പാലക്കാട്: മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി കഴിഞ്ഞ 10 ദിവസമായി നടത്തിവരുന്ന മരുന്നു തളി വരും ദിവസങ്ങളില്‍ എല്ലാ വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കുമെന്ന് നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി. സ്മിതേഷ് അറിയിച്ചു.
ശുചീകരണ പ്രവൃത്തികള്‍ക്കായി 234 സ്ഥിരം തൊഴിലാളികളുടെയും സേവനം എല്ലാ ദിവസവും വിനിയോഗിക്കുന്നുണ്ട്.
കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ വെള്ളക്കെട്ടുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, വാര്‍ഡുകളിലെ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട സ്ഥലങ്ങള്‍, ജലനിര്‍ഗ്ഗമനം സുഗമമാക്കാന്‍ വേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍, തോടുകളിലേയും ഇടത്തോടുകളിലേയും ഓടകളിലേയും നീരൊഴുക്ക് സുഗമമാക്കല്‍, ജലജന്യ രോഗ പ്രതിരോധം തുടങ്ങിയവയ്ക്കായി 1800 ഓളം അധിക തൊഴിലാളി വിനിയോഗവും, 500 മണിക്കൂര്‍ ജെസിബി, 1300 മണിക്കൂര്‍ ഹിറ്റാച്ചി എന്നിവയുടെ സേവനവും വിനിയോഗിച്ചിട്ടുണ്ട്.
മെയ് ആദ്യവാരം തന്നെ നഗരസഭ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. നിലവില്‍ പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായെങ്കിലും പദ്ധതി നിര്‍ത്തിവെച്ചിട്ടില്ലെന്നും, മഴപെയ്ത ശേഷം ഉണ്ടാവാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകള്‍ പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്ത ശേഷം മാത്രമേ പദ്ധതി അവസാനിപ്പിക്കൂവെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: