കോട്ടയം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന് ഫെയ്സ് ബുക്ക് അക്കൗണ്ട് ഉപേക്ഷിച്ചു. തനിക്കും കുടുംബത്തിനും എതിരെയുള്ള സിപിഎം സൈബര്‍ ആക്രമണം കനത്ത പശ്ചാത്തലത്തിലാണിത്. പകരം ജനശക്തി എന്ന ഓണ്‍ലൈന്‍ മാധ്യം വഴി യുദ്ധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
തിരുവനന്തപുരം മുതല്‍ ടൈം സ്ക്വയര്‍ വരെ അറിയപ്പെടുന്ന, നേതാവ് മുന്‍പ് കൊച്ചി, ദേശാഭിമാനിയില്‍ നിന്ന് രണ്ടു കോടി 35 ലക്ഷം രൂപ കൈതോലപ്പായയില്‍ കടത്തിയെന്നും ഈ നേതാവ് മറ്റൊരു കോടീശ്വരനില്‍ നിന്ന് പത്തു ലക്ഷം വാങ്ങിയെന്നും ഫെയ്സ് ബുക്കിലൂെട വെളിപ്പെടുത്തിയതിനു ശേഷമാണ് അദ്ദേഹത്തിനെതിരായ സൈബര്‍ ആക്രമണം അതിരൂക്ഷമായത്.
അദ്ദേഹത്തിന്റെ എഫ്ബി പോസ്റ്റില്‍ നിന്ന്:
‘സാധാരണ പൗരന് എന്ന നിലയില്‍ സാമൂഹ്യ മാധ്യമത്തില്‍ ആശയങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യം നിര്‍ഭയം നിര്‍വഹിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ് ഞാന്‍. വര്‍ഷങ്ങള്‍ മുമ്പ് മരണപ്പെട്ടു പോയ അച്ഛനെയും അമ്മയെയും പെണ്മക്കള് അടക്കമുള്ള കുടുംബാംഗങ്ങളെയും പേരക്കുട്ടിയെയും നികൃഷ്ടഭാഷയില്‍ തേജോവധം ചെയ്യുന്നത് കണ്ണുള്ളവര്‍ കാണുന്നുണ്ടാകുമല്ലോ.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമസ്ത ശക്തിയും സ്വരൂപിച്ചു ഭരണമേധാവിയുടെ ഒത്താശയോടെയാണ് ഇത് ചെയ്യുന്നത്. ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത ഹിംസ്രജന്തുക്കളോട് വേദോപദേശം നടത്തിയിട്ട് കാര്യമില്ല എന്നറിയാം. മുഖ്യമന്ത്രിയുടെ അനാരോഗ്യം മുതലെടുത്ത് മൂന്നുനാല് പേര് അടങ്ങിയ ഒരു ‘അടുക്കള സംഘം’ ഭരണഘടനാ ബാഹ്യശക്തിയായി മാറിയതോടെ മുഖ്യമന്ത്രി ശീര്‍ഷാസനത്തിലാണ്.
മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ പലവട്ടം പരാതി സമര്‍പ്പിച്ചിട്ടും മൊഴികൊടുത്തിട്ടും സൈബര്‍ വിഭാഗത്തില്‍ പരാതി എഴുതിക്കൊടുത്തിട്ടും ഫലമുണ്ടായില്ല. അര വയസ് മാത്രമുള്ള പേരക്കുട്ടിയെ അസഭ്യം പറഞ്ഞ പോസ്റ്റ് എം.എ. ബേബിക്ക് ഫോര്‍വേഡ് ചെയ്തപ്പോള്‍ കണ്ണീര് ഇറ്റുന്ന ഒരു ചിഹ്നമായിരുന്നു പ്രതികരണം.
ഈ പരിതസ്ഥിതിയില്‍ ഫെയ്സ്ബുക്കിലെ പ്രവര്‍ത്തനം മരവിപ്പിക്കുകയാണ്. അങ്ങനെ ചെയ്താലേ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കൂ എന്ന സന്ദേശമാണ് സൈബര്‍ കാളികൂളി സംഘം നല്‍കുന്നത്. അവരുടെ കണ്‍കണ്ട ദൈവത്തെ ആരും വിമര്‍ശിക്കാന്‍ പാടില്ല. കൈതോലപ്പായയില്‍ സൂക്ഷിച്ച വിത്ത് ഇപ്പോള്‍ വന്മരം ആയിട്ടുണ്ടാകും. ആ രഹസ്യസങ്കേതങ്ങളിലേക്ക് കടന്നുകയറി ടോര്‍ച്ചു തെളിച്ചും തൊണ്ടിമുതല്‍ സൂം ചെയ്തും യഥാര്‍ത്ഥ കള്ളന്റെ ഇരിപ്പിടം കാണിച്ചും മുന്നോട്ടുപോകാനാകണം.
അതിന് വേണ്ടിയാണ് ഓണ്‍ലൈന്‍ ചാനല്‍ തുടങ്ങുന്നത്. അമ്പെയ്ത്തില്‍ ഏതെങ്കിലും നരാധമന് കടപുഴകി വീണാല്‍ അതൊരു ചരിത്ര നിയോഗം ആയിരിക്കും. അപഹരിച്ച പണമല്ല പൊതിഞ്ഞ പായയും കൊണ്ടുപോയ കാറിനേയും ചൊല്ലിയാണ് വിവാദം. അമുക്കിയ കോടികളെക്കുറിച്ചും തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: