പേരൂര്‍ക്കട: മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തില്‍ മറ്റൊരു അന്തേവാസിയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു. അന്തേവാസിയായ സജിത മേരിയാണ് അറസ്റ്റിലായത്. സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
2022 നവംബര്‍ 29നായിരുന്നു കേസിന്നാസ്പദമായ സംഭവം. കൊല്ലം ശാസ്താംകോട്ട സ്വദേശിനി സ്മിതകുമാരി (30) മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇപ്പോള്‍ അറസ്റ്റ്. മാനസികരോഗിയായ സ്മിതയെ 2022 നവംബര്‍ 26നാണ് പിതാവും ഭര്‍ത്താവും ചേര്‍ന്ന് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നത്.
28ന് രോഗം വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും 29ന് മരണപ്പെടുകയുമായിരുന്നു. തന്നെ അസഭ്യം പറഞ്ഞതിന്റെ ദേഷ്യത്തില്‍ സജിത മേരി ഉറങ്ങിക്കിടക്കുകയായിരുന്ന സ്മിതയെ പാത്രം കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിലെ മറ്റൊരു അന്തേവാസി നല്‍കിയ മൊഴിയാണ് പ്രതിയെ കുടുക്കിയത്.
സ്മിതാകുമാരിയുടെ മരണം ക്രൂര മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മര്‍ദ്ദനത്തില്‍ സ്മിതയുടെ തലയോട്ടിയും തലച്ചോറും തകര്‍ന്നു. രക്തക്കുഴലുകള്‍ പൊട്ടിയിരുന്നു. ആന്തരിക ഭാഗങ്ങളിലും മാരകമായ ക്ഷതമേറ്റിരുന്നു. തലയുടെ മധ്യഭാഗത്തുകൂടി മൂക്കിന്റെ ഭാഗം വരെയും ആഴത്തില്‍ മുറിവുണ്ടായി. കൈകാലുകളിലും പരിക്കുകള്‍ കണ്ടെത്തി. മുട്ടുകള്‍ അടികൊണ്ട് പൊട്ടിയതായും ശരീരത്തിന്റെ പിന്‍ഭാഗത്ത് മുറിവുകളുണ്ടെന്നും കണ്ടെത്തിയിരുന്നു. പൊലീസ് സര്‍ജന്‍ ഡോ. എം.എം. സീമ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കപ്പെട്ടത്.
നവംബര്‍ 29ന് അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സ്മിതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഭര്‍ത്താവും ബന്ധുക്കളും ആശുപത്രിയിലെത്തിയെങ്കിലും ഇവരെ കാണാന്‍ അനുവദിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെ സ്മിതയ്‌ക്ക് മര്‍ദ്ദനമേറ്റെന്ന ആരോപണം ബന്ധുക്കള്‍ ഉയര്‍ത്തിയതോടെയാണ് പേരൂര്‍ക്കട പോലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: