കൊച്ചി: പ്ലസ്ടു കോഴക്കേസില്‍ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് ഹൈക്കോടതി റദ്ദാക്കി. കെ എം ഷാജിയുടെയും ഭാര്യയുടെയും പേരിലുളള സ്വത്ത് വകകള്‍ കണ്ടുകെട്ടിയതും റദ്ദാക്കിയിട്ടുണ്ട്.
നേരത്തെ കേസിലെ എഫ്ഐആറും റദ്ദുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസും റദ്ദാക്കിയ നടപടി. ഷാജിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി വി കുഞ്ഞുകൃഷ്ണന്റേതാണ് ഉത്തരവ്.
എം എല്‍ എ ആയിരുന്ന കാലത്ത് അഴീക്കോട് സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് കെഎം ഷാജി ഉള്‍പ്പെടെ 30 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കെഎം ഷാജി.
കോഴിക്കോട് ജില്ലയിലെ ചേവായൂര്‍ മാലൂര്‍കുന്നിലെ കെ എം ഷാജിയുടെ വീടിനോട് ചേര്‍ന്നുളള സ്ഥലം വാങ്ങി കളളപ്പണം വെളുപ്പിച്ചെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് കെ എം ഷാജിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് നേരത്തേ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: