ന്യൂയോര്‍ക്ക്: മോദിയുടെ ആവശ്യപ്രകാരം ഇന്ത്യയിലെ വിദഗ്ധ തൊഴിലാളികളുടെ യുഎസിലെ ജീവിതവും തൊഴിലും സുഗമമാക്കുന്ന രീതിയില്‍ എച്ച് 1-ബി വിസ നിയമങ്ങള്‍ ലളിതമാക്കാന്‍ യുഎസ്. ഇന്ത്യയിലെ ഐടി-സാങ്കേതികവിദ്യാ മേഖലയിലെ കമ്പനികളുടെ ആവശ്യമാണ് മോദി യുഎസ് സര്‍ക്കാരില്‍ നിന്നും നേടിയെടുത്തത്. ഇതനുസരിച്ച് എച്ച് 1ബി വിസാ നിയമങ്ങള്‍ ലളിതമാക്കും.
ഇതിന്റെ ഭാഗമായി യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് ഇന്ത്യയിലെ ഒരു നിശ്ചിത എണ്ണം വിദഗ്ധതൊഴിലാളികളുടെ എച്ച്1 ബി വിസ പുതുക്കി നല്‍കും. ഒരു മാര്ഗ്ഗനിര്ദ്ദേശകപദ്ധതി എന്ന നിലയിലായിരിക്കും ഇത് നടപ്പാക്കുക. സാധാരണ എച്ച്1 ബി വിസ പുതുക്കണമെങ്കില്‍ യുഎസില്‍ നിന്നും മറ്റൊരു രാജ്യത്തേക്ക് പോയി തിരിച്ചുവരണം എന്ന വ്യവസ്ഥയുണ്ട്.
മോദിയുടെ സന്ദര്ശനഫലമായാണ് ഇന്ത്യയിലെ ഏതാനും വിദഗ്ധ തൊഴിലാളികള്‍ക്ക് ഈ സൗകര്യം ലഭിക്കുക. വൈകാതെ കൂടുതല്‍ പേര്‍ക്ക് ഇതുപോലെ എച്ച്1ബി വിസ യുഎസില്‍ തന്നെ പുതുക്കി നല്കാന് നടപടി എടുത്തേക്കുമെന്നറിയുന്നു.
ഇന്ത്യയില്‍ നിന്നുള്ള ഐടി ജീവനക്കാര്‍ ഏറ്റവുമധികം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വിസയാണ് എച്ച്1ബി വിസ. സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ പ്രത്യേക തൊഴിലുകളില്‍ വിദേശത്തൊഴിലാളികളെ ജോലിക്കെടുക്കാന്‍ യുഎസ് കമ്പനികളെ സഹായിക്കുന്ന വിസയാണ് എച്ച് 1ബി വിസ.
ഐടി-സാങ്കേതിക വിദ്യാ കമ്പനികള്‍ക്ക് നിര്‍ണ്ണായകമാണ് എച്ച് 1ബി വിസ. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള പതിനായിരക്കണക്കിന് വിദഗ്ധത്തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാന്‍ ഐടി കമ്പനികള്‍ ഉപയോഗിക്കുന്ന വിസയാണിത്. ഇപ്പോള്‍ യുഎസ് സന്ദര്‍ശനവേളയില്‍ മോദി യുഎസ് സര്‍ക്കാരില്‍ നിന്നും നേടിയെടുത്ത ഉറപ്പില്‍ എച്ച്1 ബി വിസ പുതുക്കാന്‍ കഴിയാത്ത ഒട്ടേറെപ്പേര്‍ക്ക് ഈ തീരുമാനം സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: