തിരുവനന്തപുരം: രാജ്യനന്മ ലക്ഷ്യമിട്ട് എല്ലാ പൗരന്മാര്ക്കും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന് വ്യാഖ്യാനിച്ച് ഭീതി പരത്തുന്ന ശൈലി തുടരാന്‍ തന്നെയാണ് സി പി എം നീക്കം. ഏകീകൃത സിവില്‍ കോഡിനെതിരെ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വര്‍ഗീയവാദികളല്ലാത്ത എല്ലാവരെയും സെമിനാറില്‍ പങ്കെടുപ്പിക്കും. എന്നാല്‍ കോണ്‍ഗ്രസിനെ പങ്കെടുപ്പിക്കില്ലെന്നുമാണ് ഗോവിന്ദന് പറഞ്ഞത്. അതേസമയം മുസ്ലീം സമുദായത്തെ വശപ്പെടുത്താന്‍ സമസ്തയെ സെമിനാറിലേക്ക് ക്ഷണിക്കുമെന്ന് വ്യക്തമാക്കി.
ഈ വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന നിലപാട് വിചിത്രമാണ്. അഖിലേന്ത്യാതലം മുതല്‍ താഴെത്തട്ടുവരെ പല നിലപാടാണ്. രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ക്ക് വ്യക്തമായി നിലപാട് പറയാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസ് മന്ത്രി പോലും ഏക സിവില്‍ കോഡിനെ പിന്തുണക്കുന്നു. അവസരവാദ പരമായ സമീപനമാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആര്‍എസ്എസും സംഘപരിവാറുമാണ് പ്രധാമന്ത്രിയെ അണിയിച്ചൊരുക്കി ഏകീകൃത സിവില്‍കോഡിന് വേണ്ടി പ്രചാരണം നടത്തുന്നതെന്നും ഇക്കാര്യത്തില്‍ യോജിച്ച നിലപാട് സ്വീകരിക്കാന്‍ കോണ്ഗ്രസിനാകുന്നില്ലെന്നുമാണ് ഗോവിന്ദന് പറയുന്നത്.ഏകീകൃത സിവില്‍കോഡ് നിയമനിര്‍മാണം നടത്തുമെന്ന് പ്രധാനമന്ത്രി പറയുന്നത് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമാണന്ന് പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങളില്‍ ഭയപ്പാട് സ്ൃഷ്ടിക്കുകയാണ് സി പി എം ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സെക്രട്ടറിയുടെ നിലപാടില്‍ നിന്ന് വ്യക്തമാണ്.
മണിപ്പുര്‍ വിഷയത്തില്‍ വിപുലമായ ക്യാംപയിനും സമരപരിപാടികളും സംഘടിപ്പിക്കും. സിപിഐ എം, സിപിഐ എംപിമാരുടെ പ്രതിനിധി സംഘം മണിപ്പുര്‍ സന്ദര്‍ശിക്കുമെന്നും എം വി ഗോവിന്ദന് അറിയിച്ചു. കൈതോലപ്പായ വിവാദമൊക്കെ പാര്‍ട്ടി തളളിക്കളയുകയാണെന്നും ഗോവിന്ദന് വെളിപ്പെടുത്തി.
വാസ്തവത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഒരേ സിവില്‍ നിയമം നടപ്പാക്കുന്നത് കൊണ്ട് മത വിശ്വാസങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ ഒരു ദോഷവും ഉണ്ടാകുന്നില്ല. വിവാഹം, വിവാഹമോചനം, സ്വത്തവകാശം , ദത്ത് എന്നിവയുമായി ബന്ധപ്പെട്ട് എല്ലാ മതക്കാര്‍ക്കും ഒരേ നിയമം കൊണ്ടുവരികയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: