പറവൂര്‍: ഓരുവെള്ള ഭീഷണിമൂലം ദുരിതമനുഭവിക്കുന്ന പുത്തന്‍വേലിക്കര പഞ്ചായത്തിലെ തുരുത്തിപ്പുറം, വെള്ളോട്ടുപുറം പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ടിന് അറുതിയാകുന്ന വെള്ളോട്ടുപുറം തീരസംരക്ഷണ പദ്ധതിക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചതിന് അവകാശവാദവുമായി സിപിഐയും കോണ്‍ഗ്രസും രംഗത്ത്.
തീരസംരക്ഷണത്തിന് സര്‍ക്കാര്‍ ഏഴ് കോടി രൂപ അനുവദിച്ച് ജൂലൈ ഏഴിന് മന്ത്രി പി. പ്രസാദ് നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അറിയിച്ച് സിപിഐയുടെ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും മഹിളാസംഘം നേതാവുമായെ ഷെറുബി സെലസ്റ്റീന, സിപിഐ പുത്തന്‍വേലിക്കര ലോക്കല്‍ കമ്മിറ്റി ആക്ടിങ് സെക്രട്ടറി വി. എസ് അജയകുമാര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനം നടത്തിയതോടെയാണ് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ ശ്രമഫലമാണ് ഏഴ് കോടി രൂപ അനുവദിച്ചതെന്ന പ്രസ്താവനയുമായി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രംഗത്ത് വന്നിട്ടുള്ളത്.
പഞ്ചായത്തിലെ കാര്‍ഷിക മേഖല ശക്തിപ്പെടുത്തുന്നതിനും വെള്ളോട്ടു പുറത്ത് ഓരുവെളളം തടഞ്ഞ് കുടിവെള്ള ക്ഷാമം അടക്കം പരിഹരിക്കുന്നതിന് 2013-ല്‍ 15 കോടി രൂപയുടെ പ്രൊജക്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച് അനുമതി വാങ്ങുകയും കണക്കന് കടവ് മുതല്‍ താഴഞ്ചിറ വരെയും മോറത്തോടും 5. 35 കോടി രൂപ ചിലവ് ചെയ്ത് ആഴം കൂട്ടിയിരുന്നു. 2018-ല്‍ പദ്ധതി പൂര്‍ത്തീകരിച്ചതായും രണ്ടാം ഘട്ട നടപടികള്‍ നിയമ തടസം മൂലം തടസപ്പെട്ടതെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു. എന്നാല്‍ 2018 ലെ പ്രളയത്തിന് ശേഷം ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ശാശ്വത പരിഹാരത്തിനായി പരിഹാരങ്ങള്‍ തുടങ്ങുകയും തുടര്‍ന്ന് സിപിഐ നേതാക്കമാരുടെ ശ്രമഫലമായിട്ടാണ് തീരസംരക്ഷണത്തിന് ഫണ്ട് അനുവദിച്ചതെന്നാണ് സിപിഐയുടെ വാദം. ഇരുവിഭാഗങ്ങളും പദ്ധതിയുടെ ഫണ്ട് അനുവദിച്ചതിന്റെ പിതൃത്വം അവകാശപ്പെട്ട് വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പദ്ധതിയെക്കുറിച്ച് പഞ്ചായത്ത് ഭരണ സമിതിയോ എല്‍ഡിഎഫോ അറിയാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐ ആക്ടിങ് ലോക്കല്‍ സെക്രട്ടറിയും വാര്‍ത്ത സമ്മേളനം നടത്തിയത് പുതിയ വിവാദത്തിനും വഴിയൊരുക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: