ന്യൂഡല്‍ഹി: വിജയത്തുടര്‍ച്ചയില്‍ നില്ക്കുന്ന ഇന്ത്യയുടെ കളിമികവിനെ സ്വന്തം നിലയ്ക്ക് വിലയിരുത്തി നായകന് സുനില്‍ ഛേത്രി. സൂപ്പര്‍ നായകന്റെ അഭിപ്രായത്തില്‍ ഇന്ത്യയ്ക്ക് അത്യാവശ്യം വേണ്ടത് മികച്ച ഫിനിഷിങ് മികവാണ്. അവസരങ്ങളെ സമര്‍ത്ഥമായി ഗോളാക്കിമാറ്റുന്നതില്‍ നമ്മുടെ താരങ്ങള്‍ വലിയ വീഴ്ചയാണ് കാട്ടുന്നത്, അത് പാടില്ല. ഇന്നത്തെ പ്രകടനമികവ് ഉയര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ ഏറ്റവും അത്യാവശ്യമായി ചെയ്യാനുള്ളത് ഗോളടിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്-ഛേത്രി പറഞ്ഞു.
പ്രതിരോധ നിരയുടെ കാര്യത്തിലും അറ്റാക്കിങ് മേഖലയിലും ഇന്ത്യ മികച്ചു തന്നെ നില്ക്കുന്നു. പക്ഷെ ഫിനിഷിങ് പോയിന്റില്‍ വളരെ നിരാശാജനകമാണ്. മുന്നോട്ടുള്ള കളികളില്‍ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണിതെന്നും ഛേത്രി വ്യക്തമാക്കി.
സാങ്കേതികത്തികവും ടാക്ടിക്കല്‍ നിലവാരവും വച്ച് താരതമ്യം ചെയ്താല്‍ ഇന്ത്യന്‍ ടീം മുന്‍ നിര ഏഷ്യന്‍ ടീമിന്റെ അടുത്തുപോലുമെത്തില്ല. അത് അംഗീകരിച്ചുകൊണ്ടുവേണം നമ്മള് പൊരുതാന്‍. കരുത്തോടെ പൊരുതുക എന്നതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ല. പോരാട്ടവീര്യം അതു തന്നെയാണ് മുന്നേറ്റത്തിനുള്ള ലളിതമായ പോംവഴി. ഏഷ്യയിലെ ടോപ് ടെന്‍ ആവുക എന്നതായിരിക്കണം നമ്മുടെ ആദ്യലക്ഷ്യം.
മാസങ്ങള്‍ക്ക് മുമ്പ് മണിപ്പൂരില്‍ ത്രിരാഷ്ട ഫുട്ബോളില്‍ വിജയം. അതിന് പിന്നാലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും സാഫ് കപ്പ് ഫുട്ബോളിലും ജേതാക്കള്‍. ഇക്കഴിഞ്ഞ രണ്ട് ടൂര്‍ണമെന്റുകളിലായി കളിച്ച ഒമ്പത് മത്സരങ്ങളില്‍ രണ്ട് ഗോള്‍ മാത്രമേ ഇന്ത്യ കന്സീഡ് ചെയ്തിട്ടുള്ളൂ. ഇതില്‍ നിന്നും ഇന്ത്യയുടെ പ്രതിരോധ മികവും ഗോള്‍ കീപ്പിങ് വൈഭവവും വ്യക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ നായകന് മാധ്യങ്ങളോട് മനസ്സുതുറന്നത്. ഇനി കിങ്സ് കപ്പ്, മെര്‍ഡേക്ക കപ്പ് വലിയൊരു പരീക്ഷണവേദിയാകുന്ന ഏഷ്യന്‍ കപ്പ് എന്നീ വന്‍ മത്സരങ്ങള്‍ വരാനിരിക്കുകയാണ്. കരുത്തന് താരങ്ങള്‍ക്കെതിരെ കളിക്കുകയെന്നതാണ് മറ്റൊരു വലിയ കാര്യമെന്ന് ഛേത്രി അഭിപ്രായപ്പെട്ടു. മദ്ധ്യേഷ്യന്‍ ഫുട്ബോള്‍ അസോസിയേഷ(കാഫാ)നുമായി ബന്ധപ്പെട്ട് മിഡില്‍ ഈസ്റ്റിലെയും ഗള്‍ഫ് മേഖലയിലെയും കരുത്തന് എതിരാളികളുമായി പോരാടാനുള്ള അവസരങ്ങള്‍ ഉണ്ടാക്കിത്തരണമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷനോ(എഐഎഫ്എഫ്)ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ലെബനനും കുവൈറ്റും പോലുള്ള ടീമുകള്‍ ഇവിടെയെത്തിത്. കരുത്തര്‍ക്കെതിരെ കളിച്ചെങ്കിലേ കളിയും മെച്ചപ്പെടൂ എന്ന് പറഞ്ഞ ഛേത്രി നമുക്ക് അണ്ടര്‍ 23, അണ്ടര്‍ 21 ടീമുകള്‍ക്ക് കൂടുതല്‍ കളിഅവസരങ്ങള് ഒരുക്കികൊടുക്കേണ്ടതുണ്ടെന്ന അഭിപ്രായവും മുന്നോട്ടുവച്ചു. അത്തരം യുവ ടീമുകള്‍ക്കും സാഫ് കപ്പും അതുപോലുള്ള ടൂര്‍ണമെന്റുകളും കൃത്യമായി ക്രമീകരിച്ച് കളിക്കാനവസരം നല്‍കണം- താരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: