ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തില്‍ 16, 17 തീയതികളില്‍ നടക്കുന്ന ഓച്ചിറക്കളിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു. എട്ടുകണ്ടം, തകിടികണ്ടം, കല്ലുകെട്ടുചിറ, പടനിലം എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളില്‍ നിന്നുള്ള കളി സംഘങ്ങളില്‍ നിന്ന് ലഭിച്ച 487 അപേക്ഷകള്‍ പ്രകാരം നാലായിരത്തില്‍ പരം കളിക്കാര്‍ ഓച്ചിറക്കളിയില്‍ പങ്കെടുക്കും. കളിസംഘങ്ങള്‍ക്ക് നല്‍കാനുള്ള യൂണിഫോം വിതരണം ഇന്നലെയും ഇന്നുമായി നടന്നു. ഓച്ചിറക്കളിക്ക് എത്തുന്ന യോദ്ധാക്കളും ഭക്തജനങ്ങള്‍ക്കുമായി ഏഴായിരം പേര്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി.
16ന് രാവിലെ 7.30ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജി.സത്യന് പതാക ഉയര്‍ത്തും. 11ന് എംഎല്‍എമാരായ സി.ആര്. മഹേഷും, യു.പ്രതിഭയും ദീപം തെളിക്കുന്നതോടെ ഓച്ചിറക്കളിക്ക് ഒരുക്കങ്ങള്‍ ആരംഭിക്കും.
തുടര്‍ന്ന് ഋഷഭവീരന്മാരുടെ അകമ്പടിയോടുകൂടി ക്ഷേത്രഭരണസമിതി ഭാരവാഹികള്‍, സ്ഥാനികള്‍, കാരായ്മ വിഭാഗക്കാര്‍, കളരി സംഘങ്ങള്‍ എന്നിവര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ എട്ടുകണ്ടം ചുറ്റിയുള്ള ഘോഷയാത്ര ആരംഭിക്കും. 1.30ന് കളിസംഘങ്ങള്‍ കരകളിക്ക് ശേഷം എട്ടുകണ്ടത്തില്‍ ഇറങ്ങി ഓച്ചിറക്കളിക്ക് തുടക്കം കുറിക്കും.
കളി സംഘങ്ങള്‍ക്ക് എ,ബി,സി വിഭാഗങ്ങളായി തിരിച്ച് ഗ്രാന്റുകള്‍ വിതരണം ചെയ്യുമെന്ന് ക്ഷേത്ര ഭരണസമിതി സെക്രട്ടറി അഡ്വ. കെ.ഗോപിനാഥന്, രക്ഷാധികാരി അഡ്വ. എം.സി. അനില്‍കുമാര്‍, ട്രഷറര്‍ വലിയഴീക്കല്‍ പ്രകാശ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: