ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരാനിറങ്ങിയ ഇന്ത്യന്‍ വനിതാ ടീം മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ പരാജയം രുചിച്ചു. നാലു വിക്കറ്റിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുത്തു. ബംഗ്ലാദേശ് വനിതകള്‍ പത്ത് പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 102-9. ബംഗ്ലാദേശ് 18.2 ഓവറില്‍ 103-6. ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി
പവര്‍ പ്ലേയില്‍ മലയാളി താരം മിന്നുമണി രണ്ട് വിക്കറ്റെടുത്തെങ്കിലും ബംഗ്ലാദേശ് ഓപ്പണര്‍ ഷമീമ സുല്‍ത്താന(42) ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന(14) എന്നിവര്‍ പിടിച്ചു നിന്നതോടെ ബംഗ്ലാദേശ് 50 കടന്നു.ദേവിക വൈദ്യ, നിഗര്‍ സുല്‍ത്താനയെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.എന്നാല്‍ സുല്‍ത്താന ഖാത്തുന്‍(12), നാഹിദ അക്തര്‍(10 നോട്ടൗട്ട്), റിതു മോണി(7 നോട്ടൗട്ട്) എന്നിവരുടെ ചെറുത്ത് നില്പ് ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചു.
ഇന്ത്യക്കായി മിന്നുമണി നാലോവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും ദേവിക വൈദ്യ നാലോവറില്‍ 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുമെടുത്തു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ തുടക്കത്തിലെ തകര്‍ച്ച നേരിട്ടു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ മാത്രമാണ് പിടിച്ചു നിന്നത്. താരം 41 പന്തില്‍ 40 റണ്‍സെടുത്തു.സ്പിന്‍ പിച്ചില്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന(1) രണ്ടാം ഓവറില്‍ തന്നെ പുറത്തായി. നാലാം ഓവറില്‍ ഷഫാലി വര്‍മയും(11) വീണു.എന്നാല്‍ ജെമീമ റോഡ്രിഗസിനൊപ്പം(26 പന്തില്‍ 28) 45 റണ്‍സ് കൂട്ടുകെട്ടിലൂടെ ഹര്മന് ഇന്ത്യയെ 50 കടത്തി.
ജെമീമ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ യാസ്തിക ഭാട്ടിയ(12) റണ്‍സെടുത്തു. പതിനേഴാം ഓവറില്‍ ഹര്‍മനും(40) തൊട്ടടുത്ത ഓവറില്‍ യാസ്തിക ഭാട്ടിയയും പുറത്തായി. പതിനാറാം ഓവറില്‍ 90 റണ്‍സിലെത്തിയ ഇന്ത്യക്ക് അവസാന നാലോവറില്‍ ആറ് വിക്കറ്റ് നഷ്ടമായി. നേടാനായത് 12 റണ്‍സ് മാത്രമാണ്. പത്തൊമ്പതാം ഓവറില്‍ ബാറ്റിംഗിനിറങ്ങിയ മിന്നുമണി രണ്ട് പന്തില്‍ ഒരു റണ്ണെടുത്തെങ്കിലും അവസാന ഓവറില്‍ കൂടാരം കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: