മനോജ് പൊന്‍കുന്നം
മൂവാറ്റുപുഴയില്‍ നിന്നും തൊടുപുഴയ്ക്കുള്ള ഹൈവേയില്‍ നാല് കിലോമീറ്ററോളം യാത്രചെയ്താല്‍ ഐതിഹ്യപ്രസിദ്ധമായ ആനിക്കാട് ഗ്രാമത്തിലെത്താം. സാക്ഷാല്‍ കാശി വിശ്വനാഥന് പത്നീ സമേതനായെത്തിയതായി വിശ്വസിച്ചു പോരുന്ന പുണ്യദേശം.
നമ്മള് മുത്തശ്ശിക്കഥയായും കീര്‍ത്തനങ്ങളിലൂടെയും കേട്ടിട്ടുള്ളൊരു കഥയുണ്ട്. രണ്ടു ബ്രാഹ്മണര്‍ കാശിക്കു പോയ കഥ. കാശി വിശ്വനാഥനെ വണങ്ങി മോക്ഷപ്രാപ്തിയാണ് അവരുടെ ലക്ഷ്യം. ഭൗതികസുഖങ്ങളും ബന്ധങ്ങളും ഉപേക്ഷിച്ചു സകലസൗകര്യങ്ങളും ത്യജിച്ചു വിശ്വനാഥ ദര്‍ശനം എന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തിയാണ് യാത്ര. യാത്രാമധ്യേ ഒരു ഗ്രാമത്തില്‍ രോഗാതുരയായ ഒരു പശു പ്രാണനുവേണ്ടി മല്ലടിക്കുന്ന കാഴ്ച അവര്‍ കാണാനിടയായി. ആ കാഴ്ച അവരില്‍ ഒരാളുടെ മനസ്സലിയിച്ചു.
പക്ഷെ രണ്ടാമത്തെ ആള്, തങ്ങളുടെ ലക്ഷ്യമാണ് പ്രധാനം, ലക്ഷ്യത്തിലേക്കുള്ള മാര്‍ഗമദ്ധ്യേ കാണുന്ന ഭൗതിക തടസ്സങ്ങളെ മനക്കരുത്തുകൊണ്ട് മറികടക്കണമെന്നും എത്രയും വേഗം ശ്രീ വിശ്വനാഥനെ ദര്‍ശിച്ചു മോക്ഷം തേടണമെന്നും അഭിപ്രായമുള്ളവനായിരുന്നു.
എന്നാല്‍ ഈ നിലയില്‍ ഗോമാതാവിനെ അവിടെ ഉപേക്ഷിച്ചു പുണ്യം തേടാന്‍ അതില്‍ ഒരാളുടെ മനസ്സ് അനുവദിച്ചില്ല. അദ്ദേഹം അതിനെ പരിചരിച്ച് അവിടെ തങ്ങിയപ്പോള്‍ മറ്റെയാള്‍ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടര്‍ന്നു.
ദിവസങ്ങളും ആഴ്ചകളും കടന്നുപോയി. പശു സാവധാനം സുഖം പ്രാപിച്ചു, ആ കാഴ്ചകണ്ടു ബ്രാഹ്മണന്റെ മനസ്സ് നിറഞ്ഞു. അത് പൂര്‍ണ്ണമായും സുഖം പ്രാപിച്ചു തുള്ളിച്ചാടി നടന്നു സ്നേഹം പ്രകടിപ്പിക്കുവാന്‍ തുടങ്ങിയപ്പോഴാണ്, ദൗത്യം പൂര്‍ത്തിയായല്ലോ എന്ന് സന്തോഷത്തിനിടയില്‍ ബ്രാഹ്മണന് തന്റെ യാത്രയുടെ ലക്ഷ്യത്തെക്കുറിച്ച് സ്മരിച്ചത്.
ഇത്രയും ദിവസം താനത് മറന്നുവെന്ന ചിന്ത അദ്ദേഹത്തെ തീര്‍ത്തും ദുഃഖിതനാക്കി. തന്റെ സുഹൃത്ത് ഉടന്‍ തന്നെ ലക്ഷ്യം കാണും എന്നും തന്റെ ചഞ്ചലമായ മനസ്സാണ് അതിന് തടസ്സമായത് എന്നുമുള്ള ചിന്തയില്‍ അദ്ദേഹം മനമുരുകി പശ്ചാത്തപിച്ചു.
പെട്ടെന്നാണ് അദ്ദേഹത്തിന് മുന്നില്‍ ഒരു ദിവ്യതേജസ്സ് പ്രത്യക്ഷപ്പെട്ടത്, പത്നീ സമേതനായി സാക്ഷാല്‍ കാശി വിശ്വനാഥന്! വിപ്രശ്രേഷ്ഠന്റെ ഹൃദയം ആഹ്ലാദത്തില്‍ ആറാടി, കണ്ണുകള്‍ ആനന്ദാശ്രുക്കളാല്‍ നിറഞ്ഞുതുളുമ്പി. നിര്‍ന്നിമേഷനായി നിന്ന ആ സാധു ബ്രാഹ്മണനോട് ഭഗവാന് അരുളിച്ചെയ്തു.
‘ഒട്ടും ദുഃഖിക്കേണ്ട, താങ്കള്‍ തേടിവന്നത് എന്നെത്തന്നെയാണ്. താങ്കളുടെ സുഹൃത്തിനു ലഭിക്കുന്നതിനു മുന്‍പ് എന്റെ ദര്‍ശനം താങ്കള്‍ക്ക് ലഭിക്കാന്‍ താങ്കള്‍ ചെയ്ത ഈ പുണ്യകര്‍മ്മം കാരണമായി. ഈ പുണ്യ പ്രവര്‍ത്തിയില്‍ ഞാന്‍ സന്തുഷ്ടനായിരിക്കുന്നു. താങ്കളുടെ പരിചരണത്തിനൊടുവില്‍ ആ ഗോവ് കാലുകുത്തി എഴുന്നേറ്റ സ്ഥലത്ത് അതിന്റെ കുളമ്പ് പതിഞ്ഞിട്ടുണ്ട്, അവിടെ നിന്നും കിനിഞ്ഞു വരുന്നത് സാക്ഷാല്‍ ഗംഗാതീര്‍ത്ഥം തന്നെയാണ്.’
ഇതാണ് ആനിക്കാടിന്റെ പുരാണ ചരിതം. വരുണനില്‍നിന്നും വീണ്ടെടുത്ത കേരളദേശം പരശുരാമന് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തുവെന്നും അങ്ങനെ ആനിക്കാട് വാസമുറപ്പിച്ച ബ്രാഹ്മണരുടെ പിന്‍തലമുറയാണ് ഇപ്പോഴവിടെ ഉള്ളതെന്നുമാണ് വിശ്വാസം.
പൂര്‍വികര്‍ ഗ്രാമത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കുമായി ഒരു യാഗം നടത്തി. യാഗത്തിനൊടുവില്‍ സാക്ഷാല്‍ മഹാദേവന് പത്നീപുത്രസമേതനായി പ്രത്യക്ഷപ്പെടുകയും നാടിന്റെ ഐശ്വര്യം സംരക്ഷിച്ചുകൊണ്ട് തന്റെ ചൈതന്യം എന്നും അവിടെ ഉണ്ടാവും എന്നറിയിക്കുകയും ചെയ്തു. ഈശ്വരന്റെ സകല ചൈതന്യവും ആവാഹിച്ചുകൊണ്ട് അവിടെ ഒരു ക്ഷേത്രമുയര്‍ന്നു. അതാണ് ഇന്നത്തെ തിരുവുംപ്ലാവില്‍ മഹാദേവ ക്ഷേത്രം. ക്ഷേത്രത്തിലെ വിഗ്രഹം സ്വയംഭൂവാണ്. ഗംഗാ തീര്‍ത്ഥം ഒഴുകുന്ന തിരുക്കുളമ്പിനോട് ചേര്‍ന്ന് ആ ബ്രാഹ്മണന്റെ ചൈതന്യം സ്ഥിതിചെയ്യുന്നതിനാല്‍ അവിടെ യോഗീശ്വര പ്രതിഷ്ഠയുമുണ്ട്.
കര്‍ക്കിടക അമാവാസിയിലും ശിവരാത്രി ദിനത്തിലും പതിനായിരങ്ങളാണ് ക്ഷേത്രത്തിലെത്തി ഗംഗാസ്നാനവും വിശ്വനാഥ ദര്‍ശനവും നടത്തുന്നത്. മോക്ഷപ്രാപ്തി നേടുന്നതിനു തുല്യമാണ് തിരുവുംപ്ലാവ് തീര്‍ത്ഥക്കരയില്‍ പിതൃതര്‍പ്പണം ചെയ്യുന്നത് എന്നാണ് വിശ്വാസം. ഇന്ന് അഭിവൃദ്ധിയുടെ കൂടുതല്‍ പടവുകള്‍ കയറുകയാണ് ക്ഷേത്രം.
സനാതന സ്കൂള്‍ ഓഫ് ലൈഫ്
ക്ഷേത്രങ്ങള്‍ കേവലം ആരാധനാ കേന്ദ്രങ്ങള്‍ മാത്രമാവരുത്, മറിച്ച് സമൂഹത്തിന്റെ ആദ്ധ്യാത്മിക സംസ്കാരിക വിദ്യാകേന്ദ്രങ്ങള്‍ കൂടിയാവണം എന്ന ലക്ഷ്യത്തോടെ ക്ഷേത്രത്തോടനുബന്ധിച്ചു സനാതന സ്കൂള്‍ ഓഫ് ലൈഫ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. ഞായറാഴ്ച തോറും അവിടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംസ്കൃതം, സനാതന ധര്‍മം, വ്യക്തിത്വവികസനം എന്നിവ ഉള്‍ക്കൊള്ളിച്ച് പ്രഗത്ഭരായ ഗുരുക്കന്മാര് ക്ലാസ്സുകള്‍ എടുക്കുന്നു.
ശിവകടാക്ഷം സമര്‍പ്പണനിധി
സാമ്പത്തിക വെല്ലുവിളി നേരിടുന്ന സാധുജനങ്ങള്‍ക്കായി ക്ഷേത്രഭാരവാഹികള്‍ ക്ഷേത്രവരുമാനത്തിന്റെ ഒരുഭാഗം ‘ശിവകടാക്ഷം’ എന്നപേരില്‍ നീക്കിവെച്ചിട്ടുണ്ട്. ചികിത്സാ നിധി, മംഗല്യ നിധി, വിദ്യാഭ്യാസ നിധി എന്നിങ്ങനെ നീക്കിവെച്ചു വര്‍ഷം തോറും അര്‍ഹരായ മൂന്നുപേര്‍ക്ക് അത് സമര്‍പ്പിക്കുന്നു.
വേദവ്യാസ റഫറല്‍ ലൈബ്രറി
ക്ഷേത്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വേദവ്യാസ ലൈബ്രറി ഭാരതീയ സംസ്കാരം, ഹൈന്ദവധര്‍മ്മം, വേദോപനിഷത്ത് എന്നിവയെക്കുറിച്ച് അറിവ് തേടുന്നവര്‍ക്ക് സഹായകമാണ്. നൂറുകണക്കിന് പുരാണ ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും ലൈബ്രറിയില്‍ ഒരുക്കിയിരിക്കുന്നു.
നക്ഷത്രവനം
ക്ഷേത്രത്തിലെ തീര്‍ത്ഥക്കരയില്‍ ഇരുപത്തിയേഴു നക്ഷത്രങ്ങളുടെയും വൃക്ഷങ്ങള്‍ നാട്ടുപരിപാലിക്കുന്നത് അസുലഭ കാഴ്ചയാണ്.
വളരെ വലിയൊരു തിരിച്ചറിവാണ് ആ ബ്രാഹ്മണശ്രേഷ്ഠന്റെ കഥ നമുക്ക് നല്‍കുന്നത്. സ്നേഹത്തിലും വലിയ ഭക്തിയില്ല, ദയയിലും വലിയ ത്യാഗമില്ല. പരിചരണത്തിലും വലിയ പൂജയില്ല, സദ്കര്‍മ്മത്തിലും വലിയ വഴിപാടില്ല. ഹൈന്ദവ ധര്‍മ്മത്തില്‍ വിശ്വസിക്കുന്ന ഓരോരുത്തരും മനസ്സിലാക്കേണ്ട വലിയ പാഠം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: