വരഭജനയും ശാക്തേയ പൂജ നടത്തിയും ആദ്ധ്യാത്മജ്ഞാനോപദേശം നല്‍കിയും ജീവിച്ചു വരവെ ഒരു ധനുമാസത്തിലെ ഉത്രം നക്ഷത്രത്തില്‍ തുഞ്ചത്തുസ്വാമിയാര് സ്വര്‍ഗ്ഗമണഞ്ഞു.
തുഞ്ചത്തെഴുത്തച്ഛന്റെ സ്മൃതികളില്‍ എടപ്പാള്‍ തറവാട്
തുഞ്ചത്തെഴുത്തച്ഛന്റെ സന്താനപരമ്പരകള്‍ ആമക്കാവിനടുത്തുള്ള എടപ്പാള്‍ തറവാട്ടില്‍ ഇന്നും ജീവിക്കുന്നുണ്ട്. ഏഴുത്തച്ഛന്റെ മകള്‍ ചിരുതേവിയിലൂടെയാണ് ആ വംശവൃക്ഷം ഇന്നുമുളളത്. ഒമ്പത് വീടുകളിലായി തുഞ്ചത്തെഴുത്തച്ഛന്റെ പരമ്പരകള്‍ ആമക്കാവ് ദേവീക്ഷേത്രത്തിനു സമീപം തന്നെയാണ് കഴിയുന്നത്. എടപ്പാള്‍ തറവാട് തുഞ്ചന്‍ ഗുരുകുലം എന്ന പേരില്‍ അറിയപ്പെടുന്നു. ഇവിടെ മനോഹരമായ ഒരു തുഞ്ചന്‍ പ്രതിമയും തുഞ്ചന്‍ ഗ്രന്ഥാലയവുമുണ്ട്.
തറവാട്ടില്‍ നിരവധി താളിയോല ഗ്രന്ഥങ്ങളും എഴുത്താണിയുമുണ്ട്. ഗ്രന്ഥങ്ങള്‍ മഹാഭാരതം തുടങ്ങിയപുരാണകൃതികളും ജ്യോതിഷവുമാണ്. പഴയ കാലത്ത് ബ്രിട്ടീഷുകാര്‍ കുറേ ഗ്രന്ഥങ്ങള്‍ വാറണ്ടുമായി വന്ന് കൊണ്ടുപോയി. വിദ്യാരംഭദിവസം എഴുത്തച്ഛന്റെ പരമ്പരകളെക്കൊണ്ട് കുട്ടികളെ എഴുത്തിനിരുത്താന്‍ കൊണ്ടു വരാറുണ്ട്. തുഞ്ചത്താചാര്യന്റെ പരമ്പരകളിലും ഗ്രന്ഥകര്‍ത്താക്കളുണ്ടായിരുന്നു. എഴുത്തച്ഛന്‍മാര്‍ എന്ന പേരിലാണ് ഈ ശൂദ്രനായര്‍ കുടുംബം അറിയപ്പെട്ടിരുന്നത്. അരിയിട്ടുമുടി ചൂട് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ദൗഹിത്രനാണ്. ഇട്ടിരാമനെഴുത്തച്ഛന്‍ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ചോരശാസ്ത്രം എന്ന ഒരു ഗ്രന്ഥത്തിന്റെ രചയിതാവും, നിരവധി ജ്യോതിഷ ഗ്രന്ഥങ്ങളുടെ രചയിതാക്കളും എഴുത്തച്ഛന്‍ പരമ്പരയിലുണ്ടായിട്ടുണ്ട്. ബാലന്‍ നായര്‍, ഗോപി നായര്‍ എന്നിവരാണ് തുഞ്ചത്തെഴുത്തച്ഛന്റെ പരമ്പരയില്‍ ഇന്നു ജീവിച്ചിരിക്കുന്ന പ്രായമുള്ള കണ്ണികള്‍. തുഞ്ചത്തെഴുത്തച്ഛനുമായി ബന്ധപ്പെട്ട ഒരാളും പെരിങ്ങോട് ഗ്രാമത്തിന് വെളിയില്‍ ജീവിക്കുന്നില്ല.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: