ആലത്തൂര്‍: വിദ്യാര്‍ഥികള്‍ക്കുള്ള പാല് വിതരണത്തില്‍ ക്രമക്കേട് നടത്തി സിപിഎം നേതാവായ അധ്യാപകന്. കാവശ്ശേരി അക്കര നൂര്ജഹാന് മെമ്മോറിയല്‍ യുപി സ്കൂളിലാണ് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള പാല് വിതരണത്തില്‍ ക്രമക്കേട് നടന്നത്. സിപിഎം കാവശ്ശേരി ലോക്കല്‍ കമ്മിറ്റിയംഗവും അധ്യാപകനുമായ കെ.പി. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ക്രമക്കേട് നടത്തിയത്. രക്ഷിതാവിന്റെ പരാതിയില്‍ പണം തിരിച്ചുപിടിക്കാനും അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാനും ആലത്തൂര്‍ എഇഒ പി.ജയന്തി നിര്‍ദ്ദേശം നല്കി.
ജനുവരി അവസാനവാരം ചേര്‍ന്ന സ്കൂള്‍ പിടിഎ ജനറല്‍ബോഡി യോഗത്തിലാണ് രണ്ട് വിദ്യാര്‍ഥികളുടെ രക്ഷിതാവായ മൊയ്തീന് കുട്ടി പരാതി ഉന്നയിച്ചത്. യഥാസമയം പിടിഎ യോഗം ചേരാത്തതും, കുട്ടികളുടെ പഠനത്തിലെ പിന്നോക്കാവസ്ഥയും, ഉച്ചഭക്ഷണ പദ്ധതിയിലെ ക്രമക്കേടും സംബന്ധിച്ച് മൊയതീന്‍കുട്ടി പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന്, മാര്‍ച്ച് അവസാനത്തില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍ സ്കൂള്‍ മാനേജരും പ്രധാനാധ്യാപികയും ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകനും പിടിഎ ഭാരവാഹികളും പരാതിക്കാരനും ചേര്‍ന്ന് വിഷയം ചര്‍ച്ചചെയ്യുകയും ഉച്ചഭക്ഷണ പദ്ധതിയുടെ രേഖകള്‍ പരിശോധിക്കാനും തീരുമാനിച്ചു.
ചാലുംപുള്ളി സൊസൈറ്റിക്ക് പുറമേ സമീപത്തെ കടകളില്‍ നിന്നും വീടുകളില്‍ നിന്നും പാല് വാങ്ങാറുണ്ടെന്നായിരുന്നു പ്രധാനാധ്യാപികയുടെ വാദം. എന്നാല്‍, മുഴുവന്‍ പാലിന്റെയും ബില്ല് സൊസൈറ്റിയുടെ പേരില്‍ സമര്‍പ്പിച്ചാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്.
പൊരുത്തക്കേട് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തതായി വിലയിരുത്തി. 2022 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ സ്കൂളില്‍ വിതരണം ചെയ്ത പാലിന്റെ അളവ് സൊസൈറ്റിയില്‍ നിന്നും ലഭ്യമാക്കണമെന്നും, സര്‍ക്കാരിന് നഷ്ടമായ പണം പ്രധാനാധ്യാപിക ജയന്തിയില്‍ നിന്നും, ഉച്ചഭക്ഷണ ചുമതലയുള്ള അധ്യാപകനായ കെ.പി.
ബാലകൃഷ്ണനില്‍ നിന്നും ഈടാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. മാത്രമല്ല, വ്യാജമായി ബില്ലുകള്‍ ഉണ്ടാക്കിയ പ്രധാനാധ്യാപികക്കെതിരെ സ്കൂള്‍ മാനേജര്‍ അച്ചടക്ക നടപടിയെടുക്കണമെന്നും ആലത്തൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ നിര്‍ദ്ദേശം നല്കി.
ഇന്ന് ചേരുന്ന സിപിഎം കാവശ്ശേരി ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാകും
ആലത്തൂര്‍: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് പാല് വിതരണം ചെയ്തതില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവം ഇന്ന് ചേരുന്ന സിപിഎം കാവശ്ശേരി ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയാകും. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറിയും കെഎസ്ടിഎയുടെ മുന്‍ ഉപജില്ല ജോയിന്റ് സെക്രട്ടറി കൂടിയാണ് തട്ടിപ്പിന് നേതൃത്വം നല്കിയ കെ.പി.ബാലകൃഷ്ണന്.
വടകര സ്വദേശിയായ ഇദ്ദേഹത്തിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്‍പ്പടെ ഒഴിവാക്കാനാണ് സാധ്യത. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം വി.ചെന്താമരാക്ഷനാണ് ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നത്.
മാനേജര്‍ക്കെതിരെയും പരാതികള്‍;ഹെഡ്മിസ്ട്രസ് നിയമനം യോഗ്യതയുള്ള അധ്യാപികയെ മറികടന്നെന്ന്
ആലത്തൂര്‍: കാവശ്ശേരി അക്കര നൂര്ജഹാന് മെമ്മോറിയല്‍ യുപി സ്കൂളിലെ മാനേജര്‍ക്കെതിരെയും പരാതികള്‍. നിലവിലെ ഹെഡ്മിസ്ട്രസ് നിയമനം യോഗ്യതയുള്ള അധ്യാപികയെ മറികടന്നെന്നാണ് ആരോപണം. മാനേജ്മെന്റിന്റെ കടുത്ത മാനസിക പീഡനത്തെ തുടര്‍ന്ന് മുന്‍ പ്രധാനാധ്യാപിക ലിസി മാത്യു വിആര്എസെടുത്ത് പോവുകയായിരുന്നു. തുടര്‍ന്ന് വന്ന ഹെഡ്മിസ്ട്രസ് ജയന്തിയും യോഗ്യതയുള്ള അധ്യാപികയെ മറികടന്നാണ് എത്തിയതെന്ന് ചൂണ്ടിക്കാട്ടി യോഗ്യതയുള്ള അധ്യാപിക വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: