ലക്നൗ: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ സമാജ്വാദി പാര്‍ട്ടി (എസ്പി) നേതാവ് അസം ഖാനെ ശനിയാഴ്ച രാംപൂര്‍ കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു.
അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിയും മായാവതിയുടെ ബി എസ് പിയും തമ്മിലുള്ള ഹ്രസ്വകാല സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി 2019-ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അസംഖാന് നടത്തിയ പരാമര്‍ശങ്ങളാണ് കേസിനാധാരം. അന്നത്തെ രാംപൂര്‍ ജില്ലാ മജിസ്ട്രേറ്റ് ഔഞ്ജനേയ കുമാര്‍ സിംഗിനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നതാണ് കേസ്.
2019 ലെ മറ്റൊരു വിദ്വേഷ പ്രസംഗത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി അസംഖാനെ 2022 ഒക്ടോബര്‍ 17 ന് എംപി-എംഎല്‍എ മജിസ്ട്രേറ്റ് കോടതി മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അയോഗ്യനാക്കി. എന്നാല്‍ ഈ വര്‍ഷം മേയില്‍ രാംപൂരിലെ പാര്‍ലമെന്റംഗങ്ങളെയും നിയമസഭാംഗങ്ങളെയും വിചാരണ ചെയ്യാന്‍ നിയോഗിക്കപ്പെട്ട സെഷന്‍സ് കോടതി ശിക്ഷ റദ്ദാക്കുകയും കേസില്‍ അസം ഖാനെ വെറുതെ വിടുകയും ചെയ്തു.
അസംഖാനെ നിയമസഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ രാംപൂര്‍ സദര്‍ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടന്നു. വിദ്വേഷ പ്രസംഗ കേസിലെ പരാതിക്കാരനായ ബിജെപിയുടെ ആകാശ് സക്സേന , അസംഖാന്റെ അടുത്ത അനുയായിയും എസ്പി സ്ഥാനാര്‍ത്ഥിയുമായ അസിം രാജയെ പരാജയപ്പെടുത്തി.
2008-ല്‍ മൊറാദാബാദ് ജില്ലയിലെ ഛജ്ലെറ്റ് പ്രദേശത്ത് പൊതുപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ജില്ലാ കോടതി ഫെബ്രുവരി 14-ന് അസംഖാനെയും മകനെയും രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചതിനാല്‍ കുറ്റവിമുക്തനാക്കിയതില്‍ ഫലമുണ്ടായില്ല.
2012-2017 കാലയളവില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായിരുന്നു അസംഖാന്.
ഭൂമി കൈയേറ്റ കേസില്‍ 27 മാസത്തോളം ജയിലില്‍ കഴിഞ്ഞ ഖാന്, സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് മേയ് മാസത്തിലാണ് സീതാപൂര്‍ ജില്ലാ ജയിലില്‍ നിന്ന് മോചിതനായത്. സ്വന്തം പേരിലുളള 81 കേസുകളിലും ജാമ്യം ലഭിച്ചതിന് ശേഷമാണ് അദ്ദേഹം ജയില്‍ മോചിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: