കൊച്ചി : വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കി ഗസ്റ്റ് അധ്യാപികയായി നിയമനം നേടാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വിദ്യ ഹൈക്കോടതിയെ സമീപിച്ചു. കേസ് പുറത്തുവന്നതിന് പിന്നാലെ മുന്‍ എസ്എഫ്ഐ നേതാവ് കൂടിയായ വിദ്യ ഒളിവിലാണ്. പോലീസ് വിദ്യയ്ക്കായി അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
മുന്‍കൂര്‍ ജാമ്യം തേടി വിദ്യ രണ്ട് ദിവസം മുമ്പ് അപേക്ഷ നല്‍കിയതായാണ് വിവരം. വ്യാജരേഖ കേസില്‍ താന്‍ നിരപരാധിയാണെന്നും വിദ്യയുടെ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. താന്‍ ചെറുപ്പമാണ്. അറസ്റ്റ് ഭാവിയെ ബാധിക്കും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത് അഗളി പോലീസിന് കൈമാറിയ കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നീലേശ്വരം കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിയിട്ടില്ല. കേസില്‍ വിദ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കാന് സാധ്യതയുണ്ടെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അതേസമയം വിദ്യ കാലടി സര്‍വകലാശാല ഹോസ്റ്റലില്‍ ഉണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഒരാഴ്ചത്തോളമായി പോലീസിന് കണെത്താന്‍ സാധിക്കാതെ നിലവില്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്.
ശനിയാഴ്ച രാവിലെ അന്വേഷണ സംഘം വിദ്യയുടെ തൃക്കരിപ്പൂര്‍ മണിയനൊടിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. വീട് പൂട്ടിയിട്ടതിനാല്‍ അയല്‍വാസികളായ ബന്ധുക്കളില്‍നിന്ന് താക്കോല്‍ വാങ്ങിയശേഷമായിരുന്നു പോലീസ് പരിശോധന നടത്തിയത്. എന്നാല്‍ തെരച്ചിലില്‍ വ്യാജരേഖയുമായി ബന്ധപ്പെട്ട് ഒന്നും കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: