ന്യൂദല്‍ഹി: കാനഡയില്‍ അറസ്റ്റിലായ മുലുന്ദ് ട്രെയിന്‍ സ്ഫോടനക്കേസിലെ മുഖ്യപ്രതി ആലുവ സ്വദേശി മുഹമ്മദ് ബഷീര്‍ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ വേണ്ടപ്പെട്ടവന്. ഐഎസ്ഐക്കു വേണ്ടി ഇന്ത്യയില്‍ പല ഓപ്പറേഷനുകളും നടത്തിയ ഇയാള്‍ വിദേശ രാജ്യങ്ങളില്‍ ഇരുന്ന് ഇന്ത്യയിലെ ഭീകരരെ നിയന്ത്രിച്ച കൊടിയ ഭീകരനാണ്. സിമി അഖിലേന്ത്യ പ്രസിഡന്റായിരുന്ന ഇയാളെ ഇന്ത്യക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങി.
എയ്റോ നോട്ടിക്കല്‍ എന്‍ജിനീയറായിരുന്ന ഇയാള്‍ അല്‍പ്പകാലം ദല്‍ഹി വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്നു. 2009ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയെപ്പറ്റിയുള്ള അന്വേഷണത്തിലാണ്, ബഷീര്‍ അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പ്പെടുന്നത്. വിദേശത്തിരുന്ന് ഇന്ത്യയിലെ ഭീകര സംഘടനകളെ ഏകോപിപ്പിച്ചിരുന്നത് ഇയാളായിരുന്നു. കേരള സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന്റെ മറവിലാണ് ഇയാള്‍ ഗള്‍ഫില്‍ പ്രവര്‍ത്തിച്ചത്. വിവരമറിഞ്ഞ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ പിടിക്കും മുന്‍പ് ഇയാള്‍ മുങ്ങി. വ്യാജ പാസ്പോര്ട്ടില് ഇയാള്‍ ഗള്‍ഫിലും പാകിസ്ഥാനിലും കാനഡയിലും വിലസുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് ലഷ്ക്കര്‍ ഇ തൊയ്ബ അടക്കമുള്ള ഭീകര സംഘടനകളിലേക്ക് ഇയാള്‍ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നു.
2001ല്‍ സിമി നിരോധിച്ച ശേഷം സംഘടനാ നേതാക്കള്‍ തമ്മില്‍ കടുത്ത ഭിന്നതയുണ്ടായി. ഭിന്നത പരിഹരിക്കാന്‍ ഇയാള്‍ ഇന്ത്യയില്‍ എത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് സഫ്ദര്‍ നഗോറയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സ്വന്തമായി ഭീകരാക്രമണ പരിപാടികളുമായി മുന്നേറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: