ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിയ്ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന് നല്കിയ ഔദ്യോഗിക അത്താഴവിരുന്ന് സംഗീതമയമായിരുന്നു. ഈ അത്താഴ വിരുന്നില്‍ പങ്കെടുത്ത മഹീന്ദ്ര ആന്റ് മഹീന്ദ്ര എംഡി ആനന്ദ് മഹീന്ദ്ര ഈ അത്താഴവിരുന്നിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. തനിക്ക് ആ സായന്തനം ഉടനീളം രോമാഞ്ചത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ചെന്നും ആനന്ദ് മഹീന്ദ്ര പറയുന്നു.
സംഗീതത്തിന് ചുറ്റിപ്പറ്റിയാണ് ഈ അത്താഴ വിരുന്ന് വികസിച്ചത്. “വിവിധ ഭക്ഷ്യവിഭവങ്ങള്‍ക്ക് പുറമെ ഈ സായന്തനത്തിന്റെ മുഖ്യ തീം സംഗീതം തന്നെയായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ”- വാഷിംഗ്ടണില്‍ മോദിക്ക് നല്കിയ അത്താഴവിരുന്നിന്റെ ചില ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
വയലിന് ഗ്രൂപ്പിന്റെ സിംഫണിയും ശ്രദ്ധേയമായി.
ആയെ മേരെ വതന്‍ കെ ലോഗോം….എന്ന ലതാമങ്കേഷ്കര്‍ ആലപിച്ച ദേശഭക്തിഗാനം യുഎസിലെ മറീന്‍ ബാന്റ് ആലപിച്ചതിന്റെ ചിത്രവും ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരുന്നു.
പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ കാപെല്ലാ ഗ്രൂപ്പായ പെന്‍ മസാല ചില ബോളിവുഡ് ഗാനങ്ങള്‍ ആലപിച്ചതും ശ്രദ്ധേയമായി.
വയലിന് മാന്ത്രികനായ ജോഷ്വാ ബെല്ലിന്റെ സംഗീതം അതിഥികളെ അതിശയിപ്പിച്ചു.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യയും പ്രഥമ വനിതയുമായ ജില് ബൈഡനും നല്കിയ ഔദ്യോഗിക അത്താഴവിരുന്നിനെ പിന്നീട് മോദി അഭിസംബോധന ചെയ്തു. ഈ അത്താഴവിരുന്നില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 400 പേര് സംബന്ധിച്ചിരുന്നു. ഇന്ത്യയില്‍ നിന്നും റിലയന്‍സ് എംഡി മുകേഷ് അംബാനി, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നഡേല്ല, പെപ്സികോയുടെ ഇന്ദ്ര നൂയി, ആപ്പിള്‍ സിഇഒ ടിം കുക്ക് എന്നിവര്‍ അതിഥികളായി പങ്കെടുത്തിരുന്നു. യുഎസ് പ്രതിനിധികളായ റോ ഖന്ന, രാജാ കൃഷ്ണമൂര്‍ത്തി, സെറോദ സഹ സ്ഥാപകന്‍ നിഖില്‍ കാമത്ത്, പ്രമുഖ ഫാഷന്‍ ഡിസൈനര്‍ റാല്‍ഫ് ലോറന് എന്നിവരും സംബന്ധിച്ചു.
മോദിയ്ക്കുള്ള അത്താഴ വിരുന്നിലെ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മുഖ്യ ഷെഫുമാരുമായി ചേര്‍ന്ന് യുഎസ് പ്രഥമ വനിത ജില് ബൈഡന് തന്നെയാണ് ഒരുക്കിയത്. ലെമന്‍-ഡില് യോഗര്‍ട്ട് സോസ്, ക്രിസ്പ്ഡ് മില്ലറ്റ് കേക്ക്സ്, സമ്മര്‍ സ്ക്വാഷസ്, കംപ്രസ്ഡ് വാട്ടര്‍ മെലന്, ടാംഗി അവൊകാഡോ സോസ്, സ്റ്റഫ്ഡ് പോര്ടോബെല്ലോ മഷ്റൂംസ്, മറിനേറ്റഡ് മില്ലറ്റ്, ഗ്രില്‍ഡ് കോണ്‍ കെര്‍നല്‍ സാലഡ്, റോസ് ആന്റ് കാര്‍ഡമം ഇന്‍ഫ്യൂസ് സ്ട്രോബെറി ഷോര്‍ട് കേക്ക്, ക്രീമി സഫ്രന്‍ ഇന്‍ഫ്യൂസ് റിസോട്ടോ എന്നിവ വിളമ്പിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: