തൃശൂര്‍: ജീവിതം സംഗീതത്തിനായി ഉഴിഞ്ഞുവച്ച സംഗീതകുടുംബമാണ് സതീശന് നെല്ലായിയുടേത്. വയലേലകളാല്‍ സമൃദ്ധമായ വയലൂരും നാന്ദിനിപ്പുഴ കുണുങ്ങിയൊഴുകുന്ന നെല്ലായിയും ഈ സംഗീതകുടുംബത്തിന്റെ സപ്തസ്വരങ്ങള്‍ ആവോളം ആസ്വദിക്കുന്നു. നെല്ലായി കോന്നനാട്ട് വിശ്വനാഥന് നായരുടേയും മാങ്ങാറില്‍ ഗൗരിയമ്മയുടേയും മകനായി ജനിച്ച സതീശന് തബലയിലെ താളപ്പെരുക്കവുമായാണ് കലാജീവിതത്തിലേക്ക് കടന്നത്.
ഒട്ടനവധി ഗാനമേളകളിലും സംഗീതപരിപാടികളിലും തോലിട്ട വാദ്യത്തില്‍ വാദന വൈഭവമുതിര്ത്തു. തൃശൂര്‍ സി. രാജേന്ദ്രന്റെ ശിക്ഷണത്തില്‍ വയലിന് അഭ്യസിച്ചു. പിന്നീടാണ് പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ ഗാനഭൂഷണത്തിനു ചേര്‍ന്നത്. അവിടെ പ്രഗത്ഭ അധ്യാപകരായ പാലക്കാട് ആര്. സ്വാമിനാഥന്, ചെമ്പൈ വെങ്കിട്ടരാമന്, അബ്ദുള്‍ അസീസ്, സിസിലി ഓമന എന്നിവരുടെ കീഴിലായിരുന്നു പഠനവും ഉപരിപഠനവും.
കോളേജില്‍ വച്ചാണ് ബിന്ദുവിനെ പരിചയപ്പെടുന്നത്. അന്ന് കോളേജില്‍ വായ്പാട്ടില്‍ പഠനം നടത്തിയിരുന്ന ബിന്ദുവും സതീശും സംഗീതത്തോടുള്ള പ്രണയം പിന്നീട് ജീവിതത്തിലെക്കും പകര്‍ത്തി. 1992 ല്‍ വിവാഹശേഷം നെല്ലായിയില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലെ സംഗീത സ്ഥാപനങ്ങളില്‍ കാല്‍നൂറ്റാണ്ടു കാലം അധ്യാപക വേഷത്തില്‍ കലോപാസന തുടര്‍ന്നു. ആയിരങ്ങള്‍ക്കാണ് സതീശന് വയലിനിലെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. സതീശന്റെ ശിക്ഷ്യസമ്പത്ത് ഇന്ത്യക്കകത്തും പുറത്തും ഏഴാംകടലിനക്കരെയുമായി എണ്ണിയാലൊടുങ്ങാത്തതാണ്. ഇതില്‍ പലരും സംഗീതം ജീവിതോപാധിയാക്കിവരും.
കേരളത്തില്‍ ഒന്നരപ്പതിറ്റാണ്ട് കാലം സ്കൂള്‍ കലോത്സവങ്ങളില്‍ സംസ്ഥാന ജേതാക്കളായത് ഈ നെല്ലായിക്കാരന്റെ നേര് ശിഷ്യരായിരുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി നെല്ലായി കേന്ദ്രീകരിച്ച് സോപാനം സംഗീത വിദ്യാലയം നടത്തിവരുന്നു. ഇതിന്റെ കീഴിലുള്ള സംഗീതസഭയില്‍ ഇന്ത്യയിലെ മികച്ച സംഗീതജ്ഞരെത്തി സംഗീതസദസുകള്‍ സംഘടിപ്പിച്ചിരുന്നു. സംഗീതചര്‍ച്ചകളും ആസ്വാദന കളരികളും നടത്തിപ്പോന്നു. കഴിഞ്ഞ 10 വര്‍ഷത്തോളമായി തൃശൂര്‍ ജില്ലയിലെ പത്തോളം വിദ്യാലയങ്ങളില്‍ വയലിന് അഭ്യസിപ്പിക്കുന്നു. ഗ്രാമിക കുഴിക്കാട്ടുശ്ശേരി പോലുള്ള കലാകേന്ദ്രങ്ങളിലും സതീശന്റെ ശിക്ഷണത്തിലാണ് വയലിന് പരിശീലനം. സംഗീത വിദ്യാര്‍ഥികളെ പരിപോഷിപ്പിക്കുന്നതിനായി ത്യാഗരാജ പഞ്ചരത്ന കീര്‍ത്തനത്തിനായി ഇവരുടെ ഒരു ടീം തന്നെയുണ്ട്. വര്‍ഷങ്ങളായി ക്ഷേത്രോത്സവങ്ങള്‍ക്ക് ഇവരുടെ പഞ്ചരത്നം പതിവുകാഴ്ചയാണ്. നവഗ്രഹസ്തുതി ഒന്നിച്ചിരുന്ന് ആലപിക്കുന്ന സമ്പ്രദായം കേരളത്തില്‍ ആരംഭിച്ചതും ഇവരാണ്. പത്തോളം സ്ഥാപനങ്ങളില്‍ നിന്നും സതീശന്റെ സംഗീതസപര്യക്ക് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
സതീശന്റെ പത്നി ബിന്ദു വായ്പാട്ടിലാണ് അറിയപ്പെടുന്നത്. പാലക്കാട് ചന്ദ്രശേഖര വാരിയരുടേയും രാധ വാരസ്യാരുടെയും മകളായി സംഗീത കുടുംബത്തില്‍ ജനിച്ച ബിന്ദു വലിയമ്മൂമ്മയായ പാര്‍വതി വാരസ്യാരുടെ കീഴില്‍ അഷ്ടപദി അഭ്യസിച്ചാണ് തുടക്കം. ചെമ്പൈ സംഗീത കോളേജില്‍ നിന്നും ഗാന ഭൂഷണവും തുടര്‍ന്ന് മാങ്ങാട് നടേശന്, പൂങ്കുന്നം ഗോപാല ഭാഗവതര്‍ എന്നിവരുടെ കീഴില്‍ ഉപരിപഠനവും നടത്തി. നെല്ലായിയിലും പാലിയേക്കരയിലും പ്രവര്‍ത്തിച്ചിരുന്ന സോപാനത്തില്‍ ബിന്ദുവിന്റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചവര്‍ അനവധിയാണ്.
ഇരിങ്ങാലക്കുട ബി.ആര്.സിക്കു കീഴില്‍ 10 വര്‍ഷം വിവിധ വിദ്യാലയങ്ങളില്‍ സംഗീത അധ്യാപികയായിരുന്നു. സപര്യ പോലെ തുടരുന്ന സംഗീതകളരിയില് നിന്നും പാട്ട് പഠിച്ച പലരും ഇന്ന് സംഗീതരംഗത്ത് ശ്രദ്ധേയരാണ്. മക്കളായ വിഷ്ണുവും വിഘ്നേഷും യഥാക്രമം വയലിനിലും മൃദംഗത്തിലും അറിയപ്പെടുന്ന കലാകാരന്മാര്. മൂത്തമകനായ വിഷ്ണു അച്ഛനില്‍ നിന്നാണ് വയലിനിലെ പാഠങ്ങള്‍ അഭ്യസിച്ചത്. പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും മനോഹരമായി പാടാനുള്ള പാടവമുണ്ട്. സ്കൂള്‍ പഠനകാലത്ത് സംസ്ഥാനതല മത്സരങ്ങളിലും കോളേജ് തലത്തില്‍ ഡി സോണ്‍, ഇന്റര്‍ സോണ്‍ മത്സരങ്ങളിലും ഒന്നാമനായിരുന്നു.
വര്‍ഷങ്ങളായി കച്ചേരികളില്‍ സജീവമായ വിഷ്ണു ഫ്യൂഷന്‍ രംഗത്താണ് ശ്രദ്ധയൂന്നുന്നത്. ഇളയ പുത്രനായ വിഘ്നേഷ് പത്ത് വര്‍ഷം മുമ്പ് പാലക്കാട് കെ.എസ്. മഹേഷ്കുമാറിന്റെ ശിക്ഷണത്തിലാണ് മൃദംഗം പരിശീലിച്ചത്. 5 വര്‍ഷം സ്കൂള്‍ കലോത്സവത്തില്‍ സംസ്ഥാന ജേതാവായിരുന്നു. 2018 ലും 19 ലും ഇന്ത്യാ തലത്തിലുള്ള സര്‍വകലാശാല ഫെസ്റ്റില്‍ ഉപകരണസംഗീതത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്നും സ്കോളര്‍ഷിപ്പ് നേടിയിട്ടുള്ള വിഘ്നേഷിന് മൃദംഗത്തിലെ കലാപോഷിണി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കേരളത്തിലെ ഒട്ടനവധി കച്ചേരികള്‍ക്കും മറ്റുസംഗീതവിരുന്നുകള്ക്കും വിഘ്നേഷിന്റെ വിരലുകളില്‍ നിന്നുയരുന്ന മൃദംഗനാദം ആസ്വാദകര്‍ക്ക് അനുഭൂതിയാണ്.
ലോക സംഗീതദിനമായ ഇന്ന് നെല്ലായിയിലെ സോപാനത്തില്‍ വായ്പാട്ടും വയലിനും മൃദംഗവുമായി സപ്തസ്വരങ്ങളാല്‍ സദ്യയൊരുക്കാനുള്ള തീരുമാനത്തിലാണ് ഈ സംഗീതകുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: