തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ജപ്തി നടപടികള്‍ക്ക് തുടക്കമായി. ഇന്നലെ ജപ്തി നടപടികള്‍ക്കായി ഉദ്യോഗസ്ഥരെത്തുന്നതിന് മുമ്പായി വീട് പൂട്ടി ഒരു മുന്‍ ഡയറക്ടര്‍ സ്ഥലം വിട്ടപ്പോള്‍ കേസിലെ മുഖ്യപ്രതിയും ബാങ്ക് സെക്രട്ടറിയുമായിരുന്നയാള്‍ നടപടികള്‍ക്ക് സ്റ്റേ ഉത്തരവും വാങ്ങി. ബാങ്ക് മാനേജരായിരുന്ന ബിജു കരീമിന്റെ വസ്തുക്കള്‍ ഇന്നലെ ജപ്തി ചെയ്തു. ഉദ്യോഗസ്ഥരെത്തുമ്പോള്‍ ബിജു കരീം വീട്ടിലില്ലായിരുന്നു. മാതാപിതാക്കളാണ് വീട്ടിലുണ്ടായിരുന്നത്. കസേര, മേശ, സെറ്റി, സോഫ, കട്ടില് തുടങ്ങിയവ മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്. എടുക്കാവുന്ന വസ്തുക്കള്‍ ജപ്തി ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാഹനങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും ഇവിടെ നിന്നും മാറ്റിയിരുന്നു.
ഇതോടെ മതിയായ തുക വസൂലാക്കാന്‍ വീട് ജപ്തി ചെയ്യേണ്ടി വരുമെന്നും വീട് ഒഴിയേണ്ടി വരുമെന്നും റവന്യു സംഘം ബിജുവിന്റെ മാതാപിതാക്കളെ അറിയിച്ചു. മുന്‍ ഡയറക്ടര്‍മാരും പ്രതികളുമായ 22 പേരില്‍ നിന്നായി 125.84 കോടി ഈടാക്കുന്നതിനാണ് ജപ്തി നടപടികള്‍. മുന്‍ ഭരണസമിതിയംഗം ജോസ് ചക്രംപുള്ളിയുടെ വീട്ടിലാണ് ഉദ്യോഗസ്ഥര്‍ ആദ്യമെത്തിയത്. മാപ്രാണം സെന്ററിലെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ജോസിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ജപ്തി നടത്താനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. പിന്നീട് മുന്‍ സെക്രട്ടറിയും കേസിലെ മുഖ്യപ്രതിയുമായ സുനില്‍കുമാറിന്റെ തളിയക്കോണത്തെ വീട്ടിലെത്തി. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ജപ്തി നടപടികള്‍ തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവ് സുനില്‍കുമാര്‍ കാണിച്ചു. രണ്ട് മാസത്തേക്കാണ് സ്റ്റേ. റവന്യു സംഘം ഹൈക്കോടതിയില്‍ ബന്ധപ്പെട്ട് ഉത്തരവില്‍ വ്യക്തത വരുത്തി. മറ്റ് പ്രതികളുടെ വീടുകളിലെ ജപ്തി നടപടികള്‍ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: