കൊച്ചി: പിതാവിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി ഇന്ന് കൊല്ലത്തെ അന്‍വാര്‍ശേരിയിലേക്ക് പോകില്ല. കഴിഞ്ഞ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മഅ്ദനി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സാഹചര്യത്തില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യത്തിലാണിത്.
മഅ്ദനിയുടെ ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് പിഡിപി നേതാക്കള്‍ നേരത്തേ അറിയിച്ചിരുന്നു. രക്തസമ്മര്‍ദ്ദം ഇന്നലത്തെ പോലെ ഉയര്‍ന്ന നിലയിലാണ്. ശാരീരിക അസ്വസ്ഥതകള്‍ മൂലം യാത്ര ചെയ്യാന്‍ കഴിയുന്ന അവസ്ഥയില്‍ അല്ലാത്തതിനാലാണ് അന്വാര്ശേരിയിലേക്കുളള യാത്ര മാറ്റിയതെന്ന് പി ഡി പി നേതാക്കള്‍ അറിയിച്ചു.
ഇന്നലെ രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മഅദനിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്കി. 12 ദിവസത്തേക്കാണ് മഅ്ദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചത്.
കേരളത്തിലെത്തിയതില്‍ സന്തോഷം എന്നാണ് വിമാനത്താവളത്തില്‍ മഅദനി പ്രതികരിച്ചത്. ഇനിയും വര്‍ഷങ്ങളെടുക്കാവുന്ന അവസ്ഥയിലാണ് തനിക്കെതിരായ കേസ്. കര്‍ണാടകയിലെ ഭരണമാറ്റം വലിയ സഹായമായിട്ടില്ലെങ്കിലും ദ്രോഹമുണ്ടായിട്ടില്ല. എത്ര വലിച്ചു നീട്ടിയാലും ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാവുന്ന കേസായിരുന്നു. അത് ഇപ്പോള്‍ പതിനാലാം വര്‍ഷത്തിലേക്ക് കടക്കുന്നു.രാജ്യത്തെ നീതി സംവിധാനത്തെ പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കേരളീയ സമൂഹത്തിന്റെ പിന്തുണയിലാണ് പ്രതീക്ഷയെന്നുമാണ് കൊച്ചിയില്‍ മഅ്ദനിയുടെ പ്രതികരണം.
ബംഗളുരുവില്‍ അപാര്‍ട്ട്മെന്റില്‍ താമസിക്കുന്ന മഅ്ദനിക്ക് കേരളത്തിലെത്തുന്നതിന് നേരത്തേ കോടതി അനുമതി നല്‍കിയെങ്കിലും സുരക്ഷയ്ക്കടക്കം വന്‍ തുക ചെലവിടേണ്ടി വരുമെന്നതിനാല്‍ യാത്ര മാറ്റിവച്ചിരുന്നു. നിലവില്‍ തുകയില്‍ വലിയ കുറവ് വരുത്തിയതോടെയാണ് കേരളത്തിലെത്താന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: