ചെന്നൈ: കോഴക്കേസിൽ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ തമിഴ്നാട് ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ജി സൂര്യയെ മധുര പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെയായിരുന്നു അറസ്റ്റ്. എന്നാൽ പോലീസ് നടപടിയിലേക്ക് നയിച്ച കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. മധുര എംപി സു വെങ്കിടേശിനെക്കുറിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരിലാണ് നടപടിയെന്നാണ് സൂചന.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. മലം നിറഞ്ഞ അഴുക്കുചാല്‍ വൃത്തിയാക്കാൻ ഒരു ശുചിത്വ തൊഴിലാളിയെ ഇടത് കൗൺസിലറായ വിശ്വനാഥൻ നിർബന്ധിച്ചെന്നും അലർജിയെ തുടർന്ന് തൊഴിലാളി മരിച്ചെന്നും സൂര്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വെങ്കിടേശന് സൂര്യ എഴുതിയ കത്തിൽ സംഭവത്തെ അതിരൂക്ഷമായി അപലപിച്ചിരുന്നു. ഇതാകാം അറസ്റ്റിലേക്ക് നയിച്ചതെന്ന് ബിജെപി കരുതുന്നു.
നേരത്തെ, തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിനായി അദ്ദേഹം കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം ലഭിച്ചില്ല. അദ്ദേഹത്തെ എട്ടുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. സെന്തില്‍ ബാലാജിയുടെ അറസ്റ്റ് കേന്ദ്രസര്‍ക്കാരിന്റെ പകപോക്കലാണെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പറഞ്ഞത്. ഇതിനു പിന്നാലെയാണ് ബിജെപിയുടെ സംസ്ഥാനതല നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: