കൊല്‍ക്കത്ത: ബംഗാളിലെ സംഘര്‍ഷബാധിത മേഖലകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അക്രമസംഭവങ്ങള്‍ സംബന്ധിച്ച് തനിക്ക് ശരിയായ വിവരങ്ങളല്ല സര്‍ക്കാര്‍ നല്‍കുന്നതെന്ന് ഗവര്‍ണര്‍ ആരോപിച്ചു. അവര്‍ ‘സംസ്കരിച്ച’ വാര്‍ത്തകളാണ് നല്‍കുന്നത്. അതുകൊണ്ട് കാര്യങ്ങള്‍ നേരിട്ട് അറിയേണ്ടത് തന്റെ ഉത്തരവാദിത്തമാണ്, ഇനിയും ഇത്തരം അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍ തുടരും, ഗവര്‍ണര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡാര്‍ജിലിങ്ങിലേക്കുള്ള യാത്രയ്ക്കിടെ സിലിഗുരി ജില്ലയിലെ നോര്‍ത്ത് ബംഗാള്‍ യൂണിവേഴ്സിറ്റി കാമ്പസിലാണ് ആനന്ദബോസ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. ”പഞ്ചായത്ത് തെരഞ്ഞെടുപ്പിനെച്ചൊല്ലി പല കേന്ദ്രങ്ങളും തിളച്ചുമറിയുന്നു. പരിക്കേറ്റവരോടും മരിച്ചവരുടെ കുടുംബാംഗങ്ങളോടും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ അവരുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് എനിക്കറിയാം,” ബോസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഡാര്‍ജിലിങ് ജില്ലയ്ക്ക് പുറമെ അക്രമ ബാധിത പ്രദേശങ്ങളായ ഉത്തര്‍ ദിനാജ്പൂര്‍, ദക്ഷിണ ദിനാജ് പൂര്, കൂച്ച് ബിഹാര്‍, മാള്‍ഡ, മുര്‍ഷിദാബാദ്, അലിപുര്‍ദുവാര്‍, ജല്‍പായ്ഗുരി എന്നിവിടങ്ങളും സന്ദര്‍ശിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ദുര്‍ബലമായ സ്ഥലങ്ങളിലെല്ലാം പോകും. ചിലയിടങ്ങളില്‍ വലിയ സംഘര്‍ഷമാണ് നടന്നത്. അക്രമത്തിന്റെ വ്യാപ് തി സ്വയം വിലയിരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പൂര്‍ണമായ വിവരങ്ങള്‍ ലഭിക്കാന്‍ അതാണ് വഴി, ഗവര്‍ണര്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതുപോലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായി നടത്തുമോ എന്ന ചോദ്യത്തിന്, ”അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളയാളാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറെന്ന് ബോസ് മറുപടി പറഞ്ഞു.
അതേസമയം, ഗവര്‍ണറുടെ സന്ദര്‍ശനത്തിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ഗവര്‍ണറുടെ നടപടികള്‍ പക്ഷപാതപരമാണെന്ന് ടിഎംസി സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ് പ്രകാശ് മജുംദാര്‍ പറഞ്ഞു. അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ളവരെ മാത്രമാണ് കാണുന്നത്. ടിഎംസി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട ഇടങ്ങളിലേക്ക് പോകുന്നില്ല. അതില്‍ അദ്ദേഹത്തിന് വിഷമമില്ല. ബിജെപി സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ പര്യടനങ്ങള്‍, മജുംദാര്‍ ആരോപിച്ചു.
നോര്‍ത്ത് ബംഗാള്‍ സര്‍വകലാശാലയില്‍ ഗവര്‍ണറെ തൃണമൂല്‍ ഛത്ര പരിഷത്ത് അംഗങ്ങള്‍ കരിങ്കൊടി കാണിച്ചു. ബിജെപി ഏജന്റായി പ്രവര്‍ത്തിച്ചാല്‍ കരിങ്കൊടി പ്രതിഷേധങ്ങള്‍ ഗവര്‍ണര്‍ നേരിടേണ്ടിവരുമെന്ന് ടിഎംസി സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പറഞ്ഞു. അതേസമയം ഗവര്‍ണറെ കരിങ്കൊടി കാണിക്കുന്നത് സംസ്ഥാനത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ പറഞ്ഞു. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വേണ്ടത് ഉറങ്ങുന്ന ഗവര്‍ണറെയാണ്, അവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കും, എന്നാല്‍ ഈ ഗവര്‍ണര്‍ക്ക് മമതയെയും അവരുടെ പാര്‍ട്ടിയെയും ഭയമില്ല എന്നതാണ് സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: