തിരുവനന്തപുരം : ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ നല്കിയ പരാതിയില്‍ എഡിജിപി അന്വേഷിക്കും. സിപിഎമ്മിന്റെ ഉന്നത നേതാവ് ദേശാഭിമാനി ഓഫീസില്‍നിന്നും കൈതോലപ്പായയില്‍ പണം കടത്തിയെന്നായിരുന്നു ശക്തിധരന്റെ വെളിപ്പെടുത്തല്‍. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവും ചാലക്കുടി എംപിയുമായ ബെന്നി ബഹന്നാനാണ് പരാതി നല്‍കിയത്.
മോന്സന് മാവുങ്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് കൈതോലപ്പായയില്‍ പണം കടത്തിയതായി മുഖ്യമന്ത്രിക്കെതിരെ പുതിയ വിവാദം തലപൊക്കുന്നത്. സിപിഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ‘ദേശാഭിമാനി’ ഓഫിസില്‍ രണ്ട് ദിവസം ചെലവഴിച്ച് സമ്പന്നരില്‍നിന്ന് പണം കൈപ്പറ്റി. അതില്‍ രണ്ട് കോടിയിലധികം തുക എണ്ണിത്തിട്ടപ്പെടുത്തുന്നതിനു താന്‍ സാക്ഷിയാണ്. ശേഷം ആ പണം കൈതോലപ്പായയില്‍ പൊതിഞ്ഞ് ഇന്നോവ കാറില്‍ തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. ഇപ്പോഴത്തെ ഒരു മന്ത്രിയും ആ കാറില്‍ ഉണ്ടായിരുന്നെന്നുമാണ് ശക്തിധരന്റെ വെളിപ്പെടുത്തല്‍.
കൂടാതെ കേരളത്തിലെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ഉന്നത ലോബി പ്രവര്‍ത്തിക്കുന്നതായി ലീഡ് എന്ന ഓണ്‍ലൈനില്‍ വാര്‍ത്തയും പുരത്തുവന്നിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇത്തരത്തില്‍ ഇടപാടുകള്‍ നടക്കുന്നതെന്നായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്. അതിനിടയിലാണ് ദേശാഭിമാനിയുടെ മുന്‍ ജീവനക്കാരന്റേയും വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിമര്‍ശങ്ങള്‍ ഉയരുകയും. കോണ്‍ഗ്രസ് ഇതേറ്റുപിടിക്കുകയും ചെയ്തതോടെയാണ് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്കാണ് അന്വേഷണച്ചുമതല. അതേസമയം കേസ് എഡിജിപിയെ ഏല്‍പ്പിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: