പാലാ: കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദര്‍ശന ദിനം 14ന്. ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രം പ്രസിഡന്റ് സി.പി.ചന്ദ്രന് നായര്‍ അറിയിച്ചു. ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തന്ത്രി പറമ്പൂരില്ലം നീലകണ്ഠന് നാരയണന് ഭട്ടതിരിപ്പാട്, മേല്‍ശാന്തി പ്രേംകുമാര്‍ പോറ്റി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മുതല്‍ വിശേഷാല്‍ പൂജകള്‍, ആറ് മുതല്‍ ധാരാനാമജപം, 9.30 മുതല്‍ മഹാപ്രസാദമൂട്ട്. ശബരിമല മുന്‍ മേല്‍ശാന്തി നീലിമന പരമേശ്വരന് നമ്പൂതിരി പ്രസാദമൂട്ടിന് ദീപം തെളിയിക്കും. ഭക്തജനങ്ങള്‍ സമര്‍പ്പിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് 501 പറ അരിയുടെ വിഭവങ്ങളാണ് കൂടപ്പുലം മണിക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘം തയ്യറാക്കുന്നത്.
വിഗ്രഹദര്‍ശന സമയമായ 2.30ന് വിശേഷാല്‍ ദീപാരാധന, വലിയകാണിക്ക തുടര്‍ന്ന് 101 കിലോ അരിയും വിഭവങ്ങളും കൊണ്ട് തയ്യാറാക്കിയ കടുംപായസ പ്രസാദ വിതരണം, മൂന്നിന് തിരുവാതിരകളി, വൈകിട്ട് 5.30 മുതല്‍ ശാസ്ത്രീയ നൃത്തനൃത്യങ്ങള്‍, ദീപാരാധന, രാത്രി എട്ടിന് ഇപ്റ്റ നാട്ടരങ്ങിന്റെ നാടന്‍ പാട്ട് ദൃശ്യകലാമേള.
ദക്ഷിണാമൂര്‍ത്തി സങ്കല്പത്തില് ദേവന്റെ രൂപമാര്‍ന്ന പ്രതിഷ്ഠയുള്ള ക്ഷേത്രമെന്നത് ഇവിടത്തെ പ്രത്യേകതയാണ്.വിവിധ ദ്രവ്യങ്ങള്‍കൊണ്ടുള്ള ധാര, അഷ്ടാഭിഷേകം, ചന്ദനം ചാര്‍ത്ത്, ഉമാമഹേശ്വരപൂജ, സ്വയംവരാര്‍ച്ചന, വിദ്യാഗോപാല മന്ത്രാര്‍ച്ചന, ചതുശ്ശതനിവേദ്യം എന്നീ വഴിപാടുകള്‍ പ്രധാനമാണ്. ആഘോഷചടങ്ങുകളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം പ്രസിഡന്റ് സി.പി. ചന്ദ്രന് നായര്‍, സെക്രട്ടറി എസ്.ഡി.സുരേന്ദ്രന് നായര്‍, ഖജാന്‍ജി സാജന് ജി.ഇടച്ചേരില്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: