കായംകുളം: എംഎസ്എം കോളേജില്‍ എംകോം പ്രവേശനത്തിന് എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്കിയ കേസിലെ മൂന്നാം പ്രതിയും, ഓറിയോണ്‍ ട്രാവല്‍സ് ഉടമയുമായിരുന്ന ആലുവ പൂക്കാട്ടുപടി തണലില്‍ സജു ശശിധരനെ (39) കായംകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസിലെ ഒന്നാം പ്രതി നിഖില്‍ തോമസിന്റെ പോലീസ് കസ്റ്റഡി ഇന്നലെ അവസാനിച്ചിരുന്നു. പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം ഒരു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ ഇയാളെ വിട്ടു.
രണ്ടാം പ്രതി അബിന്‍. സി.രാജിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. പിന്നീട് ഇവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായി ഒരുമിച്ച് കസ്റ്റഡിയില്‍ ലഭിക്കുന്നതിനായും അപേക്ഷ നല്‍കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. വ്യാഴാഴ്ച രാത്രി പാലാരിവട്ടം വാഴക്കാലയില്‍ നിന്നാണ് സജു ശശിധരനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനാല് കേസുകളിലെ പ്രതിയും, നിലവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണവുമായി ഉള്‍പ്പെട്ട ഒരു കേസ്സിലെ പ്രതിയുമാണ്. വിസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ്സില്‍ 2021 ല്‍ ഓറിയോണ്‍ ട്രാവല്‍സിന്റെ ഓഫീസ് പോലീസ് പൂട്ടി സീല്‍ വെച്ചതിനാല്‍ നിലവിലെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിന് അനുകൂലമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
പാലാരിവട്ടം, നോര്‍ത്ത്, സെന്‍ട്രല്‍ സ്റ്റേഷനുകളിലാണ് നിലവില്‍ ഇയാള്‍ക്കെതിരെ വിസ തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ അബിന്‍ മുഖേന നിഖിലിന് മാത്രമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്കിയിട്ടുള്ളു എന്നാണ് സജു മൊഴി നല്‍കിയത്.
എന്നാല്‍ പോലീസ് ഇതു വിശ്വസിച്ചിട്ടില്ല. ആരുടെയോ തിരക്കഥ അനുസരിച്ചാണ് ഇവര്‍ മൂന്നു പേരും കൃത്യമായ ഇടവേളകളില്‍ പോലീസിന്റെ പിടിയിലാകുന്നതും, പിന്നീട് അന്വേഷണം മറ്റൊരാളിലേക്കും പോകാതിരിക്കാന്‍ കൃത്യമായ മൊഴികള്‍ നല്‍കുന്നതെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. നിഖില്‍ തോമസിനെതിരെ എംഎസ്എം കോളേജ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു കേസ് മാത്രമെ പോലീസ് എടുത്തിട്ടുള്ളു അതിനാല്‍ അതിന് അനുസരിച്ച മൊഴികളാണ് പ്രതികള്‍ നല്‍കുന്നത്. പോലീസിലും പ്രതികളിലും ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് സംശയം ബലപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: