കോഴിക്കോട്: കേരളത്തിലെ പൊലീസ് പൊളിറ്റിക്കല്‍ മാഫിയയുടെ ഭാഗമായി മാറിയിരിക്കുകയാണെന്ന് യുവകലാസാഹിതി മുന്‍ സംസ്ഥാന സെക്രട്ടറിയും ഇപ്റ്റ സംസ്ഥാന സെക്രട്ടറിയുമായ എ.പി.അഹമ്മദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമവേട്ടക്കെതിരെ ഫോറം ഫോര്‍ മീഡിയ ഫ്രീഡം സംഘടിപ്പിച്ച സംവാദസദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യജമാനന്റെ കല്‍പ്പനകള്‍ നടപ്പിലാക്കുന്ന പോലീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മനുഷ്യത്വ വിരുദ്ധവും ജനാധിപത്യവിരുദ്ധവും രാഷ്ട്ര വിരുദ്ധവുമായ നടപടികളാണെടുക്കുന്നത്. ദൈവങ്ങളേക്കാള്‍ വിലയുള്ള ചിലരുടെ പിടിയില്‍ പോലീസ് അകപ്പെട്ടിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ നിന്ന് കേരളം യജമാന ഭരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.
ജനാധിപത്യ വ്യവസ്ഥയിലെ അവസാനത്തെ പ്രതീക്ഷയാണ് നാലാംതൂണായ മാധ്യമങ്ങള്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യാനുള്ള അവസരം നിഷേധിക്കുന്ന പൗരാവകാശ ലംഘനമാണ് കേരളത്തില്‍ നടക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസില്‍ കക്ഷി ചേരാന്‍ തൊഴിലാളി സംഘടനകളും സാംസ്കാരിക പ്രവര്‍ത്തകരും തയാറാകണം.നിയമ വിരുദ്ധമായി കേസെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടികളെടുക്കാന്‍ തയ്യാറാകണം. അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന വേട്ടയാടല്‍ ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എ.സജീവന് പറഞ്ഞു. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കെതിരെ ഗൂഢാലോചന വാദം ഉയര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. സ്വതന്ത്രവും സത്യസന്ധവുമായ മാധ്യമ പ്രവര്‍ത്തനത്തിനെതിരെയുള്ള നിയമ നടപടികള്‍ ഏതെങ്കിലും ഒരു മാധ്യമ പ്രവര്‍ത്തകനെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല.
പറയാനും എഴുതാനും ഭയപ്പെടുന്ന കേരളത്തിലേക്കാണ് ഇത്തരം പ്രവണതകള്‍ നയിക്കുന്നത്. വിമര്‍ശനമില്ലാത്ത സ്തുതിഗീതങ്ങള്‍ മാത്രമുള്ള അടിയന്തരാവസ്ഥയേയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്, അദ്ദേഹം പറഞ്ഞു.കേസരി ഡപ്യൂട്ടി എഡിറ്റര്‍ സി.എം രാമചന്ദ്രന് അധ്യക്ഷത വഹിച്ചു.മാഗ് കോം ഡയരക്ടര്‍ എ.കെ.അനുരാജ് സംസാരിച്ചു.എം.ബാലകൃഷ്ണന് സ്വാഗതവും എ.എന്‍ അഭിലാഷ് നന്ദിയും പറഞ്ഞു. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ തറമ്മല്‍ ബാലകൃഷ്ണന്, എം.റിജു, ഷാബു പ്രസാദ്, അനൂപ് കുന്നത്ത്, അര്ജുന് .സി. വനജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: