കൊച്ചി : ഡോക്ടര്‍മാരുടെ ദിനത്തില്‍ വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യംചെയ്ത ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം ഏറ്റതായി പരാതി. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് സംഭവം ഉണ്ടാകുന്നത്. ഹൗസ് സര്‍ജനായ ഡോ. ഹരീഷ് മുഹമ്മദിനാണ് രോഗിയുടെ കൂട്ടിരിപ്പുകാരില്‍ നിന്നും മര്‍ദ്ദനമേറ്റത്.
ശനിയാഴ്ച പുലര്‍ച്ചെ രോഗിയെ കാണാനെത്തിയ മട്ടാഞ്ചേരി സ്വദേശികളായ രണ്ടുപേര്‍ വനിതാ ഡോക്ടറെ ശല്യം ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡോ. ഹരീഷ് ഇത് ചോദ്യം ചെയ്തതോടെ പ്രശ്നം ഒതുക്കി തീര്‍ത്ത് സ്ഥലത്തുനിന്നും പോവുകയായിരുന്നു. എന്നാല്‍ ഇവര്‍ വീണ്ടും തിരിച്ചെത്തി ഹൗസ് സര്ജന്മാര് വിശ്രമിക്കുന്ന സ്ഥലത്തെത്തി ഹരീഷിനെ ആക്രമിക്കുകയായിരുന്നു.
പ്രതികള്‍ വനിതാ ഡോക്ടറെ രണ്ട് തവണ ആക്രമിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ച ഹൗസ് സര്‍ജനെ പ്രതികള്‍ പിന്തുടര്ന്ന് ആക്രമിക്കുകയായിരുന്നു. ആസൂത്രിതമായുള്ള നടപടി ആയിരുന്നു. സിസിടിവിയില്‍ നിന്നും ഇക്കാര്യം വ്യക്തമാണെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. പോലീസ് അറസ്റ്റ് ചെയ്ത ഇരുവര്‍ക്കുമെതിരെ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചതിന് കേസെടുത്തിട്ടുണ്ട്. ഇരുവരേയും കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: