അനിൽ ആറന്മുള
ഹ്യൂസ്റ്റൺ: കേരളത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ നടക്കുന്ന ജനാധിപത്യപരമല്ലാത്ത വേട്ടയാടലും മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ ഇടതുപക്ഷ സർക്കാർ പുലർത്തുന്ന നെറികേടിനെതിരെയും ഹൂസ്റ്റണിലെ മാധ്യമ പ്രവർത്തകർ ശക്തമായി പ്രതിക്ഷേധിച്ചു.
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സക്കറിയയുടെ കേസിൽ അദ്ദേഹത്തിന്റെ മാധ്യമ സ്ഥാപനത്തിനെതിരെയും മാധ്യമ പ്രവർത്തകർക്കെതിരെയും സർക്കാർ എടുത്ത ജനാധിപധ്യവിരുദ്ധ വിരുദ്ധമായ നിലപാടിൽ അംഗങ്ങൾ അവരുടെ പ്രതിക്ഷേധം ശക്തമായി രേഖപ്പെടുത്തുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കോടതികൾ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
ഷാജൻ സക്കറിയയുടെ മാധ്യമ പ്രവർത്തന രീതിയെ ഞങ്ങൾ അംഗീകരിക്കുന്നില്ല പക്ഷെ അദ്ദേഹത്തിൻറെ ഓഫീസിൽ പ്രവർത്തിച്ചിരുന്ന മാധ്യമ പ്രവർത്തകർക്കുനേരെ നടന്ന കേരള പോലിസിന്റെ കടന്നുകയറ്റം ഒരിക്കലും നീതീകരിക്കാനാവില്ലെന്നു ചാപ്റ്റർ പ്രസിഡന്റ് ജോർജ് തെക്കേമല അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. ഇത്തരം കാടത്തത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാ മാധ്യമ പ്രവർത്തകരും ഒരുപോലെ ആവശ്യപ്പെട്ടു.
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ജനപ്രതിനിധികൾക്കെതിരെയും അമേരിക്കയിലെ മലയാളികളും മാധ്യമ പ്രവർത്തകരും ഒന്നായി പ്രവർത്തിക്കണമെന്നും അംഗങ്ങൾ പ്രതികരിച്ചു. മാധ്യമ പ്രവർത്തനം ജനാധിപത്യത്തിന്റെ നാലാം തൂണാണ് എന്ന വിശ്വാസത്തിനുതന്നെ കളങ്കമേറ്റിരിക്കയാണെന്നും അംഗങ്ങൾ അഭ്പ്രായപ്പെട്ടു.
മാധ്യമ പ്രവർത്തകരുടെ വീടുകളിൽ കടന്നു കയറി കുടുംബാംഗങ്ങളെ ഭീഷണിപെടുത്തുക, അവരുടെ ഫോണുകൾ പിടിച്ചെടുക്കുക എന്നീ കാര്യങ്ങൾ ജനാധിപത്യത്തിൽ വിശ്വസി ക്കുന്ന ഒരു സർക്കാരിനും ഭൂഷണമല്ല എന്ന് യോഗം വിലയിരുത്തി. ഷാജൻ സ്കറിയ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ നിയമാധിഷ്ഠിതമായ വിചാരണക്ക് വിധേയമാക്കി ശിക്ഷാനടപടികൾ കൈക്കൊള്ളണമെന്നും അടിയന്തിരാവസ്ഥക്ക് സമാനമായ പോലീസ് നടപടകളാണ് ഇന്ന് കേരളത്തിൽ നടക്കുന്നതെന്നും അത് അംഗീകരിക്കാൻ കഴിയില്ല എന്നും യോഗം വിലയിരുത്തി. എല്ലായ്‌പ്പോഴും ഈ സർക്കാരിന്റെ ക്ഷേമ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്നിട്ടുള്ള അമേരിക്കൻ മലയാളികൾ സർക്കാരിനെതിരെ പ്രവർത്തിക്കേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
നവംബർ മാസത്തിൽ മിയാമിയിൽ നടക്കുന്ന ദ്വൈവാർഷിക കോൺഫ്രൻസ് വൻ വിജയമാക്കാനും ഹ്യൂസ്റ്റണിൽനിന്നും നൂറുശതമാനം പ്രവർത്തകരും പങ്കെടുക്കണമെന്നും പ്രസിഡണ്ട് അഭ്യർഥിച്ചു. കേരളത്തിൽ നിന്ന് മുതിർന്ന പത്രപ്രവർത്തകരും സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാരും പങ്കെടുക്കുന്ന സമ്മേളനം അമേരിക്കൻ മലയാളികളുടെ അഭിമാന സമ്മേളനമാക്കി മാറ്റേണ്ടത് നമ്മുടെ ആവശ്യമാണെന്നും ജോർജ് തെക്കേമല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: