ന്യൂദല്‍ഹി: നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന ഗോരഖ്പൂര്‍ ഗീതാ പ്രസിന് കേന്ദ്രസര്‍ക്കാരിന്റെ 2021ലെ ഗാന്ധി പീസ് പ്രൈസ്. ഒരു കോടി രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. അഹിംസയുടെയും ഗാന്ധിയന്‍ ആശയങ്ങളുടെയും പ്രചാരണത്തിലൂടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിവര്‍ത്തനത്തിന് സമാനതകളില്ലാത്ത സംഭാവന നല്‍കിയത് പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
1923ല്‍ സ്ഥാപിതമായ ഗീതാ പ്രസ് ലോകത്തെ ഏറ്റവും വലിയ പുസ്തക പ്രസാധക സംഘങ്ങളില്‍ ഒന്നാണ്. 16.21 കോടി ഭഗവത് ഗീതാ പതിപ്പുകളടക്കം 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങളാണ് ഗീതാ പ്രസ് പുറത്തിറക്കിയത്. വരുമാനത്തിനായി പരസ്യങ്ങളെ ആശ്രയിക്കാത്ത സ്ഥാപനം എന്ന ഖ്യാതിയും ഗീതാ പ്രസിനുണ്ട്. ഗീതാ പ്രസും അനുബന്ധസ്ഥാപനങ്ങളും സര്‍വര്‍ക്കും സ്വസ്ഥത എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പുസ്തക പ്രസാധനം നടത്തുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.
സമാധാനത്തിലും സാമൂഹിക സമരസതയിലും ഊന്നിയ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചാരണത്തിന് ഗീതാ പ്രസ് നല്കിയ സംഭാവനകളെ ജൂറി ചെയര്മാന് കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. നൂറ് വര്‍ഷമായി തുടരുന്ന സോദ്ദേശ പ്രസാധക സംരംഭത്തിന് കിട്ടിയ മഹത്തായ അംഗീകാരമാണ് ഗാന്ധി പീസ് പ്രൈസെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് 1995ല്‍ കേന്ദ്ര സര്‍ക്കാര്‍ ഗാന്ധി പീസ് പ്രൈസ് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: