ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കെയ്‌റോയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുമായി കൂടിക്കാഴ്ച നടത്തി. രണ്ട മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ മേഖലാതല അന്തര്‍ദേശീയ കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമായി.
ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദി നൈലും നരേന്ദ്രമോദിക്ക് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി സമ്മാനിച്ചു.ഈജിപ്തില്‍ 26 വര്‍ഷത്തിനിടെ സന്ദര്‍ശനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി.
അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശനത്തിനെത്തിയത്. ചരിത്രപ്രധാനമായ അല്‍-ഹക്കിം പള്ളി, കെയ്റോയിലെ ഹീലിയോപോളിസ് കോമണ്‍വെല്‍ത്ത് യുദ്ധ ശ്മശാനം എന്നിവയും സന്ദര്‍ശിച്ചു. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി എല്‍-സിസി സെപ്തംബറില്‍ ഇന്ത്യയിലെത്തും. പ്രത്യേക ക്ഷണിതാവായാണ് എല്‍-സിസിയുടെ ഇന്ത്യാ സന്ദര്‍ശനം.
ഒന്നാം ലോക മഹായുദ്ധത്തില്‍ വീരചരമമടഞ്ഞ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് ഹീലിയോപോളിസ് യുദ്ധ ശ്മശാനത്തില്‍ പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. ഈജിപ്തിലും പാലസ്തീനിലുമായി ഒന്നം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച 4000 ത്തോളം ഇന്ത്യന്‍ പട്ടാളക്കാരുടെ ഭൗതികാവശിഷ്ടമാണ് ഇവിടെയുള്ളത്.
കെയ്റോയില്‍ ആയിരം വര്‍ഷം പഴക്കമുള്ള ഇമാം അല്‍-ഹക്കിം ബി അമര്‍ അല്ലാഹ് പള്ളിയാണ് മോദി സന്ദര്‍ശിച്ചത്. ഇന്ത്യയിലെ ദാവൂദി ബൊഹ്റ സമുദായത്തിന്റെ സഹായത്തോടെയാണ് ആരാധനാലയം പുനര്‍നിര്‍മിച്ചത്. പളളിക്ക് 13,560 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമാണുളളത്.
ഈജിപ്ത്, സിറിയ, ടുണീഷ്യ അടക്കം മേഖലയില്‍ ഭരണം നിര്‍വഹിച്ചിരുന്ന ഫാത്തിമിഡ് വംശത്തിന്റെ പിന്‍തലമുറക്കാരാണ് ദാവൂദി ബൊഹ്റ. ഇമാം അല്‍-ഹക്കിം ബി അമര്‍ അല്ലാഹ് പള്ളിയുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് 1970 മുതല്‍ ദാവൂദി ബൊഹ്റയാണ്. ഗുജറാത്തിലും ഈ സമുദായത്തിലുള്ളര്‍ ഉള്ളതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ഇവരുമായി അടുത്ത ബന്ധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: