പൂച്ചാക്കല്‍: പെരുമ്പളം ദ്വീപില്‍ ഞായറാഴ്ച പുലര്‍ച്ചേ കായല്‍ നീന്തിക്കയറി എത്തിയ അഞ്ചു പോത്തുകളില്‍ പിടി കൊടുക്കാതെ വിലസുന്ന ഒരെണ്ണം ജനങ്ങളില്‍ ഭീതി വളര്‍ത്തുന്നു. വട്ടവയലിന് സമീപമുള്ള പാലാക്കരിയിലെ പോത്തു വളര്‍ത്തല്‍ ഫാമില്‍ നിന്നാണ് പോത്തുകള്‍ കായല്‍ നീന്തി, കാളത്തോടിന് സമീപം എത്തിയത്. അഞ്ചു പോത്തുകളും കൂട്ടത്തോടെ ഇടവഴികളിലൂടെ അലയുകയായിരുന്നു. നാലു ദിവസത്തിനുള്ളില്‍ നാല് പോത്തുകളെ പിടിച്ചു കെട്ടിയെങ്കിലും, ഭീമാകാരനായ ഒരെണ്ണം ഇന്നലെയും പിടി കൊടുക്കാതെ അലയുന്നത് കുട്ടികളിലും സ്ത്രീകളിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
ബുധനാഴ്ച പെരുമ്പളം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കോമ്പൗണ്ടില്‍ ഓടിക്കയറിയ പോത്തിനെ പിടിച്ചു കെട്ടാന്‍ ചെന്ന തൊഴിലാളികളേയും നാട്ടുകാരേയും വെട്ടിച്ച് കുതറി വടക്ക് ഭാഗത്തേക്ക് ഓടി. സ്കൂള്‍ അവധിയായിരുന്നത് കൊണ്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് പെരുമ്പളം ജയകുമാര്‍ പറഞ്ഞു. 5, 6, 9, 11, 12 എന്നീ വാര്‍ഡുകളിലാണ് കൂടുതലായും കാണപ്പെടുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വഴിയാത്രക്കാരും ഇരുചക്ര വാഹനയാത്രികരും പലപ്പോഴും ഇവയുടെ മുന്നില്‍പ്പെടുന്നുണ്ട്.
ഫാമില്‍ പോത്തുകളെ നോക്കാന്‍ നില്ക്കുന്ന മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ദ്വീപിലെത്തി പോത്തിനെ പിടികൂടാന്‍ ശ്രമം തുടരുകയാണ്. അരയുകുളങ്ങര ഭാഗത്ത് വച്ച് കൂട്ടം തെറ്റി വിരണ്ടോടിയ പോത്ത് പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിയെ ഓടിച്ചു. കുട്ടി സ്ക്കൂള് മതിലില്‍ കയറി രക്ഷപെടുകയായിരുന്നു. പോത്തിനെ എത്രയും വേഗം പിടികൂടി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിനേയും ഫയര്‍ & റസ്ക്യൂ വിഭാഗത്തേയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.വി. ആശ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: