പാലക്കാട്: പാലക്കാട് – പൊന്നാനി പാതയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും സുരക്ഷാ സംവിധാനങ്ങള്‍ കടലാസിലൊതുങ്ങുന്നു. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും പാതക്ക് യാതൊരു തകരാറുമില്ല. എന്നാല്‍ പലയിടത്തും അപകടങ്ങള്‍ പതിവാണ്. മേപ്പറമ്പ് മുതല്‍ കുളപ്പുള്ളി വരെയുള്ള 46 കിലോമീററര്‍ ദുരത്തില്‍ മിക്കയിടത്തും വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമുള്ള സംവിധാനങ്ങളില്ല. പ്രധാന കവലകളില്‍ സിഗ്നല്‍ സംവിധാനങ്ങളുമില്ല. ഉള്ളയിടത്താകട്ടെ അവ പ്രവര്‍ത്തനരഹിതവുമാണ്.
വാഹനങ്ങള്‍ക്ക് വേഗത കുറക്കുന്നതിനായി ആദ്യകാലഘട്ടങ്ങളില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകളാകട്ടെ ഇല്ലാതായ സ്ഥിതിയിലാണ്. കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡു മുറിച്ചു കടക്കുന്നതിന് മിക്കയിടത്തും സീബ്ര ലൈനുകളുമില്ല. പാത കടന്നുപോകുന്ന 46 കിലോമീറ്റര്‍ ദുരത്തില്‍ പറളി, മങ്കര, പത്തിരിപ്പാല, ലക്കിടി കൂട്ടുപാത, മംഗലം, ഒറ്റപ്പാലം, വാണിയംകുളം, കുളപ്പുള്ളി എന്നിവയാണ് പ്രധാന കവലകള്‍. ഇവയില്‍ പറളിയില്‍ സിഗ്നലുകള്‍ പ്രവര്‍ത്തനരഹിതമാണ്. തിരക്കുള്ള കേന്ദ്രങ്ങളായ മങ്കര, പത്തിരിപ്പാല, കൂട്ടുപാത എന്നിവിടങ്ങളില്‍ സിഗ്നലുകളുമില്ല.
കഴിഞ്ഞദിവസം എടത്തറയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരനായ വയോധികന് മരിച്ചിരുന്നു. കഴിഞ്ഞാഴ്ച വാണിയംകുളത്തിന് സമീപം സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മാത്രം കുളപ്പുള്ളി സംസ്ഥാനപാതയിലുണ്ടായ അപകടങ്ങളില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. പാത കടന്നുപോകുന്ന മേഖളയില്‍ മേപ്പറമ്പ്, പറളി, ലക്കിടി, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ ഇപ്പോള്‍ എഐ ക്യാമറകള്‍ വേറെയുമുണ്ട്. പാതയില്‍ കല്ലേക്കാട്, എടത്തറ, പറളി, മാങ്കുറുശ്ശി, വാണിയംകുളം മേഖലയിലാണ് കൂടുതലായും അപകടങ്ങളുണ്ടാകുന്നത്. പ്രധാന അപകട വളവായ മങ്കര വളവ് നിവര്‍ത്തിയെങ്കിലും അതിന് സമാനമായി പലയിടത്തുമുണ്ട്.
പാത കടന്നുപോവുന്ന 46 കിലോമീറ്റര്‍ ദുരത്തില്‍ നിരവധി സ്കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ആശുപത്രികള്‍ എന്നിവയൊക്കെയുണ്ടായിട്ടും മിക്കയിടത്തും സുരക്ഷാ സംവിധാനങ്ങളില്ല. സീബ്രാ ലൈനുകള്‍ ഇല്ലാത്തതും മറ്റൊരു കാരണമാണ്. ചെറിയ വാഹനങ്ങളുടെയും സ്വകാര്യ ബസുകളുടെയും മരണപ്പാച്ചിലാണ് പ്രധാന വില്ലന്‍. മിക്കയിടത്തും റോഡരികിലെ അനധികൃത പാര്‍ക്കിങും ചെറിയ റോഡുകളില്‍ നിന്നുള്ള വാഹനങ്ങളുടെ കടന്നുകയറ്റവും അപകടങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കുന്നു.
ആദ്യകാലങ്ങളില്‍ സ്ഥാപിച്ച തെരുവുവിളക്ക് മിക്കതും പ്രവര്‍ത്തനരഹിതമാണ്. അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും സുരക്ഷാസംവിധാനമൊരുക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: