കൊച്ചി: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പരീക്ഷ എഴുതാതെ ജയിച്ചുവെന്ന സംഭവം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റിലെ വനിതാ റിപ്പോര്‍ട്ടര്‍ക്കെതിരെ കേരള പൊലീസ് കേസെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ ഗൂഢാലോചനക്കേസാണ് ചുമത്തിയിരിക്കുന്നത്. കൊച്ചി സിറ്റി പൊലീസിന്റെതാണ് ഈ വിചിത്ര നടപടി. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ നല്കിയ പരാതിയിലാണ് കേസെടുത്തത്. പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് അഖില നന്ദകുമാറിനെ പ്രതിയാക്കിയത്.
മഹാരാജാസ് കോളേജിലെ പ്രിൻസിപ്പൽ വി എസ് ജോയി, ആർക്കിയോളജി വിഭാഗം മേഥാവി ഡോ. വിനോദ് കുമാർ എന്നിവരാണ് ആദ്യ രണ്ടു പ്രതികൾ. കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കെ എസ് യു മഹാരാജാസ് യൂണിറ്റ് പ്രസിഡന്റ് ഫാസിൽ എന്നിവരാണ് മൂന്നും നാലും പ്രതികൾ.
ജൂണ്‍ ആറിനാണ് മഹാരാജാസ് കോളജിലെ മുൻ എസ് എഫ് ഐ നേതാവ് വിദ്യയുടെ ജോലി കിട്ടാന്‍ വ്യാജ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസ് അന്വേഷിക്കുന്നതിനിടയിലാണ് മഹാരാജാസ് കോളെജിലെ ഒരു വിദ്യാര്‍ത്ഥി പ്രതിനിധി ഇതിനേക്കാള്‍ പ്രാധാന്യമുള്ള മറ്റൊരു കേസുണ്ടെന്ന് പറഞ്ഞ് പരീക്ഷ എഴുതാതെ ആര്‍ഷോ ജയിച്ച വിവരം പറഞ്ഞത്. ഉടനെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഇത് പ്രത്യേക വാര്‍ത്തയാക്കുകയായിരുന്നു.
എന്നാല്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് കാണിച്ച് പി എം ആർഷോ പൊലീസില്‍ പരാതി നല്കി. ഇതിന്മേലാണ് അഖില നന്ദകുമാറിനെ പ്രതിയാക്കി കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: