തിരുവനന്തപുരം : ഏകീകൃത സിവില്‍ കോഡ് ഭരണഘടനയ്ക്കെതിരെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. ഇത് മൗലികവകാശമായ ആര്‍ട്ടിക്കിള്‍ 25 ന്റെ നിഷേധമാണെന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും ഇമാം ആവശ്യപ്പെട്ടു.
നിയമത്തിനോടുള്ള ഇസ്ലാം വിശ്വാസികളുടെ വിയോജിപ്പ് അവരുടെ വിശ്വാസത്തിന്റെ താത്പര്യം കൂടിയാണ്. ഇത്തരത്തിലുള്ള നിയമനിര്‍മാണം ശരിയത്ത് അനുസരിച്ചുള്ള ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുന്നതിനാലാണ് ഗൗരവകരമായി എതിര്‍ക്കേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒന്നു മാത്രമാണ് പൊതുവ്യക്തിനിയമം. മൗലികാവകലാശങ്ങളേക്കാള്‍ മുന്‍ഗണന അത് അര്‍ഹിക്കുന്നില്ല. ഏക സിവില്‍ കോഡിനെ ഒരുമിച്ച് നിന്ന് എതിര്‍ക്കണമെന്നും ഇമാം. യൂട്യൂബര്‍ തൊപ്പി സാമൂഹികമാദ്ധ്യമങ്ങളിലൂടെ സ്ത്രീകളേയും ഭക്ഷണത്തേയും അവഹേളിക്കുകയാണെന്നും ഇമാം. പുതുതലമുറ ആരെയാണ് പിന്തുടരുന്നതെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും ഇമാം പറഞ്ഞു.
കഴിഞ്ഞ ദിവസം ഏകീകൃത സിവില്‍ കോഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. ഏക സിവില്‍ കോഡിനെ ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്ലിം ലീഗും മുസ്ലിം വ്യക്തി നിയമ ബോര്‍ഡും പ്രതിപക്ഷ പാര്‍ട്ടികളും പ്രതികരിച്ചിരുന്നു. മധ്യപ്രദേശില്‍ നടന്ന പരിപാടിയിലാണ് ഏകീകൃത സിവില്‍ കോഡ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നതാണെന്നും സുപ്രീം കോടതി അത് നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോദി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: