പാലക്കാട്: വൈദ്യുതി ബില്ല് അടയ്ക്കാതെ ഫ്യൂസ് ഊരിയ വീട്ടിലെ മീറ്ററും വയറും അഴിക്കാന്‍ എത്തിയ ജീവനക്കാര്‍ കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞതോടെ കണക്ഷന് പുന:സ്ഥാപിച്ച് നല്കി മടങ്ങി. അകത്തേത്തറ പഞ്ചായത്തിലെ ചീക്കുഴി വനവാസി കോളനിയിലാണ് സംഭവം.
ചീക്കുഴി കോളനിയിലെ രണ്ടു കുടുംബത്തിന്റെ ഫ്യൂസ് വൈദ്യുതി കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് ഊരിയിരുന്നു. മാസങ്ങളായി വൈദ്യുതി കുടിശ്ശിക വരുത്തിയ വീട്ടിലെ കണക്ഷനുകള്‍ സ്ഥിരമായി വിഛേദിച്ച് മീറ്ററും വയറും എടുക്കാന്‍ വേണ്ടി എത്തിയ ഉദ്യോഗസ്ഥരാണ് കാട്ടില്‍ വന്യമൃഗങ്ങളോട് മല്ലടിച്ച് വൈദ്യുതി ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന കുടുംബങ്ങളുടെ ദയനീയ അവസ്ഥ അസി. എന്‍ജിനീയര്‍ കെ.എം. രാജേഷിനെ അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ജീവനക്കാരുടെ കൂട്ടായ്മ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളച്ചിയുടെയും മാധവന്റെയും കുടിശ്ശിക തീര്‍ത്ത് വീണ്ടും വെളിച്ചം നല്‍കുകയായിരുന്നു.
കെഎസ്ഇബി ഒലവക്കോട് സെക്ഷന്‍ ജീവനക്കാരുടെ കൂട്ടായ്മയില്‍ വയര്‍മാന്‍ ശേഖറിന്റെ നേതൃത്വത്തില്‍ വയറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഇഎല്‍സിബി അടക്കമുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് സൗജന്യമായി കണക്ഷന് നല്‍കിയത്. അസി. എന്‍ജിനീയര്‍ കെ.എം. രാജേഷ് സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചു. ഡെന്നീസ് സി. മാത്യു അധ്യക്ഷത വഹിച്ചു. കെ. ഗിരീഷ്കുമാര്‍, ആര്. രാജേഷ്, കെ.ബി. കണ്ണദാസ്, കെ.വി. ചെന്താമര സംസാരിച്ചു. കെ. പ്രസാദ്, സി. സുജിത്ത്, എച്ച്. ഷമീര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: