കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ 11 സര്‍ക്കാര്‍ സര്‍വ്വകലാശാലകളിലേക്ക് താല്‍ക്കാലിക വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമല്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി വിധിച്ചത്തോടെ നീതി തേടുന്ന ബംഗാള്‍ ജനതയ്ക്ക് രാജ്ഭവന് ഒരിക്കല്‍ കൂടി പ്രത്യാശയുടെ തുരുത്തായി.
ഇത്തരം നിയമനങ്ങള്‍ നടത്തുന്നതി നുമുമ്പ് എല്ലാ സംസ്ഥാന സര്‍വകലാശാലകളുടെയും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഡോ.സി.വി.ആനന്ദബോസ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം തേടാത്തതിനാല്‍ വൈസ്ചാന്‍സലര്‍മാരുടെ നിയമനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച റിട്ട്ഹര്‍ജി ചീഫ്ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനവും ജസ്റ്റിസ് അജയ് കുമാര്‍ ഗുപ്തയും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തള്ളി.
ഹര്‍ജിയിലെ പൊതുതാല്‍പ്പര്യം എന്താണെന്ന് ചൂണ്ടിക്കാണിക്കുന്നതില്‍ ഹരജിക്കാരന് ദയനീയമായി പരാജയപ്പെട്ടെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ ചാന്‍സലര്‍ പാസാക്കിയ ഉത്തരവുകളോട് എതിര്‍പ്പൊന്നും ഉന്നയിക്കാത്ത പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഹരജിക്കാരന്റെ വാദത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുകയും ഫലത്തില്‍ അദ്ദേഹത്തിന്റെ ഷൂസിലേക്ക് കാലെടുത്തുവെക്കുകയും ചെയ്തുവെന്ന് കോടതി പറഞ്ഞു. ചാന്‍സലര്‍ പുറപ്പെടുവിച്ച ഉത്തരവുകളെ പരോക്ഷമായി വെല്ലുവിളിക്കാനുള്ള ഉപകരണമായി ഹരജിക്കാരനെ ഉപയോഗിച്ചുവെന്ന അഭിപ്രായം കോടതി രൂപീകരിക്കു ന്നത് ന്യായമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഗവര്‍ണര്‍ 11 സര്‍വ്വകലാശാലകളില്‍ ഇടക്കാല വൈസ് ചാന്‍സലര്‍മാരെ നിയമിച്ചിരുന്നു. ഈ നിയമനങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പ് ഉന്നയിക്കുക മാത്രമല്ല, നിയമിതരായവരോട് വൈസ് ചാന്‍സലര്‍മാരായി ചേരരുതെന്ന് ആവശ്യപ്പെടുകയും ചെയ്തതിനാല്‍ ഈ കോടതി ഉത്തരവിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. അക്കാദമിക് വിദഗ്ദര്‍ വൈസ്ചാന്‍സലര്‍മാരായി ചേര്‍ന്നാല്‍ അവരുടെ ശമ്പളം ആരാണ് നല്‍കുകയെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആശങ്കയ്ക്ക്, അത് സര്‍ക്കാരിന്റെ തന്നെ ഉത്തരവാദിത്തമാണെന്ന് ഗവര്‍ണര്‍ സ്ഥിരീകരണം നല്‍കിയിട്ടുണ്ട്.
അതേസമയം സിലിഗുരിയിലെ നോര്‍ത്ത് ബംഗാള്‍ സര്‍വകലാശാലയില്‍ 10 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുമായി ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തി, സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ പശ്ചിമ ബംഗാളിനെ രാജ്യത്തിന്റെ വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാന്‍ സര്‍വകലാശാലകള്‍ ശ്രമിക്കണമെന്ന് ആനന്ദബോസ് ഊന്നിപ്പറഞ്ഞു.
സര്‍വകലാശാലാ വിദ്യാഭ്യാസത്തില്‍ ഗുണപരമായ പുരോഗതി കൊണ്ടുവരുകയാണ് തന്റെ പ്രഥമലക്ഷ്യമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ബംഗാളിലെ സര്‍വകലാശാലാ വിദ്യാഭ്യാസത്തിന്റെ ഗുണപരമായ പുരോഗതിയാണ് തങ്ങളുടെ ആത്യന്തികലക്ഷ്യം. ബംഗാളിലെ സര്‍വ്വകലാശാലകള്‍ രാജ്യത്തെ ഏറ്റവും മികച്ചതായിരിക്കണം,’ ഡോ. ബോസ് പറഞ്ഞു.
കഴിഞ്ഞ ദിവസം, സിലിഗുരിയിലെ നോര്‍ത്ത് ബംഗാള്‍ സര്‍വകലാശാലയുടെ കാമ്പസിലേക്ക് ഗവര്‍ണറുടെ വാഹനവ്യൂഹം പ്രവേശിക്കുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ തൃണമൂല്‍ ഛത്ര പരിഷത്ത് പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചു. എന്നാല്‍ അതിനെ ഗവര്‍ണര്‍ ആനന്ദബോസ് പുഞ്ചിരിയോടെ സ്വാഗതം ചെയ്തു. ‘ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല, യോഗം കഴിഞ്ഞ് തീര്‍ച്ചയായും ഞാന്‍ തിരിച്ചുപോകും’ എന്ന് സൗമ്യമായിത്തന്നെ പറഞ്ഞ് അദ്ദേഹം പ്രതിഷേധിക്കുന്നവരെ ആശ്വസിപ്പിച്ചു.
അതിനിടെ അക്രമത്തോടും അഴിമതിയോടും :’സീറോ റ്റോളറന്‍സ്’ നയം പ്രഖ്യാപിച്ച ഗവര്‍ണര്‍ ആനന്ദബോസ് റിട്ട. ചീഫ് ജസ്റ്റിസ് ചെയമാനായ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നുകൂടി വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ ഒരിക്കല്‍ കൂടി പ്രതിരോധത്തിലായി. അതേസമയം രാജ്ഭവന്റെ ഇടപെടലുകള്‍ക്ക് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ വര്‍ധിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: