ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മൂന്നാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ വിക്ഷേപിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് വിക്ഷേപണം.ഉച്ചയ്‌ക്ക് 2.35ന് കൗണ്ട്ഡൗണ്‍ അവസാനിക്കും. ഈ വിക്ഷേപണത്തിന്റെ വിജയം രാജ്യത്തിന് മാത്രമല്ല ലോകത്തിനും പ്രധാനമാണ്. കാരണം ദൗത്യത്തില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ ആഗോളതലത്തില്‍ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളെ സഹായിക്കും.
642 ടണ്‍ ഭാരവും 43.5 മീറ്റര്‍ ഉയരവുമുള്ള എല്‍വിഎം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ നിന്ന് പറന്നുയര്‍ന്ന് 16 മിനിറ്റിനുള്ളില്‍ ചന്ദ്രയാന്‍ 3 വേര്‍പെടും.കൃത്യമായ വിക്ഷേപണം ഉറപ്പാക്കാന്‍ ശാസ്ത്രജ്ഞര്‍ അവസാന നിമിഷത്തെ പരിശോധനകള്‍ നടത്തുകയാണ്.
ചന്ദ്രയാന്‍ – 3 ദീര്‍ഘവൃത്താകൃതിയിലുള്ള പാതയിലൂടെ സഞ്ചരിച്ച് മുപ്പത് ദിവസം കൊണ്ട് ചന്ദ്രോപരിതലത്തിലെത്തും. ചാന്ദ്ര ദൗത്യത്തെ മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു – ഭൂമി കേന്ദ്രീകൃത ഘട്ടം, ചാന്ദ്ര മാറ്റ ഘട്ടം, ചാന്ദ്ര കേന്ദ്രീകൃത ഘട്ടം. ചന്ദ്രോപരിതലത്തില്‍ നിന്ന് ലാന്‍ഡര്‍ മെല്ലെ ചന്ദ്രനിലിറങ്ങും. തുടര്‍ന്ന് ലാന്‍ഡറില്‍ നിന്ന് പുറത്തു വരുന്ന റോവര്‍ ചന്ദ്രോപരിതലത്തില്‍ പരീക്ഷണങ്ങള്‍ നടത്തും.
ലാന്‍ഡറിന്റെയും റോവറിന്റെയും ദൗത്യം ഒരു ചാന്ദ്രദിനം അല്ലെങ്കില്‍ 14 ഭൗമദിനങ്ങളാണ്. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയെ പഠിക്കുകയും അടുത്തുള്ള ഉപരിതലവും അതിന്റെ സാന്ദ്രത മാറ്റവും അളക്കുകയും ചെയ്യുക എന്നതാണ് ദൗത്യം. ധ്രുവപ്രദേശത്തിനടുത്തുള്ള ചന്ദ്രോപരിതലത്തിന്റെ താപനില അളക്കുകയും ലാന്‍ഡര്‍ ഇറങ്ങുന്ന പ്രദേശത്തെ കുറിച്ചു വിവരങ്ങള്‍ ശേഖരിച്ച് പഠിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: