കോഴിക്കോട്: പാരഗണിലെ ബിരിയാണിയുടെ രുചിപ്പെരുമയ്ക്ക് രാജ്യാന്തര അംഗീകാരം. ട്രാവല്‍ ഓണ്‍ലൈന്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പ്രസിദ്ധീകരിച്ച 150 റസ്റ്ററന്റുകളുടെ പട്ടികയില്‍ പാരഗണ്‍ പതിനൊന്നാം സ്ഥാനം നേടി. പാരഗണ്‍ രുചിയിലെ മുഖ്യ ഇനമായ ബിരിയാണിയാണ് പട്ടികയിലുള്‍പ്പെടുത്തിയത്. ബെംഗളൂരു മാവേലി ടിഫിന്‍ റൂംസിന്റെ റവ ഇഡ്ഡലിക്ക് മുപ്പത്തി ഒമ്പതാം സ്ഥാനം ലഭിച്ചു.
2018ല്‍ ക്രൊയേഷ്യ ആസ്ഥാനമായി തുടക്കമിട്ട ടേസ്റ്റ് അറ്റ്ലസിന്റെ റാങ്കിങ്ങില്‍ മൂന്നു വര്‍ഷമായി ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താണ് പാരഗണ്‍. പി. ഗോവിന്ദനും മകന് പി.എം. വല്‍സനും 1939ലാണ് പാരഗണ്‍ ആരംഭിച്ചത്. 1985ല്‍ വത്സന്റെ മകന് സുമേഷ് ഗോവിന്ദ് ഹോട്ടല്‍ ഏറ്റെടുത്തതോടെ പാരഗണ്‍ ലോകരുചിപ്പെരുമയിലേക്ക് ഇടംപിടിച്ചു. ബെംഗളൂരു, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് മലബാറിന്റെ രുചിവൈവിധ്യം പാരഗണ്‍, സല്‍ക്കാര, എംഗ്രില്‍, ബ്രൗണ്‍ടൗണ്‍ കഫേ എന്നീ വിവിധ ബ്രാന്റുകളിലായി വ്യാപിച്ചു. 2013ല്‍ ടൈംസ് നൗ അവാര്‍ഡ്, അമേരിക്കന്‍ മാസികയായ ‘ടൈം ഔട്ടി’ന്റെ 2014ലെയും 2015ലെയും ബെസ്റ്റ് ബജറ്റ് റസ്റ്ററന്റ് ഇന്‍ ദുബായ് അവാര്‍ഡ് തുടങ്ങി വിവിധ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
വിയന്നയിലെ ‘ഫിജിമുള്ളറാ’ണ് പട്ടികയില്‍ ഒന്നാമത്. ന്യൂയോര്‍ക്കിലെ ‘കാറ്റ്സ്’, മെക്സിക്കോ സിറ്റിയിലെ ‘ലാ പോളാര്‍’, നേപ്പിള്‍സിലെ ‘പിസേറിയ’, ചാള്‍സ്റ്റണിലെ ‘ഹൈമന്‍സ് സീഫുഡ്’, പ്രാഗിലെ ‘യു ഫ്ലേക്കു’ തുടങ്ങിയ റസ്റ്റോറന്റുകളാണ് പാരഗണിനു മുന്നിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: