കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട് പ്രമുഖ സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് അനുകൂലമായ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയില്‍ നീതിയല്ല, അതിന്റെ നിഷേധമാണുള്ളതെന്ന് വലിയ നിയമപരിജ്ഞാനമൊന്നുമില്ലാത്തവര്ക്കുപോലും മനസ്സിലാവും. യുജിസി മാനദണ്ഡപ്രകാരമുള്ള മതിയായ അധ്യാപന പരിചയമില്ലെന്നും, ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും കണ്ടെത്തി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അസോസിയേറ്റ് പ്രൊഫസര്സ്ഥാനത്ത് നിയമിക്കപ്പെടാന്‍ പ്രിയ അയോഗ്യയാണെന്ന് വിധിച്ചിരുന്നു. അവധിയെടുക്കാതെയുള്ള ഗവേഷണകാലം സര്‍വീസായി കണക്കാക്കാനാവില്ലെന്ന് കോടതി പറയുകയുണ്ടായി. ഡെപ്യൂട്ടേഷനിലെ പ്രവര്‍ത്തനങ്ങളും അധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുള്ള പ്രിയ വര്‍ഗീസിന്റെ വാദം ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് തള്ളിക്കളഞ്ഞിരുന്നു. യുജിസി ചട്ടം ലംഘിച്ചുള്ള നിയമനമാണെന്ന് കാണിച്ച് ചങ്ങനാശ്ശേരി എസ്ബി കോളജിലെ മലയാളവിഭാഗം മേധാവി ജോസഫ് സ്കറിയ നല്കിയ ഹര്‍ജിയിലാണ് പ്രിയയ്ക്കും സര്‍ക്കാരിനും എതിരായ വിധിയുണ്ടായത്. ഇതിനെതിരെ വലിയ കോലാഹലമാണ് സിപിഎമ്മുമായി ബന്ധപ്പെട്ടവരും പ്രിയ വര്ഗീസിനുതന്നെയും സമൂഹമാധ്യമങ്ങളില്‍ ഉണ്ടാക്കിയത്. കോടതിയലക്ഷ്യമാവുമെന്ന് കരുതി പ്രിയയ്ക്ക് സ്വന്തം പരാമര്‍ശം പിന്‍വലിക്കേണ്ടിവന്നിരുന്നു.
നിയമനത്തിന് ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നും, അതുകൊണ്ടുതന്നെ പ്രിയ വര്‍ഗീസിന് നിയമനത്തിനുവേണ്ട മതിയായ യോഗ്യതയില്ലെന്നുമുള്ള സത്യവാങ്മൂലം യുജിസി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. രാജ്യത്തെ നിയമം ഇതാണെന്നിരിക്കെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷന് ബെഞ്ച് പ്രിയയ്ക്ക് അനുകൂലമായി വിധി പറഞ്ഞത് എന്നു വ്യക്തമല്ല. നിയമം നിര്‍മിക്കാനുള്ള അധികാരമല്ല, അത് വ്യാഖ്യാനിക്കാനുള്ള അധികാരം മാത്രമാണ് കോടതിക്കുള്ളത്. ഇക്കാര്യം വിസ്മരിക്കുകയാണ് ഡിവിഷന് ബെഞ്ച് ചെയ്തിരിക്കുന്നതെന്ന ധാരണ ശക്തിപ്പെട്ടിരിക്കുകയാണ്. ഗവേഷണം അധ്യാപനത്തോടൊപ്പം നടത്തിയാല്‍ മാത്രമേ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള പരിചയമായി കണക്കാക്കാനാവൂ എന്ന് യുജിസി അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഡിവിഷന് ബെഞ്ച് ഇത് കണക്കിലെടുക്കാതിരുന്നത് അതിശയകരമാണ്. കേസിന്റെ മെരിറ്റുമായി ബന്ധമില്ലാത്ത, ഹര്‍ജിക്കാരിയുടെ സ്വകാര്യതയെക്കുറിച്ചും അഭിമാനത്തെക്കുറിച്ചുമൊക്കെ ഡിവിഷന് ബെഞ്ച് വിധിയില്‍ ധാര്‍മികരോഷം കൊള്ളുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. സിപിഎമ്മും മുഖ്യമന്ത്രിയുമായുള്ള അടുപ്പംകൊണ്ടാണ് റിസര്‍ച്ച് സ്കോറില്‍ അവസാനത്തെയാളായിരുന്ന പ്രിയ വര്‍ഗീസിനെ ഇന്റര്‍വ്യൂവില്‍ ഒന്നാംസ്ഥാനക്കാരിയാക്കിയതെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ അറിയുന്ന കാര്യമാണ്. കോടതിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പരിഗണന ഉണ്ടാകേണ്ടതുണ്ടോ? ഉണ്ടാകാന്‍ പാടുള്ളതല്ലല്ലോ.
കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ-ഭരണ അന്തരീക്ഷത്തില്‍ ഇങ്ങനെയുള്ള വിധികളുണ്ടാകുന്നത് ആശ്ചര്യപ്പെടേണ്ടതില്ലെന്നു തോന്നുന്നു. എസ്എഫ്ഐ നേതാവായിരുന്ന ഒരു യുവതി വ്യാജരേഖ ചമച്ച് ഒന്നിലധികം കോളജുകളില്‍ അധ്യാപകജോലിയെടുത്തു എന്ന കേസും സമാനസ്വഭാവമുള്ളതാണ്. ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചുമത്തിയാണ് ഈ കേസിലെ പ്രതി കെ. വിദ്യയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. എന്നിട്ടും യാതൊരു ബുദ്ധിമുട്ടുമില്ലാതെ ജാമ്യം ലഭിച്ചിരിക്കുന്നു. തട്ടിപ്പ് വെളിപ്പെട്ടതിനെത്തുടര്‍ന്ന് എഴുതി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ഈ യുവതിയെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷിച്ചുനിര്‍ത്തിയത്. ഇവര്‍ ഒളിവിലാണെന്നും എവിടെയാണെന്നറിയില്ലെന്നും ആവര്‍ത്തിച്ചുകൊണ്ട് രണ്ടാഴ്ചയിലേറെക്കാലമാണ് പോലീസ് അറസ്റ്റ് ചെയ്യാതിരുന്നത്. ഒടുവില്‍ എവിടെയോനിന്നുള്ള നിര്‍ദ്ദേശം അനുസരിച്ചെന്നോണം പിടിയിലാവുകയും, പ്രതീക്ഷിച്ചതുപോലെ ജാമ്യം ലഭിക്കുകയും ചെയ്തു. നിയമവാഴ്ച പ്രഹസനമാക്കുന്ന ഒരു രീതിയാണ് ഇവിടെ കാണുന്നത്. നീതി നടപ്പായാല്‍ പോരാ, അത് ജനങ്ങള്‍ക്ക് ബോധ്യമാവുകയും വേണമല്ലോ. പ്രിയയ്ക്കും വിദ്യയ്ക്കുമെതിരായ കേസുകളില്‍ അങ്ങനെയൊരു ബോധ്യം ജനങ്ങള്‍ക്കുണ്ടായതായി കരുതാനാവില്ല. വളരെ ആപല്‍ക്കരമായ ഒരു സ്ഥിതിവിശേഷമാണിത്. നിയമവാഴ്ചയുടെ സംരക്ഷകരാവേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ ഹൈജാക്കു ചെയ്യപ്പെടരുത്. ജനാധിപത്യത്തിന്റെ നിലനില്‍പ്പിനുതന്നെ അത് എതിരാവും. ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ നിലവാരവും അന്തസ്സും ഇല്ലാതാക്കാനിടവരുത്തുന്ന രണ്ട് കോടതിവിധികളും അന്തിമമാവാന്‍ പാടില്ല. അതിനെതിരായ നിയമപോരാട്ടം തുടരുകതന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: