ആലപ്പുഴ: കഴിഞ്ഞ ആറ് മാസമായി നൂറനാട് പടനിലം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ അജ്ഞാത അശ്ലീല ഊമക്കത്ത് പ്രചരണത്തിന് വിരാമമായി. കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായി. നൂറനാട് നെടുകുളഞ്ഞിമുറിയില്‍ ശ്യാം നിവാസില്‍ ശ്യാം(36), തിരുവോണം വീട്ടില്‍ ജലജ(44) ,ചെറിയനാട് മാമ്പ്ര കാര്‍ത്തിക നിവാസില്‍ രാജേന്ദ്രന്(57) എന്നിവരാണ് നൂറനാട് പോലീസിന്റെ പിടിയിലായത്.
സംഭവം ഇങ്ങനെ- ആറു മാസങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം ഈ കേസിലെ ഒന്നാം പ്രതിയായ ശ്യാം നൂറനാട് സിഐയെ കണ്ട് തനിക്കൊരു പ്രശ്നം ഉണ്ടെന്നും അയല്‍ വീട്ടില്‍ താമസിക്കുന്ന പാലമേല്‍ മനോജിന് അശ്ലീലച്ചുവയുള്ള കത്തുകള്‍ എഴുതുന്ന സ്വഭാവം ഉണ്ടെന്നും അത് ചിലപ്പോള്‍ അയാള്‍ക്ക് വൈരാഗ്യം ഉള്ളതിനാല്‍ തന്റെ പേര് വെച്ച് അയക്കാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാല്‍ സഹായിക്കണമെന്നും പറഞ്ഞു. ഒരാഴ്ചയ്ക്കുശേഷം നൂറനാട് പഞ്ചായത്ത് പ്രസിഡന്റിന് മനോജിന്റെ പേരില്‍ അശ്ലീല കത്ത് ലഭിച്ചു. ശ്യാം തന്നെ നൂറനാട് പോലീസില്‍ പരാതി സമര്‍പ്പിക്കുകയും ചെയ്തു.
പോലീസ് മനോജിനെ ചോദ്യം ചെയ്യുകയും കൈയക്ഷരം പരിശോധിക്കുകയും ചെയ്തു. പക്ഷേ മനോജോ വീട്ടുകാരോ കത്ത് എഴുതിയതായി യാതൊരു തെളിവും ലഭിച്ചില്ല. പിന്നീട് നാട്ടിലെ പ്രമുഖര്‍ക്കും, സ്ത്രീകള്‍ക്കും, ശ്യാമിന്റെ അടുത്ത ബന്ധുക്കള്‍ക്കും ഇത്തരത്തില്‍ അശ്ലീല കത്തുകള്‍ ലഭിച്ചു. ഇതോടെ നാട്ടിലാകെ പരിഭ്രാന്തിയായി. കത്ത് കിട്ടിയ വീടുകളിലെല്ലാം സ്വസ്ഥതയും സമാധാനവും നഷ്ടപ്പെട്ട അവസ്ഥയിലായി. കഴിഞ്ഞ ആഴ്ച ശ്യാമിന്റെ ബന്ധുവായ ലതയ്ക്ക് കത്തു ലഭിച്ചു. ആ കത്ത് പോസ്റ്റ് ചെയ്തിരുന്നത് വെണ്മണി പോസ്റ്റ് ഓഫീസില്‍ നിന്നായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രാജേന്ദ്രന് കുടുങ്ങിയത്.
രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജലജയെയും ശ്യാമിനെയും അറസ്റ്റ് ചെയ്തത്. ആദ്യത്തെ മൂന്നുമാസം കത്ത് എഴുതിയിട്ടുള്ളത് ശ്യാമും ജലജയും ചേര്‍ന്നാണ് തുടര്‍ന്ന് പോലീസ് ശ്യാമിനെ സംശയിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി അടുത്ത മൂന്നുമാസം കത്ത് എഴുതിയിട്ടുള്ളത് രാജേന്ദ്രനാണ്. ജലജയ്ക്ക് രാജേന്ദ്രനും ശ്യാമുമായും അടുത്ത ബന്ധം ഉണ്ടായിരുന്നു.ഈ കത്തുകളുടെ എല്ലാം പിന്നില്‍ മനോജ് ആണ് എന്ന് തെറ്റിദ്ധരിക്കാന്‍ ശ്യാമിന്റെ സഹോദരിയെ കൊണ്ട് തെറ്റിദ്ധരിപ്പിച്ച് ഒരു പരാതി ഉണ്ടാക്കി നൂറനാട് പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.ശ്യാമിന്റെ വീട്ടുകാര്‍ക്കോ സഹോദരിക്കോ ഇത്തരത്തിലുള്ള ഒരു സ്വഭാവ വൈകൃതം പറ്റി യാതൊരു ധാരണ ഉണ്ടായിരുന്നില്ല. സിഐ ശ്രീജിത്ത് പി, എസ് ഐ നിതീഷ്, എസ് ഐ സുഭാഷ് ബാബു, എ എസ് ഐ രാജേന്ദ്രന്, സിപി ഓ മാരായ ജയേഷ്, സിനു,വിഷ്ണു, പ്രവീണ്‍, രജനി, ബിജു എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: