തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു. 17 ദിവസത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 13 പേര്. പതിനായിരത്തിലധികം പേര് ചികിത്സയില്‍. ഡെങ്കുവിനൊപ്പം എലിപ്പിനിയും സാധാരണ പനികളും പടരുന്നു. പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്.
ജൂണ്‍ ഒന്നു മുതല്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 877 പേര്‍ക്കാണ്. അതില്‍ രണ്ട് പേര് മരിച്ചു. 2081 പേര് രോഗ സംശയത്തില്‍ ചികിത്സ തേടി. അതില്‍ 11 പേരും മരിച്ചു. ഇന്നലെയും രോഗം സ്ഥിരീകരിച്ച ഒരാളും രോഗസംശയത്തില്‍ ചികിത്സയിലുള്ള ഒരാളും മരിച്ചു. ഇതോടെ മരണം 13 ആയി. ആറുമാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 2566 പേര്‍ക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അതില്‍ ഏഴുപേര്‍ മരിച്ചു. 7358 പേരാണ് രോഗസംശയത്തില്‍ ചികിത്സ തേടിയത്. അതില്‍ 17 പേര് മരിച്ചു.
ഡങ്കിക്കൊപ്പം എലിപ്പനിയും പടരുകയാണ്. ഇന്നലെ എലിപ്പനിക്ക് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആറു പേര് രോഗസംശയത്തില്‍ ചികിത്സയിലാണ്. ഈ മാസം 100 പേരാണ് രോഗ സംശത്തില്‍ ചികിത്സയ്ക്കെത്തിയത്. അതില്‍ ആറു പേര് മരിച്ചു. 65 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ മൂന്നു പേരും മരിച്ചു. ഇതോടെ എലിപ്പിനി ബാധിച്ച് 17 ദിവസത്തിനുള്ളില്‍ ഒമ്പതു പേര് മരിച്ചു. ഈ വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ എലിപ്പനിരോഗ സംശയത്തില്‍ ചികിത്സയിലിരിക്കെ 39 പേരാണ് മരിച്ചത്. 802 പേര് രോഗ സംശയത്തില്‍ ചികിത്സ തേടി. 500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതില്‍ 27 പേരുടെ മരണം എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. കൂടാതെ സാധാരണ പനിയും പടര്‍ന്നുപിടിക്കുകയാണ്. ഈമാസം മാത്രം 1,43,377 പേരാണ് ചികിത്സ തേടിയത്. ഒരാള്‍ മരിച്ചു.
ഇപ്പോഴത്തെ കാലാവസ്ഥയില്‍ ഡെങ്കിപ്പനിയും എലിപ്പനിയും കൂടുതല്‍ പടരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. രണ്ടും മൂന്നും ദിവസം ഇടവിട്ടുള്ള മഴയും വെയിലും കൊതുകുകളുടെ പ്രജനനത്തിന് അനുകൂലമാണ്. മഴ കൂടുതല്‍ ശക്തമായല്‍ എലിപ്പനി പടരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള മഴക്കാലപൂര്‍വ്വ ശുചീകരണം പാളിയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: