കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രധാനമായ പരിവര്‍ത്തനമാണ് രാജ്യത്ത് നടത്തുന്നതെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാല. കാര്‍ഷിക മേഖലയില്‍ വളരെയധികം പ്രാധാന്യം കൊടുക്കുന്ന മാറ്റങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. സ്വാതന്ത്ര്യം ലഭിച്ച് 2014 വരെ മത്സ്യമേഖലയ്ക്ക് അനുവദിച്ചത് 3,681 കോടി രൂപ മാത്രമാണെന്നും പര്‍ഷോത്തം രൂപാല അറിയിച്ചു. അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി മത്സ്യമേഖലയില്‍ 32,000 കോടി രൂപ നീക്കിവച്ച് 2014 മുതല്‍ പിഎംഎംഎസ്വൈ, എഫ്ഐഡിഎഫ് തുടങ്ങിയ പദ്ധതികള്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ചു. സമസ്ത മേഖലയിലും പുരോഗതിയുണ്ടാക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഭാസ്കരീയത്തില്‍ ബാംകൊയുടെ എഫ്പിഒ മാര്‍ക്കറ്റിങ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മോദി മൃഗസംരക്ഷണത്തിന്റെ ഭാഗമായി മൊബൈല്‍ ആംബുലന്‍സുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നത് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള ആദ്യ മൃഗസംരക്ഷണ സംരംഭമായിരുന്നു. കൂടാതെ മഹിളകള്‍ക്ക് പ്രസവത്തിനായി 108 ആംബുലന്‍സുകള്‍ അവതരിപ്പിച്ചു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഒരു കാര്‍ഷിക കൂട്ടായ്മയെന്ന ആശയവുമായി ഭാരത സര്‍ക്കാര്‍ മുന്നോട്ടു വന്നിരുന്നു. ഇത് കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് നല്ല വിപണിയുണ്ടാക്കി. 11 കോടി കര്‍ഷകര്‍ക്ക് ധനസഹായം നല്കിയ പദ്ധതിയും ശ്രദ്ധേയമായിരുന്നു, അദ്ദേഹം പറഞ്ഞു.
ബാംകോ പ്രസിഡന്റ് പി.ആര്. മുരളീധരന് അധ്യക്ഷനായി. സഹകാര്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ഉദയ് വാസുദേവ് ജോഷി, കയര്‍ ബോര്‍ഡ് ചെയര്മാന് കുപ്പുരാമു, സെന്‍ട്രല്‍ കയര്‍ റിസര്‍ച്ച് ഡയറ്കടര്‍ ഡോ. ഷണ്മുഖ സുന്ദരം, സീനിയര്‍ സയന്റിഫിക് ഓഫീസര്‍ ഡോ.എസ്. രാധാകൃഷ്ണന്, മലബാര്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്മാന് മുല്ലശ്ശേരി കുഞ്ഞാപ്പു, കോലാംപൂര്‍ ഡി.വൈ. പാട്ടീല്‍ കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ. പ്രതാപന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്, സ്വാഗതസംഘം ചെയര്മാന് എസ്.ജെ.ആര്. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: