ന്യൂദല്‍ഹി: കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള ഗ്യാന്‍വാപി പള്ളി ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഹര്‍ജിയില്‍ ജൂലായ് 21ന് വിധി പറയാന്‍ വാരണാസി ജില്ലാ കോടതി തീരുമാനിച്ചു.
ഗ്യാന്‍വാപി പള്ളി കെട്ടിടം മുഴുവനായി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പരാതിക്കാരായ ഹിന്ദു വിഭാഗത്തില്‍പ്പെട്ടവര്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. “വിശ്വാസികള്‍ ദേഹം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന പള്ളിക്കുള്ളിലെ കുളം ഒഴികെ പള്ളിയുടെ ബാക്കി എല്ലാ ഭാഗങ്ങളും ശാസ്ത്രീയമായും പുരാവസ്തുപരമായും പരിശോധിക്കാനാണ് ഞങ്ങള്‍ കോടതിയോട് ആവശ്യപ്പെട്ടത്. മുഴുവന്‍ വാദവും കേട്ടശേഷം ജൂലായ് 21ന് വിധി പറയാമെന്ന് വാരണസി ജില്ലാ കോടതി പറഞ്ഞത്.” – ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന് വിഷ്ണു ശങ്കര്‍ മോഹന്‍ വ്യക്തമാക്കി.
കാശി വിശ്വനാഥ ക്ഷേത്രവും തൊട്ടടുത്തുള്ള ഗ്യാന്‍വാപി പള്ളിയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ഗ്യാന്‍വാപി പള്ളിയെ പുരാവസ്തു പരിശോധനയ്ക്ക് വിധേയമാക്കലാണെന്നും വിഷ്ണു ശങ്കര്‍ മോഹന്‍ പറഞ്ഞു.
ഗ്യാന്‍വാപി പള്ളിക്കുളത്തിലെ വസ്തു ജലധാരയുടെ ഭാഗമോ അതോ ശിവലിംഗമോ?
അതിനിടെ ഗ്യാന്‍വാപി പള്ളിയിലെ കുളത്തില്‍ കിടക്കുന്ന വസ്തു ശിവലിംഗമാണെന്ന ഹിന്ദു വിഭാഗത്തിന്റെ വാദം അംഗീകരിച്ച് ആ വസ്തുവിന്റെ കാര്‍ബണ്‍ ഡേറ്റിംഗ് നടത്താന്‍ അലഹബാദ് കോടതി വിധിച്ചിരുന്നു. ഈ വിധി തല്‍ക്കാലത്തേക്ക് സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ്. ഇതും വലിയ സാമൂഹ്യപ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള പ്രശ്നമാണ്. വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ കണ്ടെത്തിയ ശിവലിംഗമെന്ന് ഹിന്ദുവിഭാഗം വിളിക്കുന്ന വസ്തുവിന്റെ കാലപ്പഴക്കവും നിജസ്ഥിതിയും മനസ്സിലാക്കാനാണ് കാര്‍ബണ്‍ ഡേറ്റിംഗ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. എന്നാല്‍ മുസ്ലിം വിഭാഗം ഇതിനെ ഒന്നടങ്കം എതിര്‍ക്കുകയാണ്. ശിവലിംഗമാണെന്ന് ഹിന്ദു വിശ്വാസികളും പള്ളിയുടെ ഉള്ളിലെ വെള്ളം നിര്‍ത്താന്‍ കെട്ടിയെ കുളത്തിലെ ജലധാരയാണ് അതെന്ന് പള്ളി അധികൃതരും അവകാശപ്പെടുന്ന വസ്തുവിനെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് മുസ്ലിം സമുദായം.
അടുത്ത ഒരു തീയതി വരെ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് തല്‍ക്കാലത്തേക്ക് തടഞ്ഞതായി സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡും നരസിംഹയും അംഗങ്ങളായ ബെഞ്ചാണ് ഉത്തരവ് തടഞ്ഞത്. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും സുപ്രീംകോടതി വിശദീകരണം തേടിയിട്ടുണ്ട്. അതേ സമയം, കാര്‍ബണ്‍ ഡേറ്റിംഗ് നടത്തിയതുകൊണ്ട് ആ വസ്തുവിന് കേടുപാടുകള്‍ സംഭവിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
നേരത്തെ, ഗ്യാന്‍വാപി പള്ളി അധികൃതര്‍ ഇത് ശിവലിംഗമാണെന്ന വാദത്തെ തള്ളിക്കളയുന്നു. സുപ്രീംകോടതി വിധി പ്രകാരം ശിവലിംഗം കണ്ടെത്തിയ ഗ്യാന്‍വാപി പള്ളിയ്ക്കുള്ളിലെ പ്രദേശം പൊലീസ് സംരക്ഷണയിലാണ് ശിവലിംഗത്തിന്റെ സംരക്ഷണം നീട്ടണമെന്ന ഹിന്ദു സംഘടനകളുടെ ഹര്‍ജിയിലായിരുന്നു നേരത്തെ സുപ്രീംകോടതിയുടെ ഈ ഉത്തരവ്.
വാരണാസിയിലെ കാശി വിശ്വനാഥക്ഷേത്ര-ഗ്യാന്‍വാപി പള്ളി തര്‍ക്കം: കേസിന്റെ ചരിത്രം
2022 ഏപ്രിലിലാണ് യുപിയിലെ ഗ്യാന്‍വാപി-ശൃംഗാര്‍ ഗൗരി തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞത്. ഗ്യാന്‍വാപി പള്ളിയിലെ പുറംചുമരിനോട് ചേര്‍ന്ന് ഹിന്ദുവിഗ്രഹങ്ങള്‍ ഉണ്ടെന്നും അതിനെ ആരാധിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആറ് ഹിന്ദു സ്ത്രീകള്‍ കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കം ആരംഭിക്കുന്നത്.. ഇതോടെ ഗ്യാന്‍വാപി പള്ളിസമുച്ചയത്തിന്റെ വീഡിയോ സര്‍വ്വേ നടത്താന്‍ വാരണസി ജില്ലാ കോടതി ഉത്തരവിട്ടു. ഈ സര്‍വ്വേ നടത്തുന്നതിനിടയിലാണ് പള്ളിക്കുളത്തില്‍ ശിവലിംഗത്തിനോട് സാമ്യമുള്ള വസ്തു കണ്ടെത്തിയത്. ഇത് ശിവലിംഗമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ ഇത് ശിവലിംഗമല്ല, വിശ്വാസികള്‍ നമാസിന് ഉപയോഗിക്കുന്ന കുളത്തിലെ ജലധാരയുടെ ഭാഗമാണെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: